പച്ചപിടിച്ച് ജില്ല
text_fieldsജില്ലയിലെ പച്ചത്തുരുത്തുകളിലൊന്ന്
കാസർകോട്: കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതിയെ പുനഃസ്ഥാപിക്കുന്നതിനുമായി ഹരിതകേരള മിഷന് നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകമാനം ശ്രദ്ധേയമാവുകയാണ്. ഇതിനോടകം 771 പച്ചത്തുരുത്തുകള്‍ രൂപവത്കരിച്ചതായി ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ അറിയിച്ചു. 21,794 സെന്റ് വിസ്തൃതിയില്‍ 90,000ത്തിലധികം വൃക്ഷങ്ങള്‍ ഇതിനകം നട്ടുകഴിഞ്ഞു.
പൊതുസ്ഥലങ്ങളിലുള്‍പ്പെടെ തരിശുസ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് പദ്ധതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് സ്ഥലങ്ങള്‍ കണ്ടെത്തുന്നത്.
കാലാവസ്ഥ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറക്കുന്നതിനും ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.
സാമൂഹിക വനവത്കരണ വകുപ്പ്, ജൈവവൈവിധ്യ ബോര്‍ഡ്, ആയുഷ് വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യക്തികള്‍ എന്നിവർ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി എന്നിവരും പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 210 സ്കൂളുകള്‍, 29 കോളജുകള്‍, 15 അംഗന്‍വാടികള്‍, 34 ആരോഗ്യസ്ഥാപനങ്ങള്‍, 80 കാവുകള്‍, 17 ക്ഷേത്രാങ്കണങ്ങള്‍, 13 കണ്ടൽത്തുരുത്തുകള്‍, ആറ് മിയാവാക്കി വനങ്ങള്‍, ആറ് ഓര്മത്തുരുത്തുകള്, ആറു വായനശാലകള്‍, മൂന്ന് മുളന്തുരുത്തുകള്‍, അഞ്ചു സിവില്‍ സ്റ്റേഷന് കോമ്പൗണ്ടുകള്‍ തുടങ്ങി 771 പച്ചത്തുരുത്തുകള്‍ രൂപവത്കരിച്ചു.
ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാലിലാംകണ്ടം ഗവ. യു.പി സ്കൂളില്‍ രൂപവത്കരിച്ച ജൈവവൈവിധ്യ ഉദ്യാനം, ഗവ. കോളജ് കാസര്‍കോട്, നെഹ്റു കോളജ് പടന്നക്കാട് എന്നിവിടങ്ങളിലെയും നൂറോളം സര്‍ക്കാര്‍ വിദ്യാലയങ്ങളിലെയും പച്ചത്തുരുത്തുകള്‍ സമ്പന്നമായ ജൈവവൈവിധ്യത്തോടെ ശ്രദ്ധേയമാകുന്നുണ്ട്. തദ്ദേശീയ സസ്യങ്ങള്‍, ഔഷധച്ചെടികള്‍, വനസ്പതികള്‍ എന്നിവയെ ഉള്‍പ്പെടുത്തിയാണ് ഈ പച്ചത്തുരുത്തുകള്‍. ലോകവന ദിനത്തോടനുബന്ധിച്ച് ജില്ലയിലെ കണ്ടല്‍ തുരുത്തുകളുടെയും മറ്റ് പച്ചത്തുരുത്തുകളുടെയും സംരക്ഷണത്തിനായി ഹരിതകേരള മിഷന് കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ജില്ലയിലെ പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥ പ്രതിരോധത്തിനും ഈ പച്ചത്തുരുത്ത് നിര്‍ണായക സംഭാവന നല്‍കുമെന്ന പ്രതീക്ഷയിലാണ് ഹരിതകേരള മിഷന്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.