റാംപില്ലാതെ ആശുപത്രി കെട്ടിടം; ലിഫ്റ്റ് തകർന്ന് ഏഴാംദിവസം
text_fieldsകാസർകോട്: ജനറൽ ആശുപത്രിയിലെ 170 ഇൻപേഷ്യന്റ് രോഗികൾ ചികിത്സയിൽ കഴിയുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകരാറിലായി ഏഴുദിവസം പിന്നിടുന്നു. പടികൾ കയറിയിറങ്ങി രോഗികളും കൂടെ നിൽക്കുന്നവരും ജീവനക്കാരും ഡോക്ടർമാരും പ്രയാസപ്പെടാൻ തുടങ്ങി ഒരാഴ്ച പിന്നിടുന്നു.
കെട്ടിടത്തിന് റാംപില്ലാത്തതിനാൽ ആറ് നിലകളുള്ള കെടിടത്തിലേക്ക് അവശരായവരുൾപ്പെടെ രോഗികൾ കയറിയും ഇറങ്ങേണ്ടിവരുകയാണ്. ആശുപത്രിയിലെ അഞ്ച്, ആറ് നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.യു, ഓപറേഷന് തിയറ്റര്‍ എന്നിവിടങ്ങളിലേക്കടക്കം രോഗികള്‍ പടവുകള്‍ കയറിയോ അല്ലെങ്കില്‍ രോഗികളെ ചുമന്ന് കൊണ്ടോ പോവേണ്ട സ്ഥിതിയാണ്.
പുറത്തുനിന്നുള്ള ടെക്നീഷ്യന്മാരെ എത്തിച്ചതിന് ശേഷമേ തകരാര്‍ പരിഹരിക്കാനാവുകയുള്ളൂവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 15 വർഷം പഴക്കമുള്ള ലിഫ്റ്റാണ് അത്. ലിഫ്റ്റ് നിർമിക്കുകയും സ്ഥാപിക്കുകയും ചെയ്ത കമ്പനി അറ്റകുറ്റപ്പണിയുടെ കാലാവധി കഴിഞ്ഞതിനാൽ ഏറ്റെടുക്കുന്നില്ല. വാർഷിക അറ്റകുറ്റപ്പണികൾക്കായി ടെൻഡർ വിളിച്ചപ്പോൾ ആരും ഏറ്റെടുത്തില്ല.
സ്വന്തം നിലയിൽ അറ്റകുറ്റപണി ചെയ്യുന്നതിന്റെ കാലാവധി കഴിഞ്ഞു. വൻതുക ചെലവു വരുന്നതിനാലാണത്. ലിഫ്റ്റ് നിർമാതാക്കളായ ഇൻഫ്രാ കമ്പനിയുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് ആവശ്യപ്പെട്ടിട്ടും നാളേറെയായി. അവർ അറ്റകുറ്റപ്പണി നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അവരുടെയും പൊതുമരാമത്ത് വിഭാഗത്തിന്റെയും ഇലക്ട്രിക്കൽ വിഭാഗം വന്ന് നോക്കിയിട്ടുണ്ട്. അവർ നൽകുന്ന എസ്റ്റിമേറ്റിൽ പ്രവൃത്തി നടത്തേണ്ടിവരും.
അതും ആശുപത്രിക്ക് താങ്ങാൻ കഴിയുന്നതല്ലെങ്കിൽ ലിഫ്റ്റ് പ്രവർത്തനം പിന്നെയും നീളും. രോഗികളെ കൊണ്ടുപോകുന്ന ലിഫ്റ്റാണ് ആദ്യം തകരാറിലായത്. താൽക്കാലിക പരിഹാരം എന്ന നിലയിൽ ഡോക്ടർമാരും ജീവനക്കാരും ഉപയോഗിക്കുന്ന ലിഫ്റ്റ് രോഗികളും ഡോക്ടർമാരും ജീവനക്കാരും എല്ലാവരും ഉപയോഗിച്ചു തുടങ്ങി. ഭാരം കൂടിയപ്പോൾ രണ്ടാമത്തെ ലിഫ്റ്റും കേടായി. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽനിന്ന് പോകേണ്ട രോഗികളാണ് ഏറെ പ്രയാസപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.