വികസനപാതയിൽ മുന്നേറി ഗവ. ജനറൽ ആശുപത്രി
text_fieldsകാസർകോട്: ജില്ലയിലെ പ്രധാനപ്പെട്ട ആശുപത്രികളിൽ എണ്ണംപറഞ്ഞ ഗവ. ജനറൽ ആശുപത്രി വികസനപാതയിലേക്ക്. പല പ്രതിസന്ധികളും തരണംചെയ്താണ് ഇന്ന് കാണുന്ന നിലയിൽ ജനറൽ ആശുപത്രി തലയുയർത്തി നിൽക്കുന്നത്. പുതിയ ഐ.പി ബ്ലോക്കിന്റെ സിവിൽ വർക്ക് ഏതാണ്ട് പൂർത്തിയായി.
80 ശതമാനത്തോളം പൂർത്തിയായ ഐ.പി ബ്ലോക്ക് കെട്ടിടം നബാർഡിന്റെ ഫണ്ട് വകയിരുത്തിയാണ് നിർമിച്ചത്. ഏഴു കോടിയാണ് ഈ പദ്ധതിക്ക് വകയിരുത്തിയത്. അതിനുള്ളിൽ നിർമാണം പൂർത്തിയാവാത്തതിനാൽ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി മൂന്നു കോടി കൂടി അനുവദിച്ചിരിക്കുകയാണ്. നിർമാണ പുരോഗതി വിലയിരുത്താൻ കഴിഞ്ഞദിവസം ഡെപ്യൂട്ടി കലക്ടർ സ്ഥലം സന്ദർശിക്കുകയുണ്ടായി.
ആശുപത്രിയുടെ സ്ഥലപരിമിതി ഈ കെട്ടിടം പണി പൂർത്തിയാകുന്നടെ മാറുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 1000 മുതൽ 1500വരെ രോഗികൾ വരുന്ന ആശുപത്രിയിൽ മികച്ച സൗകര്യങ്ങളാണുള്ളത്. കേരളത്തിൽ രാത്രികാല പോസ്റ്റ്മോർട്ടം നടക്കുന്ന ഏക ആശുപത്രിയാണ് കാസർകോട് ജനറൽ ആശുപത്രി. മാസം ശരാശരി 200 പ്രസവം ഇവിടെ നടക്കുന്നുണ്ട്.
കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്തുള്ള പ്രധാനകവാടം കടന്നാൽ വൃത്തിയും വെടിപ്പുമുള്ള ചുറ്റുപാടിലേക്കാണ് പ്രവേശിക്കുക. ആശുപത്രിക്ക് ചുറ്റും അകത്തും നിറയെ പൂച്ചെടികൾകൊണ്ട് അലങ്കരിച്ചിരിക്കുന്നുണ്ട്. ഇവിടെ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സമയം ചെലവഴിക്കാൻ അധികൃതർ പ്രത്യേകയിടം ഒരുക്കിയിട്ടുമുണ്ട്.
ആശുപത്രിയിൽ ട്രോമാകെയർ യൂനിറ്റും വരുന്നുണ്ട്. പഴയ കെട്ടിടത്തിന്റെയും പുതിയ കെട്ടിടത്തിന്റെയും മധ്യത്തിലായാണ് ഇതിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ സ്കെച്ച് തയ്യാറായി. ഏഴരക്കോടിയാണ് തുക കണക്കാക്കുന്നത്. എൻ.എച്ച്.എമ്മിനാണ് ഇതിന്റെ മേൽനോട്ടം.
ഇപ്പോൾ പുലിക്കുന്നിൽ പ്രവർത്തിക്കുന്ന ഒഫ്താൽമോളജി യൂനിറ്റ് പുതിയകെട്ടിടം വരുന്നതോടുകൂടി ഇവിടേക്ക് മാറും. ഇത് രോഗികൾക്ക് ഏറെ ഗുണം ചെയ്യും. എല്ലാ സൗകര്യവും ഒരുകുടക്കീഴിൽ ലഭ്യമാകും. ജനറൽ ആശുപത്രിയിലേക്ക് മാമോഗ്രാം മെഷീൻ വന്നുകഴിഞ്ഞു. ടെക്നിക്കൽ സംബന്ധമായ ചില ജോലികൾ പൂർത്തിയായിക്കഴിഞ്ഞാൽ ഇത് ജനങ്ങൾക്ക് ഉപകാരപ്രദമാവും.
നിലവിൽ സി.ടി സ്കാൻ സൗകര്യം ആശുപത്രിയിലുണ്ട്. ഐ.പി ബ്ലോക്ക് കെട്ടിടം പൂർത്തിയാവുന്നതോടെ എം.ആർ.ഐക്കുള്ള സൗകര്യവുമുണ്ടാകുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതിനുള്ള പ്രപ്പോസൽ കൊടുത്തുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.