പ്രതീക്ഷ മങ്ങി മത്സ്യമേഖല; പിടിച്ചു നിൽക്കാനാവാതെ തൊഴിലാളികൾ
text_fieldsമൊഗ്രാൽ: ആറുമാസം തൊഴിലും ആറുമാസം തൊഴിലില്ലാതെയും ജീവിച്ചുപോരുന്ന ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ. ആറുമാസത്തെ തൊഴിൽ പ്രതീക്ഷിച്ചുനിൽക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷ മങ്ങിയതായി തൊഴിലാളികൾതന്നെ പറയുന്നു.
കാലാവസ്ഥ വ്യതിയാനം, കടലിളക്കം, കടലിലെ മത്സ്യലഭ്യതയുടെ കുറവ് ഇതൊക്കെയാണ് മത്സ്യത്തൊഴിലാളികളുടെ തൊഴിൽ പ്രതിസന്ധിക്ക് ആക്കംകൂട്ടിയിരിക്കുന്നത്.ഒരുകാലത്ത് മത്സ്യത്തൊഴിലാളികൾക്ക് കിട്ടിയിരുന്ന ചാകരയൊക്കെ ഓർമയായി. ഇപ്പോൾ മത്സ്യബന്ധനത്തിന് പോയാൽതന്നെ ഒന്നോ രണ്ടോ കൊട്ട മത്സ്യം കിട്ടിയാലായി. അതിനാകട്ടെ വിലയും കുറവ്. ഇനി ഈ തൊഴിൽമേഖലയിൽ തുടരുന്നതിൽ അർഥമില്ലെന്ന് സങ്കടത്തോടെ തൊഴിലാളികൾ പറയുന്നു. ഇത് ഈ വർഷത്തെ മാത്രം കഥയല്ല. മറിച്ച്, രണ്ടുമൂന്ന് വർഷമായി ഇതേ നിലയിലാണ് പോകുന്നത്.
തുടരത്തുടരെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് ഇവരെ പട്ടിണിയിലാക്കുന്നത്.പുറംകടലാണെങ്കിൽ ഇതരസംസ്ഥാന വൻകിട ബോട്ടുകൾ സ്വന്തമാക്കിയിരിക്കുന്നു. ഇതും മത്സ്യലഭ്യതയുടെ കുറവിന് കാരണമാണെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു.
രാജ്യത്തെ മുഴുവൻ വ്യവസായശാലകളിലെയും വിഷമാലിന്യം ഒഴുക്കിവിടുന്നതും കടലിലേക്കുതന്നെ.
ഇതും മത്സ്യസമ്പത്തിനെ സാരമായി ബാധിച്ചുവെന്ന് ഇവർ പറയുന്നു. അനധികൃത മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കെതിരെ വകുപ്പുതല നടപടികൾ വരാറുണ്ടെങ്കിലും ആഴക്കടൽ കേന്ദ്രീകരിച്ച് ഇപ്പോഴും വമ്പൻ കമ്പനികൾ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നുണ്ടെന്നും മത്സ്യത്തൊഴിലാളികൾ ആക്ഷേപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.