പുഴയോരത്ത് മാലിന്യം തള്ളുന്നു; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsമൊഗ്രാൽ: മൊഗ്രാൽ പുഴയോരത്ത് കണ്ടൽക്കാടുകൾക്കിടയിൽ വലിച്ചെറിയുന്ന മാലിന്യത്തിന് കുറവില്ല. രാത്രിയുടെ മറവിലാണ് പുഴയോരത്ത് പ്ലാസ്റ്റിക് മാലിന്യവും മറ്റും വലിച്ചെറിയുന്നത്. വർഷങ്ങൾക്കുമുമ്പ് അറവുശാലകളിലെയടക്കമുള്ള മാലിന്യം ദേശീയപാതയോരത്തും പുഴയിലേക്കും വലിച്ചെറിയുന്നത് നിത്യസംഭവമായിരുന്നു. സഹികെട്ട നാട്ടുകാർ മൊഗ്രാൽ ദേശീയവേദിയുടെ നേതൃത്വത്തിൽ വേറിട്ട സമരപരിപാടികൾ നടത്തി അധികൃതരുടെ കണ്ണുതുറപ്പിക്കുകയും ഒരുപരിധിവരെ മാലിന്യം വലിച്ചെറിയുന്നത് നിയന്ത്രിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇന്നിപ്പോൾ കൊപ്പളം തീരദേശ ലിങ്ക് റോഡിലൂടെയാണ് മാലിന്യം പുഴയിലേക്ക് വലിച്ചെറിയുന്നത്.
ആമഴയിഞ്ചാൻ തോട് വിഷയം വഷളായതിനുശേഷം പൊതുനിരത്തുകളിലെ മാലിന്യനിക്ഷേപത്തിനെതിരെ പടപ്പുറപ്പാടാണ് സർക്കാർ നടത്തുന്നത്. നിരോധിച്ച പ്ലാസ്റ്റിക് കാരിബാഗുകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി, മാലിന്യം പൊതുഇടങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദുചെയ്യൽ തുടങ്ങിയ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. കനാലുകളിൽ മാലിന്യം വലിച്ചെറിയുന്നത് ചിലർക്ക് വിനോദമാണെന്നും ഇവരെ വെറുതെ വിടരുതെന്നും ആമയിഴഞ്ചാൻ വിഷയത്തിൽ കോടതി നിരീക്ഷിച്ചിരുന്നു.
മണൽക്കടത്തിന് ഉപയോഗിക്കുന്ന ഫൈബർ വള്ളങ്ങളും തോണികളും പിടികൂടി പൊലീസ് തകർത്ത് പുഴയിൽതന്നെ ഉപേക്ഷിക്കുന്നതും പുഴ മലിനമാകാൻ കാരണമാകുന്നുണ്ട്. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വള്ളങ്ങളും തോണികളും ലേലംചെയ്ത് വിൽക്കുകയാണെങ്കിൽ സർക്കാറിന് വരുമാനമുണ്ടാക്കാനാവുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.പരിസരശുചീകരണവും മാലിന്യസംസ്കരണവും വേണ്ടരീതിയിൽ നടത്താത്തത് വലിയ ദുരിതമാണ് സമ്മാനിക്കുക. മാലിന്യവിഷയത്തിൽ കർശനമായ നിലപാട് സ്വീകരിക്കണമെന്നാണ് പൊതുജനാഭിപ്രായവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.