വീട് കയറി പരിശോധന; 159 റേഷൻ കാർഡുകൾ പിടികൂടി
text_fieldsകാസർകോട്: അനധികൃതമായി അന്ത്യോദയ അന്നയോജന, മുന്‍ഗണന, സബ്സിഡി എന്നീ വിഭാഗത്തിലുള്ള റേഷന്‍കാര്‍ഡുകള്‍ കൈവശം വെച്ചവർക്കെതിരായ നടപടി തുടരുന്നു.
ജില്ലയിൽ വീട് കയറി പരിശോധന തുടങ്ങിയ ഈമാസം 159 കാര്‍ഡുകള്‍ പിടിച്ചെടുത്ത് എ.പി.എല്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി. ജില്ല സപ്ലൈ ഓഫിസറുടെയും താലൂക്ക് സപ്ലൈ ഓഫിസറുടെയും നേതൃത്വത്തിലാണ് പരിശോധന.
ഓപറേഷന്‍ യെല്ലോയുടെ ഭാഗമായാണ് നടപടി. ആയിരം ചതുരശ്ര അടിയിൽ അധികം വരുന്ന വീട്, നാലു ചക്രവാഹനമുടമയാണോ, ഭൂമി വിവരങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്.ഹോസ്ദുർഗ് താലൂക്കില്‍ വെള്ളിയാഴ്ച ജില്ല സപ്ലൈ ഓഫിസര്‍ എന്‍.ജെ. ഷാജിമോന്റെ നേതൃത്വത്തില്‍ 26 ഓളം വീടുകളില്‍ നടത്തിയ പരിശോധനയില്‍ 13 കാര്‍ഡുകള്‍ പിടിച്ചെടുത്തു.
അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ കമ്പോള വില ഈടാക്കുന്നതിന് കാര്‍ഡുടമകള്‍ക്ക് നോട്ടീസും നല്‍കി. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ കെ.എന്‍. ബിന്ദു, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ പി. ഹരിദാസ്, കെ.കെ. രാജീവ്, ടി. രാധാകൃഷ്ണന്‍, ഡ്രൈവര്‍ പി.ബി. അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.
വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന ഉണ്ടാകുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. അനര്‍ഹമായി എ.എ.വൈ, പി.എച്ച്.എച്ച്, സബ്സിഡി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വെക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.