ഇവർക്കു വേണം, ഒരു ഉർദു അധ്യാപകനെ; ഗവ. ഹിന്ദുസ്ഥാനി സ്കൂളിൽ ഉർദു അധ്യാപകനില്ലാതായിട്ട് വർഷങ്ങൾ
text_fieldsകാസർകോട്: ഒന്നാം ക്ലാസ് മുതൽ ഉർദു പഠിപ്പിക്കുന്ന സംസ്ഥാനത്തെ ഏക സ്കൂളിൽ ഉർദു അധ്യാപകൻ ഇല്ലാതായിട്ട് വർഷങ്ങൾ പിന്നിട്ടു. ഉർദു ഭാഷ സംസാരിക്കുന്ന കുട്ടികൾ കൂടിയുള്ള സ്കൂളാണ് സ്വന്തം ഭാഷയിൽ അധ്യാപകനെയും കാത്തിരിക്കുന്നത്.
ഉപ്പള കുറിച്ചിപ്പള്ള ഗവ. ഹിന്ദുസ്ഥാനി യു.പി സ്കൂളിനാണ് ഈ അവസ്ഥ. സംസ്ഥാനത്ത് ഒന്നു മുതൽ ഏഴാം ക്ലാസ് വരെ ഉർദു പഠിപ്പിക്കുന്ന ഒരേയൊരു സ്കൂളാണിത്. 17 അധ്യാപകരാണ് ഇവിടെ വേണ്ടത്. ആകെയുള്ളതാകട്ടെ ഏഴ് അധ്യാപകരും. മലയാളം, അറബി, ഉർദു വിഷയങ്ങളിലായാണ് ഒഴിവുകൾ. പ്രധാനാധ്യാപകന്റെ ഒഴിവിലും ആളില്ലാതായിട്ട് വർഷങ്ങളായി. മലയാളം, കന്നട മാധ്യമങ്ങളിലായി ഒന്നു മുതൽ ഏഴ് ക്ലാസുകളിലായി 151 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഓരോ പി.എസ്.സി ലിസ്റ്റ് വരുമ്പോഴും ആരെങ്കിലും വരുമെന്ന് നാട്ടുകാർ പ്രതീക്ഷിക്കും. പക്ഷേ, ഉള്ളവർ തന്നെ സ്ഥലംമാറിപോവുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഉർദുവിന് താൽക്കാലിക അധ്യാപകരെയും ലഭിക്കുന്നില്ല. പലതവണ മാധ്യമങ്ങളിലുടെ അറിയിപ്പ് നൽകിയിട്ടും ആളുകൾ വരുന്നില്ല. അവസാനം അയൽജില്ലയിൽനിന്നാണ് ഇപ്പോൾ ഒരാൾ എത്തിയത്.
കേരളത്തിലെ ഉർദുഗ്രാമം
കേരളത്തിലെ ഉർദു ഗ്രാമമായാണ് ഉപ്പള അറിയപ്പെടുന്നത്. സപ്തഭാഷാസംഗമ ഭൂമിയായ കാസർകോട് ജില്ലയിൽ ഉർദു സംസാരിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ഉപ്പള മേഖലയിലുണ്ട്. മതവിദ്യാഭ്യാസത്തിന് ഊന്നൽ നൽകി 1890ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ. പതിറ്റാണ്ടുകാലം ഹനഫി പള്ളി കമ്മിറ്റിക്കായിരുന്നു സ്‌കൂളിന്റെ നടത്തിപ്പ്. ഹനഫി വിഭാഗത്തിലുള്ള കുട്ടികളുടെ മത,ഭൗതിക വിദ്യാഭ്യാസം ലക്ഷ്യമിട്ടായിരുന്നു സ്കൂൾ ആരംഭിച്ചത്. 1968ൽ സ്കൂൾ സംസ്ഥാന സർക്കാറിന് കൈമാറി. അങ്ങനെയാണ് ഗവ. ഹിന്ദുസ്ഥാനി സ്‌കൂളായി മാറിയത്. സർക്കാറിന് വിട്ടുകൊടുത്തതോടെ ഉർദു മാധ്യമത്തിലുള്ള അധ്യയനമെന്നത് അവസാനിപ്പിക്കേണ്ടി വന്നു. സംസ്ഥാനത്ത് ഒരിടത്തും ഉർദു മാധ്യമത്തിൽ മറ്റു സ്കളുകൾ ഇല്ലാത്തതിനാലാണ് അങ്ങനെ ചെയ്തത്. സിലബസ് -പാഠപുസ്തകം തയാറാക്കൽ തുടങ്ങിയ കാര്യത്തിൽ പ്രായോഗിക തലത്തിലുള്ള പ്രയാസമാണ് കാരണം. കന്നട, മലയാളം മാധ്യമങ്ങളിലാണ് ഇപ്പോൾ സ്കൂളിലെ അധ്യയനം.
പാഠപുസ്തകം ഇപ്പോഴും പകർപ്പ് തന്നെ
ഉർദു മീഡിയം ഇല്ലാതായതോടെ ഉർദു സംസാരിക്കുന്ന കുട്ടികൾ പലരും ഇവിടെ നിന്ന് മാറി. ഒന്നാം ക്ലാസ് മുതൽ ഉർദു പഠിപ്പിക്കുന്നതിനാൽ ഹിന്ദുസ്ഥാനി സ്കൂളിനായി സിലബസ് തയാറാക്കിയിട്ടുണ്ട്. പക്ഷേ, പാഠപുസ്തകം ഇപ്പോഴുമില്ല. ഈയൊരു സ്കൂളിലേക്ക് മാത്രമായി പാഠപുസ്തകം അച്ചടിക്കുന്നത് നഷ്ടക്കച്ചവടമെന്നതിനാലാണ് നടക്കാത്തത്. അതിനാൽ, പാഠപുസ്തകമെന്നത് ഇവരുടെ സ്വപ്നമാണിന്നും. ഇതര സംസ്ഥാനങ്ങളിലെ പാഠപുസ്തകത്തിന്റെ പകർപ്പുകളാണ് അധ്യാപകരും കുട്ടികളും ആശ്രയിക്കുന്നത്.
മുഖ്യമന്ത്രിയെ കണ്ടിട്ടും കാര്യമുണ്ടായില്ല -എ.കെ.എം. അഷ്റഫ് എം.എൽ.എ
ഗവ. ഹിന്ദുസ്ഥാനി സ്കൂളിൽ ഉർദു ഉൾെപ്പടെയുള്ള വിഷയങ്ങളിലെ അധ്യാപക ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടു ചർച്ച നടത്തിയിട്ടും കാര്യമുണ്ടായില്ല. വിദ്യാഭ്യാസ മന്ത്രിയെയും വിഷയം ധരിപ്പിച്ചതാണ്. സംസ്ഥാനത്തെ ഏക ഹിന്ദുസ്ഥാനി സ്കൂൾ എന്ന നിലക്ക് നിയമസഭയിലും വിഷയം ഉന്നയിച്ചിട്ടുണ്ട്. അധ്യാപക ഒഴിവുകൾ നികത്താൻ നടപടിയെടുക്കുമെന്നാണ് എല്ലാവരും നൽകിയ മറുപടി. പുതിയ അധ്യയനവർഷം ആരംഭിച്ചിട്ടും ഹിന്ദുസ്ഥാനി സ്കൂളിലെ അധ്യാപക ഒഴിവുകൾ അതേപടി തുടരുന്നു. അതിർത്തി ഗ്രാമങ്ങളിലെ പ്രശ്നപരിഹാരത്തിൽ ഉണ്ടാകുന്ന പതിവ് മെല്ലെപ്പോക്ക് ഇക്കാര്യത്തിലും തുടരുകയാണ്. നിയമസഭയിൽ വീണ്ടും ഇക്കാര്യം ഉന്നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.