പിടിവിട്ട് ഗ്യാസ് വില; ആരുണ്ട് ചോദിക്കാൻ
text_fieldsകാസർകോട്: പാചകവാതക വില കുതിച്ചുയർന്നതോടെ പൊറുതിമുട്ടി ജനം. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ സബ്സിഡി ഒരറിയിപ്പുപോലുമില്ലാതെ നിർത്തലാക്കി. സബ്സിഡി ബാങ്ക്വഴി കിട്ടാൻ അക്കൗണ്ട് തുടങ്ങാൻ പരക്കംപാഞ്ഞതും ആധാറുമായി ബന്ധിപ്പിച്ചതുമൊക്കെ പഴങ്കഥകളായി. സബ്സിഡി ഒഴിവാക്കിയിട്ടുണ്ടോ രക്ഷ. വില ആയിരത്തിനരികെ. ചിലർ ആയിരവും വാങ്ങുന്നു.
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയാവട്ടെ എല്ലാ പരിധിയും ലംഘിച്ച് മുന്നോട്ടു തന്നെയാണ്. കോവിഡ് ഒന്നടങ്ങിയതിനെ തുടർന്ന് അൽപമൊന്ന് പച്ചപിടിച്ച ഹോട്ടൽ വ്യവസായ രംഗം വീണ്ടും തകർച്ചയിലേക്ക് പോകുമെന്ന ആശങ്കയാണ്.
വിലക്കയറ്റം കൊണ്ട് രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന വേളയിൽ എങ്ങനെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കുമെന്നാണ് സാധാരണക്കാരന്‍റെ ചോദ്യം. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനു പിന്നാലെ പാചകവാതക വിലക്കയറ്റവും അനുദിനം വർധിക്കുന്നതോടെ എത്രകണ്ട് വില കൂട്ടുമെന്നാണ് ഹോട്ടലുടമകളുടെ ചോദ്യം. രണ്ടുഭാഗത്തും ന്യായം മാത്രം.
ഈ മാസം തുടങ്ങിയിട്ടേയുള്ളൂ. അപ്പോഴേക്കും വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് 256 രൂപയാണ് ജില്ലയിൽ വർധിച്ചത്. എച്ച്.പി ഗ്യാസിന് 2265 രൂപയായി. മംഗളൂരുവിൽനിന്ന് എത്തുന്നതിനാൽ സംസ്ഥാനത്തെ മറ്റു ജില്ലകളിലേതിനേക്കാൾ അൽപം വിലകുറവാണ് കാസർകോട്ട്. കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷന്‍റെ കണക്കുപ്രകാരം 1624 ഹോട്ടലുകളാണ് ജില്ലയിലുള്ളത്. കാസർകോട് നഗരസഭയിൽ മാത്രം 114 ഹോട്ടലുകളുണ്ടെന്നാണ് കണക്ക്. കോവിഡ് കാരണം പലതും പാതിവഴിയിൽ നിർത്തി.
ബസ്- ഓട്ടോ ടാക്സി ചാർജ് പുതുക്കി ഉടൻ ഉത്തരവിറങ്ങും. സകലതിനും വില കൂടുമ്പോൾ എങ്ങനെ ജീവിതം മുന്നോട്ടുനയിക്കും. ഇതിനിടെയിലാണ് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും. ഒരു ദിവസം നീട്ടിക്കിട്ടിയാൽ വില കൂട്ടിവിൽക്കാൻ കഴിയുമെന്ന നിലക്ക് കഴിയുന്ന അപൂർവം ചില കച്ചവടക്കാരുമുണ്ട്. ഇവരെ പിടികൂടാൻ ജില്ല ഭരണകൂടം ഇടപെട്ടതാണ് നേരിയൊരാശ്വാസം.
ഹോട്ടലുടമകൾ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ ധർണ നടത്തി
കാസർകോട്: പാചകവാതകത്തിനും നിത്യോപയോഗ സാധനങ്ങള്‍ക്കുമുണ്ടായ വിലവർധനക്കെതിരെ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റാറന്റ് അസോസിയേഷന്‍ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്‍റ് അബ്ദുല്ല താജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണ പൊതുവാള്‍, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി, ജില്ല സെക്രട്ടറി കെ. നാരായണ പൂജാരി, ട്രഷറര്‍ രാജന്‍ കളക്കര, അജേഷ് നുള്ളിപ്പാടി, സത്യനാഥന്‍ ബോവിക്കാനം, ഗംഗാധരന്‍, ടി.എം. റഫീഖ്, ശ്രീധര ത്രിഭുവന്‍, ഷംസുദ്ദീന്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.
വ്യാപാരി വ്യവസായി സമിതി ധർണ
കാസർകോട്: എണ്ണ വില വർധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണയും നടത്തി. ബേക്കൽ പോസ്റ്റ് ഓഫിസ് ധർണ ജില്ല സെക്രട്ടറി രാഘവൻ വെളുത്തോളി ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി. ദിവാകരൻ അധ്യക്ഷത വഹിച്ചു. പി. വാസു സംസാരിച്ചു. ഏരിയ സെക്രട്ടറി ടി.സി. സുരേഷ് സ്വാഗതം പറഞ്ഞു.
മുന്നാട് ജില്ല പ്രസിഡന്റ് പി.കെ. ഗോപാലൻ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല ജോയൻറ് സെക്രട്ടറി ഇ. രാഘവൻ, ഇ. മോഹനൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ബി.എൻ. സുരേഷ് സ്വാഗതം പറഞ്ഞു. വിദ്യാനഗറിൽ ഏരിയ സെക്രട്ടറി കെ.എച്ച്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
റിയാസ് ചൗക്കി അധ്യക്ഷത വഹിച്ചു. പ്രകാശ് അണങ്കുർ, വിനോദ്, ദീപു എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ഹനീഫ താഷ്ക്കന്റ് സ്വാഗതം പറഞ്ഞു. കോളിച്ചാൽ ജില്ല കമ്മിറ്റിയംഗം കെ.പി. സുരേഷ് ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി.എം. ബേബി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.