മഴ കനത്തു: ഇനി യാത്രാദുരിതത്തിന്റെ നാളുകൾ
text_fieldsകാസർകോട്: മഴ കനത്തതോടെ അഴിയാക്കുരുക്കിലമർന്ന് നഗരം. ദേശീയപാത പ്രവൃത്തിയുടെ മേൽപാലം പണി നടക്കുന്ന കാസർകോട് പുതിയ സ്റ്റാൻഡിന് സമീപം ചെർക്കള മുതൽ സ്റ്റാൻഡ് വരെയുള്ള സർവിസ് റോഡിലാണ് കടുത്ത ഗതാഗത തടസ്സം നേരിടുന്നത്.
സ്കൂൾ സമയമായ രാവിലെയും വൈകീട്ടുമാണ് മണിക്കൂറോളം ഈ സർവിസ് റോഡിൽ ഗതാഗതതടസ്സം ഉണ്ടാകുന്നത്. കൂടാതെ സർവിസ് റോഡിൽ നിന്നുള്ള മുഴുവൻ ചളിവെള്ളവും ഒഴുകി താഴ്ന്നിരിക്കുന്ന ഓഫിസുകളിലേക്കും മറ്റും വരുന്നത്. ദേശീയപാതയുടെ മേൽപാലം പണി മേയിൽ പൂർത്തിയാകുമെന്നായിരുന്നു അറിയിച്ചിരുന്നത്.
സർവിസ് റോഡിലെ തിരക്കുകാരണം കാൽനടക്കാർ ഭീതിയോടെയാണ് നടക്കുന്നത്. കൂടാതെ റോഡിൽനിന്ന് മാറി ഡ്രെയിനേജിന്റെ സ്ലാബിൽകൂടി നടക്കുമ്പോൾ അതിന് മുകളിലൂടെയാണ് ഇരുചക്രവാഹനങ്ങൾ പോകുന്നതും. അതുകൊണ്ട് വിദ്യാർഥികളടക്കമുള്ളവർ പേടിച്ചാണ് യാത്ര.
സർവിസ് റോഡ് തകർച്ച; ദുരിതംപേറി നാട്ടുകാർ
മൊഗ്രാൽ: മഴ കനത്തതോടെ ദേശീയപാത സർവിസ് റോഡുകൾ തകർന്ന് തുടങ്ങി. ഒപ്പം യാത്രാദുരിതവും അധികമായി. എല്ലാ മഴക്കാലത്തും ദേശീയപാതയിൽ ഇതുതന്നെയാണ് സ്ഥിതി. ഇനി ആംബുലൻസുകൾക്ക് രോഗികളെയും കൊണ്ട് ആശുപത്രിയിലെത്താനും ചികിത്സ ലഭ്യമാക്കാനും വൈകും.
ഒപ്പം, ബസുകൾക്ക് സമയത്തിന് സർവിസ് നടത്താനും കഴിയില്ല. നിർമിക്കുന്ന റോഡിന് ഗാരന്റിയൊന്നുമില്ല. അത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സർക്കാറിന്റെ പ്രഖ്യാപനങ്ങൾ മാത്രം. ഇവിടെ ഗാരന്റി ഇല്ലാത്തത് യാത്ര ചെയ്യുന്നവർക്ക് മാത്രം. മൊഗ്രാൽ ടൗണിൽ അടിപ്പാതക്ക് സമീപമാണ് റോഡ് തകർച്ച പൂർണമായിട്ടുള്ളത്.
കഴിഞ്ഞ വർഷങ്ങളിൽ റോഡ് തകർച്ച മൊഗ്രാൽ ഷാഫി മസ്ജിദിനടുത്തായിരുന്നുവെങ്കിൽ ഈവർഷം മൊഗ്രാൽ ടൗണിലാണ് റോഡ് തകർന്നത്. ഇവിടെ ഓവുചാല് സംവിധാനവും സർവിസ് റോഡും പാതിവഴിയിലുമാണ്. മഴവെള്ളം കെട്ടിക്കിടക്കുന്നത് റോഡിന്റെ പൂർണമായ തകർച്ചക്ക് കാരണമാകുന്നു.
ദേശീയപാത നിർമാണ പ്രവൃത്തികളിലെ ദീർഘവീക്ഷണമില്ലായ്മയാണ് റോഡ് തകർച്ചക്ക് കാരണമെന്ന് നേരത്തെതന്നെ ആക്ഷേപമുണ്ട്. കാലവർഷം മുൻകൂട്ടിക്കാണാതെ പോയതാണ് ഇത്തരത്തിൽ പാളിച്ചകൾക്ക് കാരണമാകുന്നത്.
ഓവുചാലിൽ തടസ്സം, നടപ്പാതയില്ല; വിദ്യാർഥികളടക്കം ദുരിതത്തിൽ
മൊഗ്രാൽ: മൊഗ്രാൽ ടൗണിന് സമീപം സർവിസ് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാൽനടക്കാരായ വിദ്യാർഥികൾക്കടക്കം ദുരിതമാകുന്നു. ഹൈകോടതി നിർദേശം ഉണ്ടായിട്ടുപോലും കാൽനടക്കാർക്ക് നടന്നുപോകാൻ ദേശീയപാതയിൽ നടപ്പാത ഒരുക്കാത്തതാണ് ഇപ്പോൾ ദുരിതമാകുന്നത്.
മൊഗ്രാൽ ടൗണിന് സമീപം സർവിസ് റോഡിന് സമാനമായി നിർമിച്ചിരിക്കുന്ന ഓവുചാലിലൂടെ വെള്ളം ഒഴുകിപ്പോകുന്നില്ലെന്ന് സമീപവാസികൾ പറയുന്നു. വെള്ളം റോഡിൽതന്നെ കെട്ടിക്കിടക്കുന്നതാണ് സ്കൂളിൽ പോകുന്ന വിദ്യാർഥികൾക്ക് ദുരിതമാകുന്നത്.
അമിതവേഗത്തിൽ വാഹനങ്ങൾ വരുന്നതുമൂലം റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം നടന്നുവരുന്ന വിദ്യാർഥികളുടെ മേലാണ് തെറിച്ചുവീഴുന്നത്. ചളിവെള്ളമായതിനാൽ പിന്നെ വിദ്യാർഥികൾക്ക് സ്കൂളിൽ പോകാനാകാതെ പഠനം മുടങ്ങുന്നതായും രക്ഷിതാക്കൾ പറയുന്നു. നിലവിൽ ഈഭാഗത്ത് പൂർത്തിയായിക്കിടക്കുന്ന ഓവുചാലുകളിലൂടെ വെള്ളം ഒഴുകിപ്പോകാനുള്ള സാഹചര്യമൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.