കനത്ത മഴ തുടരുന്നു; കുടുംബങ്ങളെ മാറ്റിത്തുടങ്ങി
text_fieldsകാസർകോട്: ജില്ലയിൽ കനത്ത മഴ തുടരുന്നു. പുഴകളിലും തോടുകളിലും വെള്ളം കയറി. മൊഗ്രാൽ പുഴ, നീലേശ്വരം പുഴ, കാര്യങ്കോട് പുഴ എന്നിവയിൽ ജലനിരപ്പ് അപകടനില കടന്നുതന്നെയാണുള്ളത്. ഇത് മധൂർ, ഭീമനടി, ചായ്യോം പ്രദേശങ്ങളിൽ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. മഴയെ തുടർന്ന് കുടുംബങ്ങളെ മാറ്റിത്തുടങ്ങി. കരിന്തളം വില്ലേജിലെ കീഴ്മാല പ്രദേശത്ത് വെള്ളം കയറി അഞ്ചോളം കുടുംബത്തിലെ ഇരുപതോളം ആൾക്കാരെ ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട്.
കാസർകോട് താലൂക്കിൽ ബദിയഡുക്ക, മുന്നാട്, കൂറ്റിക്കോൽ, കരിവേടകം വില്ലേജ് പരിധികളിൽ ചൊവ്വാഴ്ച ശക്തമായ മഴ കിട്ടി. ചൊവ്വാഴ്ച ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കെട്ടിടം തകർന്നുവീണ തൃക്കണ്ണാട് കടപ്പുറത്ത് മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ കടൽഭിത്തി സംരക്ഷണ പ്രവൃത്തി ആരംഭിച്ചു. നിർമാണം തുടരുകയാണ്. ജില്ല കലക്ടർ കെ. ഇമ്പശേഖറിന്റെ നിർദേശത്തെ തുടർന്നാണ് അടിയന്തര നടപടി സ്വീകരിച്ചത്.
മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ രമേശന്റെ നേതൃത്വത്തിലാണ് കടൽതീരത്ത് താൽക്കാലിമായി കല്ലിടൽ പ്രവൃത്തി ആരംഭിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് അടിയന്തരമായി കല്ലുകൾ ലഭ്യമാക്കിയത്. ഈ പ്രവൃത്തി രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുവാൻ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി.
തൃക്കണ്ണാട് തീരത്ത് അതിശക്തമായ കടലാക്രമണം തുടരുന്ന സാഹചര്യത്തിൽ ജില്ല കലക്ടർ കെ. ഇമ്പശേഖറുടെ നേതൃത്വത്തിൽ ഉദുമ ഗ്രാമപഞ്ചായത്ത് ഹാളിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുന്നതിന് സർക്കാറും ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും ജില്ല കലക്ടർ പ്രദേശവാസികളോട് അഭ്യർഥിച്ചു. റോഡ് ഉപരോധം പോലുള്ള പ്രതിഷേധങ്ങൾ അംഗീകരിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശവാസികളുടെ ആവശ്യപ്രകാരം ജില്ല കലക്ടറുടെയും ജില്ല പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ തൃക്കണ്ണാട് പ്രദേശം സന്ദർശിക്കാനും യോഗത്തിൽ തീരുമാനിച്ചു. ഈ പ്രദേശത്ത് ഹാർബർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ത്വരിതപ്പെടുത്തുന്നതിന് സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. ഇതുസംബന്ധിച്ച നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിനായി എല്ലാ മാസവും അവലോകന യോഗം ചേരാനും തീരുമാനിച്ചു.
സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, തഹസിൽദാർ എം. മണിരാജ്, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, ഹസാർഡ് അനിലിസ്റ്റ് പ്രേംജി പ്രകാശ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ രമേശൻ, ബേക്കൽ ഡിവൈ.എസ്.പി സുനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി ദേവദാസ്, പഞ്ചായത്ത് അംഗങ്ങൾ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.