കാസർകോട് ജില്ലയിൽ ചൂട് കൂടുന്നു; ആരോഗ്യ പ്രശ്നവും
text_fieldsമൊഗ്രാൽ: അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയർന്നതോടെ ജില്ല ചുട്ടുപൊള്ളുന്നു. ജില്ലയിൽ അസഹനീയമായ ചൂട് കൂടുന്നതുമൂലം ആരോഗ്യ പ്രശ്നങ്ങൾ ഉയരുകയാണ്.
ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ചൂടിന്റെ കാഠിന്യം വർധിച്ചതോടെ ജില്ലയിൽ കുട്ടികൾക്കിടയിൽ വ്യാപനമാകുന്ന ചൂടുകുരുവിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
ചെറിയ കുട്ടികളെ ഒരുകാരണവശാലും രാവിലെ 10 മണി മുതൽ വൈകീട്ട് നാലു വരെ വീട്ടിൽ നിന്ന് പുറത്തിറക്കരുത്. രണ്ടോ, മൂന്നോ പ്രാവശ്യം ശരീരത്തിലെ വിയർപ്പ് ഒഴിവാക്കാൻ കുട്ടികളെ കുളിപ്പിക്കണം. വൃത്തിയായി ശരീരം സംരക്ഷിക്കണം. കുരു പ്രത്യക്ഷപ്പെട്ട കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കുകയും വേണം. ചൂടുകാരണം ശരീരത്തിൽ ഉണ്ടാകുന്ന വിയർപ്പും ചൊറിച്ചിലും കാരണമാണ് ചൂടുകുരു പ്രത്യക്ഷപ്പെടുന്നത്. ഇത് കൂടുതലും ബാധിക്കുന്നത് കുട്ടികളെയാണ്. ഇത്തരം കുട്ടികളെ അധികം വെയിൽ ഏൽക്കാതെ നോക്കണം. മണ്ണുള്ള സ്ഥലങ്ങളിൽ കളിക്കാനും വിടരുത്. രോഗലക്ഷണങ്ങൾ പ്രകടമായാൽ വൈദ്യ പരിശോധനക്കുതന്നെ കുട്ടികളെ വിധേയമാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ട്.
അതിർത്തി ഗ്രാമങ്ങളിൽ കുടിവെള്ളം കിട്ടാക്കനി
ബദിയടുക്ക: ചൂട് കനത്തതോടെ അതിർത്തി ഗ്രാമങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയായി. പുഴകളും കിണറുകളും കുഴൽക്കിണറുകളും വറ്റാൻ തുടങ്ങിയതോടെ കൃഷിയിടവും വരണ്ടു. ബദിയടുക്ക, പുത്തിഗെ, എൻമകജെ പഞ്ചായത്തുകളിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞത് കർഷകരെ ആശങ്കയിലാക്കി. കൃഷിയുടെ വരുമാനം കൊണ്ട് ജീവിക്കുന്ന കുടുംബങ്ങളാണ് കൂടുതലായി ഉള്ളത്. എല്ലാ വർഷവും ഏപ്രിൽ മാസത്തിലാണ് വെള്ളത്തിന്റെ ക്ഷാമം നേരിടുന്നത് എന്നാൽ ഇത്തവണ ഫെബ്രുവരിൽ തന്നെ വെള്ളത്തിന്റെ ലഭ്യത കുറഞ്ഞു. പെരഡാല - പള്ളത്തടുക്ക പുഴകളിൽ താൽക്കാലിക തടയണയിട്ടതിനാൽ കൃഷിയിടങ്ങൾക്ക് കുറച്ച് ആശ്വാസം ലഭിച്ചു.
എങ്കിൽക്കൂടി വെള്ളത്തിനായുള്ള പരക്കംപാച്ചിൽ ആരംഭിച്ചിരിക്കുകയാണ്. എൻമകജെ പുഴയിൽ ഗുണാജെ പാലത്തിന് കുറുകെ തടയണ ഇടാത്തതാണ് പുഴ വത്തുടങ്ങാൻ കാരണം. പട്ടികജാതി പട്ടികവർഗ കോളനികളിൽ ഉൾപ്പെടെ പൈപ് ലൈൻ വഴി എത്തുന്ന കുടിവെള്ളം ലഭ്യമല്ല. ഇവിടെ പഞ്ചായത്ത് അടിസ്ഥാനത്തിൽ വാഹനത്തിൽ കുടിവെള്ളം എത്തിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.