കണക്കിനെ കണക്കറ്റ് സ്നേഹിച്ച് കുട്ടിക്കൂട്ടം
text_fieldsകരിവെള്ളൂർ: അത്ര എളുപ്പത്തിൽ പിടിതരാത്ത കണക്കിനെ ചേർത്തുപിടിച്ച് കുട്ടിക്കൂട്ടം. ഭയന്നും നെറ്റി ചുളിച്ചും രക്ഷിതാക്കളുടെ കൈ പിടിച്ച് എത്തിയ കുട്ടികൾ പുതിയ കൂട്ടുകാരനായി കണക്കിനെ കിട്ടിയ ത്രില്ലിലാണ് മടങ്ങിയത്. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച മാത് സ് ഒളിമ്പ്യാഡിലാണ് ഗണിത പഠനം രസകരമായ അനുഭവമായത്. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ഗവ. എൽ.പി സ്കൂൾ തളങ്കര പടിഞ്ഞാറിലെ അധ്യാപകനുമായ കൃഷ്ണദാസ് പലേരിയാണ് കണക്കിനെ വരുതിയിലാക്കുന്ന സൂത്രം കുട്ടികൾക്ക് പരിചയപ്പെടുത്തിയത്.
കാൽ നൂറ്റാണ്ടായി നൂറിലധികം ഗണിത വിസ്മയ ക്യാമ്പുകൾ നടത്തിയ അനുഭവത്തിലൂടെ അദ്ദേഹം നയിച്ച ക്യാമ്പ് എൽ.പി തൊട്ട് ഹൈസ്കൂൾതലംവരെയുള്ള കുട്ടികൾക്കും അധ്യാപകർക്കും ഒപ്പം രക്ഷിതാക്കൾക്കും നവ്യാനുഭവമായി. നൂറിലധികം മോഡലുകളും ബഹുവർണ ഫോം ബോർഡുകളും മേശപ്പുറത്ത് നിരത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.
പേടി പമ്പ കടന്നു. ആശയം മനസ്സിലാക്കി ഗണിതം പഠിച്ചാൽ കടുപ്പമുള്ള സമവാക്യങ്ങൾ പോലും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുമെന്ന് കുട്ടികൾ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. ക്ലാസിനോടൊപ്പം നടന്ന പ്രശ്നോത്തരിയിൽ അയ മുഹമ്മദ്, ഇ. സൂര്യ കിരൺ, വി.വി. അനന്ത് രാഗ്, എച്ച്.എസ്. സുകൃത്, ആയിഷത്തു നിസ എന്നിവർ വിജയികളായി. ശശിധരൻ ആലപ്പടമ്പൻ, കൊടക്കാട് നാരായണൻ എന്നിവർ സംസാരിച്ചു. കെ.പി. രാജശേഖരൻ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.