ഹോട്ടലുകളും കാറ്ററിങ് യൂനിറ്റുകളും ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഉറപ്പാക്കണം -കലക്ടർ
text_fieldsകാസർകോട്: ജില്ലയില്‍ ഫുഡ് സേഫ്റ്റി ലൈസന്‍സ് ഇല്ലാതെ ഹോട്ടലുകളും കാറ്ററിങ് യൂനിറ്റുകളും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്നും ഭക്ഷ്യവിഷബാധ തടയണമെന്നും ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.
ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. ഹോട്ടലുകളിലെയും കാറ്ററിങ് യൂനിറ്റുകളിലെയും ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പുവരുത്തണം.
നല്ല ഭക്ഷണം നല്കി നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന കടകളെ പ്രോത്സാഹിപ്പിക്കും. ഭക്ഷ്യസ്ഥാപനങ്ങളിലും കടകളിലും ജലപരിശോധന ഉറപ്പുവരുത്തണം. തീരുമാനം പൂര്‍ണമായും പാലിക്കുന്നതിനായി ഒരു മാസം സമയം അനുവദിക്കുമെന്നും കലക്ടര്‍ പറഞ്ഞു. തുടര്‍ന്ന് തുടര്‍ച്ചയായ പരിശോധനകള്‍ ഉണ്ടാകും.
തൊഴിലുടമകളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവ് സഹിതം പരാതി നല്കിയാല് കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ഭക്ഷ്യസ്ഥാപനങ്ങള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, റസ്റ്റാറൻറുകള്‍ എന്നിവ ഭക്ഷ്യസുരക്ഷ ലൈസന്‍സ് രജിസ്ട്രേഷന്, ജീവനക്കാരുടെ മെഡിക്കല്‍ പരിശോധന, ജലപരിശോധന റിപ്പോര്‍ട്ട് എന്നിവ ഉറപ്പുവരുത്തണം. പൊതുജനങ്ങള്‍ക്ക് ആരോഗ്യപ്രദമായ ഭക്ഷണം നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു.
സബ് കലക്ടര്‍ സൂഫിയാന് അഹമ്മദ്, ഭക്ഷ്യസുരക്ഷ അസിസ്റ്റൻറ് വൈ.ജെ. സുബിമോള്‍, ജില്ല മെഡിക്കല്‍ ഓഫീസറുടെ പ്രതിനിധി ഡോ. നിർമല്‍ ജെയ്ന്‍, തദ്ദേശ അസി.ഡയറക്ടര്‍ ബി.എന്‍. സുരേഷ്, കെ. അഹമ്മദ് ഷെറീഫ്, എം.വി. പ്രകാശന്, സി.കെ. അജിത് കുമാര്‍, നാരായണ പൂജാരി, സി.എം. ഹസ്സന്, കെ.ജെ. സജി, അബ്ദുല്‍ റിയാസ്, കെ.എസ്. ശിവദാസ്, വിനോദ് കുമാര്‍, കേരള ഹോട്ടല്‍ ആൻഡ് റസ്റ്റാറൻറ് കേരള ബേക്കേഴ്സ് അസോസിയേഷന്, കേരള വ്യാപാരി വ്യവസായ സമിതി, കേരള കാറ്ററിങ് അസോസിയേഷന് പ്രതിനിധികൾ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.