കാഞ്ഞങ്ങാട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; മൂന്നുപേർ കൂടി അറസ്റ്റിൽ
text_fieldsകാസർകോട്: കാഞ്ഞങ്ങാട് നടന്ന മുസ്ലിം യൂത്ത് ലീഗ് റാലിയിലെ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിന് മൂന്നുപേർ കൂടി അറസ്റ്റിൽ. തെക്കേപ്പുറം നൗഷാദ് മൻസിലിൽ പി.എം. നൗഷാദ് (42), അജാനൂർ ആറങ്ങാടി സായ സമീർ (35), പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരാണ് അറസ്റ്റിലായത്.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിന് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. വിദ്വേഷ റാലിയിലെ മുദ്രാവാക്യം വിളിച്ചയാൾ ഉൾപ്പെടെ അഞ്ചുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അബ്ദുല്‍ സലാം (18), ശരീഫ് (38), ഹാശിര്‍ (25), പി.എച്ച്. അയ്യൂബ് (45), പി. മുഹമ്മദ് കുഞ്ഞി (55) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ജാമ്യമില്ല വകുപ്പുകളാണ് ചുമത്തിയത്. ഇവരെ റിമാൻഡ് ചെയ്തു. കേസിൽ എട്ടുപേർ ഇതുവരെ അറസ്റ്റിലായി.
അതിനിടെ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ ഇട്ടവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കാസർകോട് സൈബർ പൊലീസ്. റാലിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും, നിരവധി പേർ ഇതുമായി ബന്ധപ്പെട്ട് പ്രകോപനപരമായ കമന്റുകളും ഇട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് അഞ്ചുകേസുകൾ രജിസ്റ്റർ ചെയ്തു. ഐ.പി.സി 153 പ്രകാരം ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയുള്ള പ്രകോപനമെന്ന വകുപ്പിലാണ് അഞ്ച് കേസുകളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജില്ലക്ക് അകത്ത് നിന്നും പുറത്ത് നിന്നും ഉള്ളവർ പ്രതികളാണ്. നാട്ടിൽ സമാധാന അന്തരീക്ഷത്തിൽ കഴിയുന്ന ജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭംഗം ഉണ്ടാകുകയും ജനങ്ങളിൽ ഭയം ജനിപ്പിക്കുകയും അതുവഴി സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന അറിവോടെ പോസ്റ്റ് ചെയ്യുകയും ചെയ്തു എന്നതാണ് കുറ്റം.
ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവരെ ഇനിയും നിരീക്ഷിക്കുകയും, അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജാമ്യമില്ല വകുപ്പുകൾ ഉൾപ്പെടെ ചുമത്തുമെന്നും ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.