സ്വപ്നങ്ങൾക്ക് ചിറകുവെച്ചു; ഇനി പറന്നുയരാം
text_fieldsകാസർകോട്: തലക്കുമുകളിലൂടെ പായുന്ന വിമാനത്തിൽ കയറുമെന്ന് ഒരിക്കലും നിനക്കാത്ത ബാല്യത്തിന് നേരത്തേ കൈവന്ന ഭാഗ്യത്തിൽ മതിമറന്നാറാടുകയാണ് മുളിയാറിലെ ബാലസഭാംഗങ്ങൾ. മുളിയാര്‍ സി.ഡി.എസിലെ ഒരുകൂട്ടം ബാലസഭാംഗങ്ങള് വെറും മൂന്ന് മാസങ്ങള്‍ക്കകം ആ സ്വപ്നം സഫലമാക്കും.
അതിന് മുന്‍കൈയെടുത്തത് കുടുംബശ്രീ സി.ഡി.എസും 'ആകാശത്തൊരു കുട്ടിയാത്ര' എന്ന പേരില്‍ ബാലസഭ അംഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക പരിപാടി തന്നെ സംഘടിപ്പിക്കുകയായിരുന്നു സി.ഡി.എസ്. ഇതനുസരിച്ച് വിമാനയാത്ര ചെയ്യാന്‍ ആഗ്രഹമുള്ള ബാലസഭാംഗങ്ങളില്നിന്ന് അപേക്ഷ ക്ഷണിക്കുകയും പരീക്ഷ നടത്തി അതില്‍ വിജയികളാകുന്നവരെ യാത്രക്കായി തിരഞ്ഞെടുക്കുകയുമായിരുന്നു.
26 അപേക്ഷകളാണ് ആകെ ലഭിച്ചത്. 21 പേര് പങ്കെടുത്ത എഴുത്ത് പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആറ് കുട്ടികളെയും സംവരണ അടിസ്ഥാനത്തില്‍ അഞ്ച് കുട്ടികളെയും തിരഞ്ഞെടുത്തു. ഫെബ്രുവരി എട്ടിന് വൈകീട്ട് മൂന്നിന് കണ്ണൂരില്‍നിന്ന് തിരുവനന്തപുരം വരെയാകും വിമാനയാത്ര.
ഒമ്പതിന് സെക്രട്ടറിയറ്റ് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കുടുബശ്രീ ഇ.ഡി എന്നിവരെ കണ്ട് ബാലസഭ കുട്ടികൾ തയാറാക്കിയ പ്രവർത്തന റിപ്പോർട്ട് കൈമാറും. യാത്ര ചെലവിലേക്കുള്ള തുക പൂർണമായും സംഭാവനയായി ലഭിച്ചു.
വിമാനയാത്രയിൽ വിശ്രുത് പ്രഭാകരൻ, കെ. കൃഷ്ണേന്തു, സി.കെ.പി സനിത്ത് , വിമായ, കെ.ആർ. ശിവരാജ്, ആദിത്യ സത്യൻ, ടി. പ്രജ്വൽ, ബി. ശിവകൃഷ്ണ, വിധു വിജയ്, ഹൃഷികേഷ്, ദീക്ഷ എന്നിവരടങ്ങുന്ന 11 കുട്ടികളാണ് ഭാഗമാകുന്നത്. കൂടാതെ സി.ഡി.എസ്.
ചെയർപേഴ്സൻ കൈറുന്നിസ, അകൗണ്ടന്റ് സക്കീന, ആർ.പി. ശ്രീനേഷ് ബാവിക്കര എന്നിവരും ഭാഗമാകും. കുട്ടികൾക്കുള്ള പ്രാഥമിക പരിശീലനം ഫെബ്രുവരി നാലിന് കുടുംബശ്രീ ജില്ല മിഷൻ ഡി.എം.സി. ഇൻ ചാർജ് സി.എച്ച്. ഇക്ബാൽ നൽകിയിരുന്നു. എട്ടിന് രാവിലെ 10 മണിക്ക് മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി. മിനി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് കുടുംബശ്രീ ജില്ല മിഷൻ എ.ഡി.എം.സി പ്രകാശ് പാലായി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.