അച്ഛന്‍റെ ചുമലിലേറിയുള്ള ഹർഷിതിന്‍റെ യാത്രക്ക് പത്താണ്ട്
text_fieldsചെറുവത്തൂർ: പിതാവിന്‍റെ ചുമലിലേറി ഹർഷിതിന്‍റെ യാത്രക്ക് പത്തുവയസ്സ്. കൊടക്കാട് പാടിക്കീലിലെ മൂന്നാം ക്ലാസ് വിദ്യാർഥി എൻ.വി. ഹർഷിതാണ് പിതാവിന്‍റെ ചുമലിലേറി യാത്ര ചെയ്യുന്നത്. ജന്മനാ സ്പൈനൽ മസ്ക്കുലാർ അട്രോഫി ബാധിതനായ ഹർഷിത് ജനിച്ച് പത്തുവർഷമായിട്ടും നടന്നുനീങ്ങിയില്ല. ഒരു വയസ്സായിട്ടും നടക്കാത്തതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മംഗളൂരു, ബംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദഗ്ധ ചികിത്സ നടത്തിയെങ്കിലും പുരോഗതി ഉണ്ടായില്ല.
നിലവിൽ നട്ടെല്ല് വളയുന്നതാണ് കുടുംബത്തെ ഏറെ പ്രതിസന്ധിയിലാഴ്ത്തിയത്. ലോറി ഡ്രൈവറായ പിതാവ് എ.വി. ഹരീഷും വീട്ടമ്മയായ മാതാവ് എൻ.വി. വിജിനയും എപ്പോഴും മകനൊപ്പമുണ്ട്. പിതാവ് ഹരീഷ് എടുത്താണ് ഹർഷിതിനെ വീടിനടുത്തുള്ള പാടിക്കീൽ ഗവ. യു പി സ്കൂളിലേക്കും തിരിച്ചും കൊണ്ടുപോകുന്നത്. ഇലക്ട്രോണിക് വീൽ ചെയറിന് അപേക്ഷ നൽകി മാസങ്ങളായിട്ടും കിട്ടിയില്ല. മകന് ഭക്ഷണം കഴിക്കാൻ നേരത്തും മൂത്രമൊഴിക്കാൻ കൊണ്ടുപോകാനുമൊക്കെയായി മാതാപിതാക്കളിലൊരാൾ എപ്പോഴും വിദ്യാലയത്തിൽതന്നെ വേണം. ഒരുമാസം ആറുലക്ഷം രൂപ ചെലവുവരുന്ന മരുന്ന് കഴിച്ചാൽ ഭേദപ്പെടുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്.
എന്നാൽ, ദിവസേന ഫിസിയോ തെറപ്പിക്കായിവരുന്ന 360 രൂപക്കുതന്നെ ഇവരുടെ കുടുംബം പാടുപെടുകയാണ്. സർക്കാർ സംവിധാനമോ സംഘടനകളോ വ്യക്തികളോ സഹായിച്ചാൽ പഠിത്തത്തിൽ സമർഥനായ ഹർഷിതിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും. കുട്ടിക്ക് പൂർണ പിന്തുണ നൽകി പാടിക്കീലിലെ പ്രധാനാധ്യാപകനും ബി.ആർ.സി റിസോഴ്സ് അധ്യാപികയും മറ്റ് അധ്യാപകരും കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.