കാസർകോട് ജില്ലയിൽ മഴ ശക്തം ജലനിരപ്പ് ഉയരുന്നു; പനിപടരുന്നു
text_fieldsകാസർകോട്: ഒരു ദിവസത്തെ നേരിയ ശമനത്തിന് ശേഷം ജില്ലയിൽ മഴ വീണ്ടും തിമിർത്തു പെയ്തു. വെള്ളക്കെട്ടുകൾക്ക് മാറ്റമുണ്ടായില്ല. പുഴകൾ കരകവിഞ്ഞ് അപകട നിലയിലേക്ക് എത്തി. ഒരാളെ പുഴയിൽ കാണാതായി. പനിബാധിച്ച് ഒരാൾ മരിച്ചു. ഉപ്പള പുഴ ഉപ്പളയിലും മൊഗ്രാൽ പുഴ മധൂറിലും കാര്യങ്കോട് പുഴ ഭീമനടിയിലും വെള്ളപ്പൊക്കഭീതിയുയർത്തുന്നു. കടലാക്രമണവും രൂക്ഷമായിട്ടുണ്ട്.
ചിറ്റാരിക്കാൽ സ്വദേശിയെയാണ് സുള്ള്യയിൽ ഒഴുക്കിൽപെട്ട് കാണാതായത്. ഈസ്റ്റ് എളേരി കടുമേനി സ്വദേശി നാരായണനെ (45)യാണ് കാണാതായത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ കുടക് ആലട്ടി കൂർനടുക്ക തോട്ടിലാണ് അപകടം. താൽകാലിക കവുങ്ങിൻ പാലത്തിൽ നിന്ന് വീഴുകയായിരുന്നു. കുടകിൽ റബർ ടാപ്പിങ് തൊഴിലാളിയാണ്. തിരച്ചിൽ തുടരുന്നുണ്ടെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല. കാണാതായ ഭാഗം വലിയ ഒഴുക്കുള്ള പ്രദേശം അല്ലെങ്കിലും ഈ തോട്ടിലെ വെള്ളം ചെന്നെത്തുന്നത് വലിയ കുത്തൊഴുക്കുള്ള പാണത്തൂർ പുഴയിലേക്കാണ്. മലയോരത്തെ കവുങ്ങിൻ പാലത്തിൽ അപകടസാധ്യതയേറുകയാണ്.
ദേലംപാടി മയ്യള പാലം കവിഞ്ഞൊഴുകി. കവുങ്ങിന് തടികള്‍ പാകിയ പാലത്തിലൂടെയാണ് ആളുകളുടെ യാത്ര. മലയോരത്ത് ഇത്തരം പാലങ്ങൾ ധാരാളമുണ്ട്. മയ്യള, സാലത്തടുക്ക, ഊജംപാടി, ദേലംപാടി പ്രദേശങ്ങളിലെ അഞ്ഞൂറോളം കുടുംബങ്ങൾ ഈ മഴക്കാലത്തും മയ്യള പാലത്തെ ആശ്രയിക്കുന്നുണ്ട്. മയ്യള പാലത്തിന്റെ ഒരുഭാഗം കര്‍ണാടകയും മറുഭാഗം ദേലംപാടി പഞ്ചായത്തുമാണ്. കര്‍ണാടകയിലേക്ക് പ്രവേശിക്കുന്ന പാലത്തിന്റെ ഭാഗം കഴിഞ്ഞ കാലവര്‍ഷത്തില്‍ തകര്‍ന്നിരുന്നു. പുതിയ പാലം മഴക്ക് ശേഷം നിർമിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഒരുവര്‍ഷമായിട്ടും തുടര്‍ നടപടിയില്ല. ഈ പാലം കടന്നാണ് കര്‍ണാടകത്തിലെ ഈശ്വരമംഗലം, പൂത്തൂര്‍, കേരളത്തിലെ കാസര്‍കോട്, അഡൂര്‍ ടൗണുകളുമായി ബന്ധപ്പെടുന്നത്.
പനിബാധിച്ച് ഒരു മരണം നടന്നതിനു പുറമെ ഇന്നലെ 360 പേർക്ക് പനി സ്ഥിരീകരിച്ചു. സംശയാസ്പദമായ ഡെങ്കിപ്പനി -ഏഴ്, സ്ഥിരീകരിച്ച ഡെങ്കിപ്പനി -ഒന്ന്, സംശയാസ്പദമായ എലിപ്പനി -ഒന്ന്, സ്ഥിരീകരിച്ച എലിപ്പനി- ഒന്ന് എന്നിങ്ങനെയാണ് രോഗങ്ങളുടെ സ്ഥിതി.
പരപ്പ -ഒടയംചാൽ റോഡിൽ മണ്ണിടിഞ്ഞു
കാഞ്ഞങ്ങാട്: പരപ്പ-ഒടയംചാൽ റോഡിൽ നായിക്കയത്ത് മണ്ണിടിഞ്ഞ് ഗതാഗത തടസ്സഭീഷണി. ഇന്നലെയുണ്ടായ ശക്തമായ മഴയിൽ ഉച്ചയോടെ റോഡിൽ വലിയ കയറ്റമുള്ള ഭാഗത്താണ് മണ്ണിടിഞ്ഞത്. നിലവിൽ ഗതാഗതത്തിന് തടസമില്ലെങ്കിലും മഴ ശക്തമായാൽ കുന്ന് കൂടുതലായി ഇടിയാനുള്ള സാധ്യത നിലനിൽക്കുന്നു. ഇരുവശങ്ങളിലും ഇറക്കവും കയറ്റവുമുള്ള റോഡാണിത്. അപകട സാധ്യത ഏറെയുണ്ട്.
മുൻപും ഈ ഭാഗത്ത് മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. വീതികൂട്ടി മെക്കാഡം ടാറിങ് പൂർത്തിയാക്കിയത് മാസങ്ങൾക്ക് മുമ്പാണ്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്. കാഞ്ഞങ്ങാട്ട് നിന്ന് ഒടയംചാൽ വഴി വെള്ളരിക്കുണ്ട്, കൊന്നക്കാട് ഭാഗത്തേക്ക് പോവാനുള്ള പാതയുമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.