സ്വകാര്യ ആശുപത്രി മാലിന്യം കുടിവെള്ളത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമീഷൻ
text_fieldsകാസർകോട്: സ്വകാര്യ ആശുപത്രിയിലെ സ്വിവേജ് ടാങ്കിൽനിന്നും മാലിന്യം പുറത്തേക്കൊഴുക്കി സമീപവാസികളുടെ വീടുകളിലെ കിണർവെള്ളം മലിനമാക്കുന്ന പ്രശ്നത്തിൽ കാഞ്ഞങ്ങാട് സബ് കലക്ടർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കുടിവെള്ളം കിട്ടാതെ ദുരിതം അനുഭവിക്കുന്ന പ്രദേശവാസികൾക്ക് കുടിവെള്ള വിതരണം പുന:സ്ഥാപിക്കാൻ നിർദേശം നൽകണമെന്നും കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
നടപടി സ്വീകരിച്ചശേഷം സബ് കലക്ടർ / ആർ. ഡി. ഒ പതിനഞ്ചു ദിവസത്തിനകം കമീഷനിൽ രേഖാമൂലം വിശദീകരണം സമർപ്പിക്കണം. ഒക്ടോബറിൽ കാസർകോട് നടക്കുന്ന അദാലത്തിൽ കേസ് പരിഗണിക്കും. മാവുങ്കാലിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി. പരാതിയെ തുടർന്ന് ആർ.ഡി.ഒ സ്ഥലം സന്ദർശിച്ചതായി ആനന്ദാശ്രമം സ്വദേശിനി ആർ. ജയശ്രീ സമർപ്പിച്ച പരാതിയിൽ പറയുന്നു. ആശുപത്രിയിലെ സ്വിവേജ് ടാങ്കിൽ ചോർച്ച കണ്ടെത്തുകയും സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തു. പിന്നീട് ജില്ല മെഡിക്കൽ ഓഫിസർ, മലിനീകരണ നിയന്ത്രണ ബോർഡ്, പൊതുമരാമത്ത്, ഗ്രാമപഞ്ചായത്ത് അധികൃതരെ ഉൾപ്പെടുത്തി ഒരു സാങ്കേതിക സമിതിക്ക് രൂപം നൽകി.
ആർ.ഡി.ഒ നിർദേശം നൽകിയിട്ടും ചോർച്ചയടക്കാൻ ആശുപത്രി അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല. സ്വിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനും നടപടിയെടുത്തില്ല. ഇതിനുപകരം ചോർച്ചയുള്ള ടാങ്കിലേക്ക് പൊതു ശൗചാലയത്തിൽ നിന്നുള്ള പൈപ്പ്ലൈൻ കൂട്ടിച്ചേർക്കുകയാണ് ചെയ്തത്. അധികൃതരുടെ നിർദേശാനുസരണം ആശുപത്രി അധികൃതർ പ്രദേശത്ത് കുടിവെള്ള വിതരണം ആരംഭിച്ചെങ്കിലും മുന്നറിയിപ്പില്ലാതെ നിർത്തിവെച്ചതുകാരണം ജനജീവിതം ദുസ്സഹമായി. സ്വിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതുവരെ കുടിവെള്ള വിതരണം തുടരണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. കുടിവെള്ളം നിഷേധിക്കുന്ന തരത്തിലുള്ള മനുഷ്യാവകാശ ലംഘനമാണ് പ്രദേശത്ത് നടക്കുന്നതെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.