ഒളിഞ്ഞിരിക്കുന്ന മാലിന്യക്കൂമ്പാരം; ജനം ദുരിതത്തിൽ
text_fieldsമൊഗ്രാൽ: മാലിന്യമുക്ത നവകേരളത്തിന് നാട് തയാറെടുക്കുമ്പോൾ കുമ്പള റെയിൽവേ സ്റ്റേഷൻ-സി.എച്ച്.സി റോഡിൽ ഒളിഞ്ഞിരിപ്പുണ്ട് മാലിന്യക്കൂമ്പാരം. ഇവിടത്തെ ഓവുചാല്‍ നിറയെ മാലിന്യത്താൽ മൂടിയനിലയിലാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പാരിതോഷികവും വാട്സ്ആപ് സംവിധാനവും ഒരുക്കുമ്പോഴും വലിച്ചെറിയൽ സംസ്കാരത്തിന് ഒട്ടും അയവില്ല എന്നതിന്റെ നേർക്കാഴ്ചയാണ് കുമ്പളയിലേത്.
2025 ജനുവരി 26ന് കാസർകോടിനെ മാലിന്യമുക്തമായി പ്രഖ്യാപിക്കുമെന്ന് പറയുമ്പോഴാണ് ഇങ്ങനെയൊരു അനാസ്ഥ.
മാലിന്യസംസ്കരണത്തിന് ഒട്ടേറെ പദ്ധതികൾ നിലവിലുണ്ട്. ഹരിത കർമസേന വീടുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മാലിന്യം ശേഖരിക്കുന്നുമുണ്ട്. ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുടെ ഭാഗമായി വൻ പിഴ ഈടാക്കുന്നുമുണ്ട്. എന്നിട്ടുപോലും കുറയുന്നില്ല മാലിന്യം തള്ളൽ.കുമ്പള റെയിൽവേ സ്റ്റേഷൻ സി.എച്ച്.സി റോഡിലെ ഓവുചാല്‍ നിറയെ മാലിന്യക്കെട്ടുകളാണ്. ഇവിടെ കാടുമൂടിയതാണ് മാലിന്യം തള്ളാൻ എളുപ്പമാകുന്നത്. ഇവിടെ മഴക്കാലപൂർവ ശുചീകരണമൊന്നും നടന്നതുമില്ല. ഇപ്രാവശ്യം മഴവെള്ളം മുഴുവൻ ഒഴുകിയത് റോഡിലൂടെയാണ്. ജനവാസമേഖലകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ അധികൃതർ നടപടി കടുപ്പിക്കുമ്പോഴും ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്.
വാഹനങ്ങളിലും മറ്റും പോകുന്നവരാണ് മാലിന്യം നിരോധിത പ്ലാസ്റ്റിക് കവറുകളിലാക്കി ഓവുചാലിലേക്ക് വലിച്ചെറിയുന്നത്. സി.സി.ടി.വി സംവിധാനം ഒന്നുമില്ലാത്തതിനാൽ വലിച്ചെറിയുന്നവർക്ക് അനുഗ്രഹവുമാകുന്നു. പ്രദേശത്ത് വലിയ തോതിലുള്ള തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.