വികസനപാതയിലാണ്; പക്ഷേ, ആവശ്യത്തിന് ജീവനക്കാരില്ല
text_fieldsകാസർകോട്: ജനറൽ ആശുപത്രി വികസനപാതയിലാണെങ്കിലും ആവശ്യത്തിന് ജോലിക്കാരില്ലാത്തതിനാൽ പ്രയാസത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം.
ജില്ലയിലെ പ്രധാനപ്പെട്ട ആശുപത്രികളിൽ എണ്ണം പറഞ്ഞതാണ് ഗവ. ജനറൽ ആശുപത്രി. പല പ്രതിസന്ധികളും തരണംചെയ്താണ് ഇന്ന് കാണുന്ന നിലയിൽ ജനറൽ ആശുപത്രി തലയുയർത്തിനിൽക്കുന്നത്. കുറേയേറെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണിവിടെ. അതേസമയം, സ്റ്റാഫ് നഴ്സുമാരുടെയും ഡോക്ടർമാരുടെയും അപര്യാപ്തതയിൽ മുന്നോട്ടുപോകാൻ പാടുപെടുകയാണ് ജനറൽ ആശുപത്രി ഭരണവിഭാഗം.
1000 മുതൽ 1500 വരെ രോഗികൾ വരുന്ന ആശുപത്രിയിൽ മികച്ച സൗകര്യങ്ങളാണ് നിലവിലുള്ളതെങ്കിലും രോഗികളുടെ അനുപാതത്തിനാവശ്യമായ ജോലിക്കാരില്ലാത്തത് പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുവെന്ന് അധികൃതർ പറയുന്നു. മാസം ശരാശരി 200 പ്രസവം നടക്കുന്നുണ്ട്. എന്നാൽ, മൂന്ന് ഗൈനക്കോളജിസ്റ്റുകളാണ് ഇവിടെയുള്ളത്. ഒരാൾ ദീർഘകാല അവധിയിലാണ്.
നല്ല രീതിയിലുള്ള സൗകര്യവും വൃത്തിയും വെടിപ്പുുള്ള ചുറ്റുപാടും രോഗികൾക്ക് ഏറെ ആശ്വാസംപകരുന്നുണ്ടെങ്കിലും ജീവനക്കാരുടെ ക്ഷാമം ഈ സൗകര്യങ്ങൾക്ക് മങ്ങലേൽപിക്കുന്നു.
ജീവനക്കാർക്ക് താമസസൗകര്യമില്ല
ജില്ലയിലെ പ്രധാനപ്പെട്ട ആശുപത്രിയിൽ സേവനം ചെയ്യുന്നതിൽ ഭൂരിഭാഗംപേരും ജില്ലക്ക് പുറത്തുനിന്നുള്ളവരാണ്. തിരുവനന്തപുരം മുതൽ ഇങ്ങോട്ടുള്ള സ്റ്റാഫുകളാണ് കൂടുതൽ ഇവിടെ ജോലിചെയ്യുന്നത്. എന്നാൽ, ഇവർക്കുള്ള താമസസൗകര്യമില്ലാത്തത് ഒരു പോരായ്മയായി എടുത്തുപറയേണ്ടതാണ്.
പലരും സ്വന്തം കൈയിൽനിന്ന് പൈസ എടുത്താണ് താമസിക്കുന്നത്. ദിവസം 600 രൂപ കൊടുത്ത് പുറത്ത് റൂം എടുത്ത് താമസിക്കേണ്ടുന്ന ഗതികേടിലാണ് ജോലിക്കാർ. ഒരു ദിവസം 600 രൂപ ചെലവാക്കുന്നിടത്ത് ലീവ് എടുക്കുന്നതാണ് ലാഭമെന്ന് ജീവനക്കാർ പറയുന്നു. അതുകൊണ്ടുതന്നെ പലരും സ്ഥലംമാറ്റത്തിന് അപേക്ഷിക്കുകയാണ്. നല്ല താമസസൗകര്യത്തിന് സ്വന്തമായി കെട്ടിടം വേണമെന്നാണ് ജീവനക്കാർ പറയുന്നത്.
ജനറൽ ആശുപത്രിയിലെ ഒഴിവുകൾ
- ഓർത്തോ കൺസൾട്ടന്റ് -ഒന്ന്
- ഇ.എൻ.ടി കൺസൾട്ടന്റ് -ഒന്ന്
- പീഡിയാട്രിക് എസ്.ആർ കൺസൾട്ടന്റ് -ഒന്ന്
- സൈക്യാട്രി കൺസൾട്ടന്റ് -ഒന്ന്
- ജനറൽ മെഡിസിൻ കൺസൾട്ടന്റ് -രണ്ട്
- ജനറൽ സർജറി കൺസൾട്ടന്റ് -ഒന്ന്
- അനസ്തേഷ്യ എസ്.ആർ കൺസൾട്ടന്റ് -ഒന്ന്
- അനസ്തേഷ്യ കൺസൾട്ടന്റ് -ഒന്ന്
- സി.എം.ഒ -മൂന്ന്
- ആർ.എം.ഒ -ഒന്ന്
- അസിസ്റ്റന്റ് ഡെന്റൽ സർജൻ -ഒന്ന്
- ദീർഘകാല അവധിയിലുള്ളവർ
- സി.എം.ഒ (മെഡിക്കൽ ലീവ്) -ഒന്ന്
- സി.എം.ഒ -രണ്ട്
- ഗൈനക്കോളജിസ്റ്റ് -ഒന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.