കാസർകോട് മെഡി. കോളജ് യാഥാർഥ്യമാകുന്നത് നീളും
text_fieldsകാസർകോട്: മെഡിക്കൽ കോളജ് യാഥാർഥ്യമാകാൻ ഇനിയും സമയമെടുക്കുമെന്ന് സൂചന നൽകി ആരോഗ്യ മന്ത്രി വീണ ജോർജിന്റെ വിശദീകരണം. നിയമസഭയിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ ചോദ്യത്തിനാണ് മറുപടി. നിരവധി പ്രവൃത്തികൾ ബാക്കി നിൽക്കുന്നുവെന്നാണ് മന്ത്രിയുടെ വിശദീകരണം. കോടികണക്കിന് തുകയുടെ ആവശ്യം നിലനിൽക്കുകയാണ്.
പദ്ധതികൾക്ക് ഭരണാനുമതി മാത്രമാണ് ലഭിച്ചിരിക്കുന്നത്. യാഥാർഥ്യത്തിലെത്താൻ കോടികണക്കിന് രൂപ വേണം. 2012-ലാണ് മെഡിക്കൽ കോളജ് അനുവദിച്ചത്. ആശുപത്രി ബ്ലോക്കിന്റെ നിർമാണം, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റൽ, പെൺകുട്ടികളുടെ ഇന്റേൺസ് ഹോസ്റ്റൽ, അധ്യാപക ക്വാർട്ടേഴ്സ്, അനധ്യാപക ക്വാർട്ടേഴ്സ് എന്നിവയുടെ സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വർക്കുകൾ, റോഡ് ലാൻഡ് സ്കേപ്പിങ് വർക്കുകൾ, വനിത ഹോസ്റ്റൽ, ജീവനക്കാരുടെ ക്വാർട്ടേഴ്സ് എന്നിവയുടെ ഇലക്ട്രിക്കൽ മെക്കാനിക്കൽ വർക്കുകൾ, ആശുപത്രിക്കായുള്ള ഉപകരണങ്ങൾ, ഫർണിച്ചർ തുടങ്ങിയവയുടെ വാങ്ങൽ, ലൈബ്രറി, ഓഡിറ്റോറിയം, പ്രവേശന കവാടം എന്നിവയുടെ നിർമാണം, മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണം എന്നീ പ്രവൃത്തികളാണ് ഇനി നടക്കാനുള്ളത്. ഇവക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. കോളജിൽ ഇതുവരെ അക്കാദമിക് ബ്ലോക്ക് നിർമാണം (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ), ആശുപത്രി ബ്ലോക്ക് നിർമാണം, താമസ സൗകര്യ നിർമാണം തുടങ്ങിയ പ്രവൃത്തികൾ നടന്നിട്ടുണ്ട്. പല പ്രവൃത്തികളും ഇപ്പോഴും നടന്നു വരുന്നു. ഇതിനുവേണ്ടി വികസന പാക്കേജ്, നബാർഡ്, സംസ്ഥാന പദ്ധതി വിഹിതം എന്നിവ വഴി 47 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിന്റെ സിവിൽ, ഇലക്ട്രിക്കൽ, ഫയർ ഫൈറ്റിങ്, ഇ.എൽ.വി, വെന്റിലേഷൻ സിസ്റ്റം, പെൺകുട്ടികളുടെ ഹോസ്റ്റൽ, അധ്യാപക ക്വാർട്ടേഴ്സ് എന്നീ ജോലികൾക്കായി വികസന പാക്കേജിൽ നിന്ന് 37കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്.
ആശുപത്രി ബ്ലോക്ക് പൂർത്തിയായത് പകുതി
ആശുപത്രി ബ്ലോക്കിന്റെ 50 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയായത്. 95.08 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പ്രവൃത്തി നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമിച്ചത്. അതിൽ 58.1825 കോടി രൂപ നബാർഡ് ഷെയറും ബാക്കി 36.905 കോടി രൂപ സ്റ്റേറ്റ് ഷെയറുമാണ്. ആശുപത്രി കെട്ടിട നിർമാണത്തിനും ഫയർ ഫൈറ്റിങ്ങ് ജോലികൾക്കുമായി 53.75 കോടി രൂപ ഇനി ആവശ്യമാണ്. കാസർകോട് വികസന പാക്കേജിൽ ഉൾപെടുത്തി അക്കാദമിക് ബ്ലോക്കിന്റെ നിർമാണ പ്രവർത്തികൾക്കായി 25 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. അക്കാദമിക് ബ്ലോക്കിന്റെ ഇലക്ട്രിക്കൽ, അഗ്നിസുരക്ഷാ സംവിധാനം തുടങ്ങിയവയ്ക്കായി 5.23 കോടി രൂപയുടെഅനുമതിയും പാർപ്പിട സൗകര്യങ്ങൾ ഒരുക്കാൻ 29 കോടി രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്. നിർമാണ പ്രവൃത്തികൾക്കായി കിഫ്ബി മുഖേന 160 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. ആശുപത്രി ബ്ലോക്ക് നിർമാണത്തിന്റെ കരാർ നൽകിയിരിക്കുന്നത് മെസ്സേഴ്സ് ആർ.ആർ തുളസി ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കൺസ്ട്രക്ഷൻ കമ്പനിക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.