ദേശീയപാത വികസനം: തൊഴിലാളികളെ കൊണ്ടുപോകുന്നത് ലോറികളിൽ കുത്തിനിറച്ച്
text_fieldsകുമ്പള: ദേശീയപാത നിർമാണ തൊഴിലാളികളെ ജോലിസ്ഥലത്തേക്കും തിരിച്ച് താമസസ്ഥലത്തേക്കും കൊണ്ടുപോകുന്നത് ടിപ്പർ ലോറികളിൽ കുത്തിനിറച്ച്. ഇത് മോട്ടോർ വാഹന നിയമ ലംഘനമാണെന്നിരിക്കെ നടപടിയില്ലെന്നാണ് ആക്ഷേപം.ആടുമാടുകളെപ്പോലെ നിർമാണ തൊഴിലാളികളെ കാണുന്ന അധികൃതരുടെ സമീപനത്തിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
മൂന്നുമാസത്തോളം വേതനം ലഭിക്കാതെ ഏതാനും ദിവസം മുമ്പ് ദേശീയപാത നിർമാണ തൊഴിലാളികൾ സമരം സംഘടിപ്പിച്ചത് ഏറെ ചർച്ചയായിരുന്നു. ഈ സംഭവം നിലനിൽക്കെയാണ് കമ്പനി അധികൃതർ തൊഴിലാളികളെ മാനുഷിക പരിഗണന നൽകാതെ ലോറികളിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നത്.
ജില്ലയിൽ ‘ഓപറേഷൻ ഓവർലോഡ്’എന്ന പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ പത്തോളം ലോറികൾ വിജിലൻസ് പിടികൂടിയിരുന്നു. എന്നിട്ടും ഈ സംഭവം അധികൃതരുടെ ശ്രദ്ധയിൽപെടാതെ പോയത് എന്തുകൊണ്ടെന്നാണ് നാട്ടുകാരുടെ ചോദ്യം.
പൊരിവെയിലത്ത് ചൂടേറ്റും പൊടിപടലങ്ങൾ ശ്വസിച്ചും കഠിനാധ്വാനം ചെയ്യുന്ന നിർമാണ തൊഴിലാളികളെ കുത്തിനിറച്ച് ലോറികളിൽ കൊണ്ടുപോകുന്ന കമ്പനി അധികൃതർക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.