ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ ഇനി ജില്ലയിലും
text_fieldsകാസർകോട്: ഹരിതകേരള മിഷന്, ശുചിത്വ മിഷന്, കില എന്നിവ സംയുക്തമായി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന ഹരിത മിത്രം -സ്മാര്‍ട്ട് ഗാര്‍ബേജ് ആപ് ഇനി ജില്ലയിലും.
ഖരമാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിനും കൃത്യമായ മേല്‍നോട്ടത്തിനും ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സാധിക്കും.
ഹരിതമിത്രം - സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം ജില്ലതല ഉദ്ഘാടനവും സ്മാര്‍ട്ട് സംഗമവും കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ഇ. ചന്ദ്രശേഖരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തില്‍ ജില്ലയില്‍ 14 തദ്ദേശ സ്ഥാപനങ്ങളിലാണ് ആപ്ലിക്കേഷന്‍ നടപ്പിലാക്കുന്നത്.
മൊബൈല്‍ ആപ്ലിക്കേഷനും ഔദ്യോഗിക ഉപയോക്താക്കള്‍ക്കുള്ള വെബ്പോര്‍ട്ടലുമാണ് ഹരിതമിത്രം ആപ്ലിക്കേഷന്റെ പ്രധാന ഘടകങ്ങള്‍. ഉപഭോക്താക്കളുടെ വിവരശേഖരണം, നിലവില്‍ ലഭ്യമായ മാലിന്യ സംസ്കരണ നടപടികള്‍, സര്‍വിസ് നടത്തുമ്പോള്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തല്‍ എന്നിവയും ഹരിതമിത്രത്തില്‍ സാധ്യമാണ്.
ഉപയോക്താവിന് പ്രത്യേക സേവനങ്ങള്‍ക്കായി അഭ്യര്‍ഥിക്കാനും പരാതികള്‍ ഉന്നയിക്കാനും മാലിന്യം തള്ളുന്നത് റിപ്പോര്‍ട്ട് ചെയ്യാനും മൊബൈല്‍ ആപ് വഴി സാധിക്കും.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്, കുടുംബശ്രീ മിഷന് കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്, ക്ലീന്‍ കേരള കമ്പനി ജില്ല മാനേജര്‍ മിഥുന്, കെല്‍ട്രോണ്‍ ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍ സുജയ്കൃഷ്ണന്, പി.വി. ദേവരാജന്‍, സി. വിജയന് എന്നിവര്‍ സംസാരിച്ചു. ഹരിത കേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന് സ്വാഗതവും ശുചിത്വ മിഷന് ജില്ല കോ ഓഡിനേറ്റര്‍ എ. ലക്ഷ്മി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.