ഭൗമസൂചിക പദവിക്കായി എരിക്കുളം; കളിമണ്‍ ഉൽപന്നങ്ങളുടെ ഗ്രാമം
text_fieldsകാസർകോട്: എരിക്കുളത്തെ കളിമണ്പാടത്തിനും കളിമണ്‍ ഉൽപന്നങ്ങള്ക്കും പറയാനുള്ളത് വര്‍ഷങ്ങളുടെ കഥയാണ്. ഒരു ദേശത്തെയാകെ തൊഴില്‍കൊണ്ട് അടയാളപ്പെടുത്തിയ പാരമ്പര്യം. കളിമണ്‍ ഉൽപന്നങ്ങളുടെ നിര്‍മാണത്തിലൂടെയാണ് മടിക്കൈ പഞ്ചായത്തിലെ എരിക്കുളം കേരളത്തിന് പരിചിതമാകുന്നത്.
കാലങ്ങളായി കൈമാറിവരുന്ന കുലത്തൊഴില്‍. നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കളിമണ്‍ പാടങ്ങളില്‍നിന്ന് നെല്‍കൃഷിയും പച്ചക്കറികൃഷിയും കഴിഞ്ഞ് കളിമണ്ണ് കുഴിച്ചെടുക്കും. പിന്നെ കുഴച്ച് ചക്രത്തിലിട്ട് കരവിരുതില്‍ വിരിയുന്ന വിവിധ രൂപാന്തരങ്ങള്‍. ഒരു ജനതയുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് എരിയുന്ന തീച്ചൂളയില്‍ നിന്നെടുക്കുന്ന ഉൽപന്നങ്ങള്. പതിറ്റാണ്ടുകളായി എരിക്കുളത്തെ നാനൂറോളം കുടുംബങ്ങളുടെ ഉപജീവനം നിര്‍ണയിക്കുന്നത് ഈ കളിമണ്‍ ഉൽപന്നങ്ങളാണ്.
തികഞ്ഞ അധ്വാനത്തോടെ രൂപപ്പെടുത്തിയെടുക്കുന്ന കളിമണ്‍ ഉൽപന്നങ്ങള് വരുമാനം നേടിക്കൊടുക്കുന്നതിനൊപ്പം ഇവിടുത്തെ സാംസ്കാരിക പിന്തുടര്ച്ചയുടെ പ്രതീകങ്ങൾ കൂടിയാണ്.
എരിക്കുളത്തെ കളിമണ്‍ ഉൽപന്നങ്ങള്ക്ക് ഭൗമസൂചികാ പദവി ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് നബാര്‍ഡും ജില്ല വ്യവസായ കേന്ദ്രവും. ഇതിനായി വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍, നബാര്‍ഡ് എ.ജി.എം കെ.ബി. ദിവ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എരിക്കുളത്ത് സന്ദര്‍ശനം നടത്തി കളിമണ്പാടങ്ങളും കളിമണ്‍ ഉൽപന്ന നിര്‍മാണരീതിയും പരിശോധിച്ചു. നബാര്‍ഡിന്റെ അംഗീകാരത്തിനായി റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. ഭൗമ സൂചിക പദവി നേടുന്നതിന് വിവിധ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. നബാര്‍ഡ് ആണ് സാമ്പത്തിക സഹായം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.