പ്ലാന്റേഷൻ ഭൂമിയിൽ ‘സർക്കാർ കൈയേറ്റം’; വിയോജിച്ച് സി.പി.ഐ
text_fieldsകാസർകോട്: പൊതുമേഖല സ്ഥാപനമായ പ്ലാന്റേഷൻ കോർപറേഷൻ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് പതിച്ചു നൽകുന്നതിനോട് വിയോജിച്ച് സി.പി.ഐ. പാർട്ടിയുടെ വകുപ്പിന് കീഴിലുള്ള പ്ലാന്റേഷൻ കോർപറേഷന്റെ ഭൂമിയിൽനിന്ന് ഇതിനകം 1248 ഏക്കർ ഭൂമിയാണ് പതിച്ചുനൽകിയത്. എന്നാൽ, പതിച്ചുനൽകിയ ഭൂമിയിൽ തീരുമാനിച്ച സ്ഥാപനങ്ങൾ ഉയരുന്നില്ല എന്നതാണ് വിയോജിപ്പിനുള്ള കാരണം. ഏറ്റവും ഒടുവിൽ നാടുകാണിയിൽ സുവോളജി പാർക്ക് സ്ഥാപിക്കാൻ പ്ലാന്റേഷനിൽനിന്ന് ആവശ്യപ്പെട്ടത് 280 ഏക്കർ ഭൂമിയാണ്. ഏറ്റെടുത്ത ഭൂമിയുടെ കാര്യത്തിൽ തീരുമാനമായതിനുശേഷം പ്ലാന്റേഷൻ ഭൂമി പതിച്ചുകൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്താൽ മതിയെന്ന് സി.പി.ഐ മന്ത്രിമാർക്ക് പാർട്ടി നിർദേശം നൽകിയിരിക്കുകയാണ്. 3000ലേറെ തൊഴിലാളികൾ ജോലി ചെയ്യുന്ന പൊതുമേഖല സ്ഥാപനമാണ് പ്ലാന്റേഷൻ കോർപറേഷൻ.
കേന്ദ്ര സർവകലാശാലക്കും ചീമേനി തുറന്ന ജയിലിനും അനുവദിച്ച ഭൂമിയിലാണ് ഇപ്പോൾ സ്ഥാപനങ്ങൾ ഉയർന്നത്. കേന്ദ്ര സർവകലാശാലക്ക് കീഴിലെ മെഡിക്കൽ കോളജിന് 50 ഏക്കർ പ്രത്യേകം പതിച്ചുനൽകിയിരുന്നു. മെഡിക്കൽ കോളജ് സ്ഥാപിക്കാൻ ആലോചനകളേ ഉണ്ടായിട്ടില്ല. ചീമേനിയിൽ ഐ.ടി പാർക്കിന് 100 ഏക്കർ അനുവദിച്ചത് കാടുമൂടി.
പഞ്ചായത്ത്, പൊലീസ് വകുപ്പുകൾക്ക് അനുവദിച്ച ഭൂമിയെല്ലാം അതുപോലെ കിടക്കുകയാണ്. 14020 ഹെക്ടർ ഭൂമിയാണ് കോർപറേഷനുള്ളത്. പൊതുമേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എ.ഐ.ടി.യുസി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിൽ ലക്ഷ്യം വെക്കുന്നത് കെ.എസ്.ആർ.ടി.സി, പ്ലാന്റേഷൻ കോർപറേഷൻ എന്നിവയായിരുന്നു. കൈമാറിയ ഭൂമിയിൽ കാര്യങ്ങൾ നടപ്പാകുന്നില്ലെന്ന് ചെയർമാൻ ഒ.പി. അബ്ദുസലാം പറഞ്ഞു. സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഭൂമി നൽകണം. നൽകിയ ഭൂമിയെല്ലാം പലയിടത്തും അതേപോലെ കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്ലാന്റേഷൻ കോർപറേഷൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.