സർക്കാർ ഓഫിസുകളിലെ ഇ-മാലിന്യം ശേഖരിക്കാൻ ഹരിതകര്‍മ സേന
text_fieldsകാസർകോട്: ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളിലെ ഇ -മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിന് വിവിധ ഓഫിസുകളില്‍നിന്ന് ഹരിത കര്‍മസേന ശേഖരിക്കും. നവകേരളം മാലിന്യമുക്ത കേരളം കാസര്‍കോട് ജില്ല കാമ്പയിന് ടീം സെക്രേട്ടറിയേറ്റിന്റേതാണ് തീരുമാനം. കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ നവകേരള കര്‍മപദ്ധതി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ ജെയ്സണ്‍ മാത്യു അധ്യക്ഷത വഹിച്ചു. നവകേരള മിഷന് ജില്ല കോഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കലക്ടറേറ്റിലെയും സിവില്‍ സ്റ്റേഷനിലേയും ഇ-മാലിന്യം ഒരാഴ്ചക്കകം ഹരിത കര്‍മ സേന ശേഖരിക്കണമെന്നും കാമ്പയിൻ സെക്രേട്ടറിയറ്റ് തീരുമാനിച്ചു. ഉപയോഗശൂന്യമായ കമ്പ്യൂട്ടര്‍ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളാണ് ശേഖരിക്കുന്നത്. അഞ്ചുവര്‍ഷത്തിലധികം പഴക്കമുള്ള ഇ-മാലിന്യം നീക്കം ചെയ്യുന്നതിന് മാര്‍ഗനിർദേശങ്ങള്‍ പാലിച്ച് വകുപ്പ് മേധാവികള്‍ക്ക് അനുമതി നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്.
വനത്തിനകത്തെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും വിനോദ സഞ്ചാര മേഖലയിലെ ജൈവ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും പദ്ധതി തയാറാക്കുന്നതിനായി വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കലക്ടറുടെ ചേംബറില്‍ യോഗം ചേരും. ഫോറസ്റ്റ്, ഡി.ടി.പി.സി, ക്ലീന്‍ കേരള കമ്പനി, മാലിന്യമുക്തം നവകേരളം കാമ്പയിന് സെക്രേട്ടറിയറ്റ് ഏകോപന സമിതി അംഗങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികള്‍ അടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുക. മാലിന്യം തള്ളുന്നത് തടയാന്‍ സി.സി.ടി.വി സർവൈലെന്‍സ് സംവിധാനം ഏര്‍പ്പെടുത്തും.
ജില്ലയിലെ സ്കൂളുകളെ ശുചിത്വ സ്കൂളുകളാക്കി മാറ്റുന്നതിന് കാമ്പയിന് സെക്രേട്ടറിയറ്റ് സമയക്രമം നിശ്ചയിച്ചു. ജൈവമാലിന്യ ശേഖരണവും സംസ്കരണവും ഉള്‍പ്പെടുന്ന സംവിധാനങ്ങള്‍ ഉറപ്പു വരുത്തുന്നതിന് ഒരാഴ്ചക്കകം സ്കൂളുകളില്‍ പരിശോധന നടത്തും. റിസോഴ്സ് പേഴ്സൻമാര് വിവരശേഖരണം നടത്തുന്നതിന് തീരുമാനിച്ചു. ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഇല്ലാത്ത സ്കൂളുകളില്‍ അതേര്പ്പെടുത്തണം. അടുത്ത പ്രോജക്ട് ഭേദഗതിയില്‍ തദ്ദേശസ്ഥാപനങ്ങള്‍ അത് ഉള്‍പ്പെടുത്തണം.
ജൈവ മാലിന്യ സംസ്കരണത്തിന് കമ്പോസ്റ്റ് പിറ്റും സോക്ക്പിറ്റും ഉള്‍പ്പെടുത്തണം. ജൈവമാലിന്യ സംസ്കരണ സംവിധാന നിര്‍മാണം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. ഗവ.എയ്ഡഡ് സ്കൂളുകളില്‍ മാലിന്യ നിര്‍മാര്‍ജന സംവിധാനം ഉറപ്പുവരുത്തണം. മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കാന്‍ ശുചിത്വമിഷന് 70 ശതമാനം തുക അനുവദിക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അഡീഷനല്‍ ആക്ഷന്‍ പ്ലാന്‍ വേണം. അജൈവ മാലിന്യ ശേഖരണ സംവിധാനം ഏര്‍പ്പെടുത്തണം. സ്കൂളുകളില്‍ എല്ലാ വെളളിയാഴ്ചയും ശുചിത്വ അസംബ്ലി ചേരാനും ബ്ലോക്കുതല അവലോകന യോഗങ്ങള്‍ എല്ലാ ആഴ്ചയും നടത്താനും തീരുമാനമായി. ആര്.ആര്.എഫ് മഞ്ചേശ്വരം, പരപ്പ, കാഞ്ഞങ്ങാട് ബ്ലോക്കുതലത്തില്‍ പൂര്‍ത്തിയായി. ആര്.ആര്.എഫിന് ശുചിത്വ മിഷന് 16 ലക്ഷം രൂപ അനുവദിക്കും.
ഹരിത കര്‍മസേനക്ക് കുടുംബശ്രീ പരിശീലനം നല്‍കണം. ചെങ്കള ചെറുവത്തൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ എം.സി.എഫ് സ്ഥാപിക്കണം. കില എം.സി.എഫ് മാനേജ്മെന്റ് പരിശീലനം നല്‍കുന്നതിനും തീരുമാനിച്ചു.
യോഗത്തില്‍ ശുചിത്വ മിഷന് ജില്ല കോഓഡിനേറ്റര്‍ എം. ലക്ഷ്മി, എല്‍.എസ്.ജി.ഡി എക്സിക്യുട്ടിവ് എൻജിനീയര്‍ ഇന്‍ചാര്‍ജ് വി. മിത്ര, ജില്ല പ്ലാനിങ് ഓഫിസ് റിസര്‍ച് ഓഫിസര്‍ സുനില്‍കുമാര്‍ ഫിലിപ്പ്, ക്ലീന്‍ കേരള കമ്പനി ജില്ല മാനേജര്‍ ബി. മിഥുന്, കുടുംബശ്രീ മിഷന് അസി. കോഓഡിനേറ്റര്‍ സി.എച്ച്. ഇഖ്ബാല്‍, എച്ച്. കൃഷ്ണ, കില ആര്.പി എം.കെ. ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.