തട്ടുകടയുടമയുടെ പുകവലി കാരണം ആരോഗ്യം ക്ഷയിച്ചെന്ന് പരാതി; ഇടപെടേണ്ടതില്ലെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsകാസർകോട്: വീടിനുമുന്നിലുള്ള തട്ടുകടയിലെത്തുന്നവരും തട്ടുകടയുടെ ഉടമയും നിരന്തരം പുകവലിക്കുന്നത് കാരണം തങ്ങളുടെ ആരോഗ്യം താറുമാറായെന്ന പ്രദേശവാസിയുടെ പരാതിയിൽ ഇടപെടേണ്ടതില്ലെന്ന് മനുഷ്യാവകാശ കമീഷൻ. തൃക്കരിപ്പൂർ പഞ്ചായത്ത് സെക്രട്ടറിയും ചന്തേര പൊലീസ് ഇൻസ്പെക്ടറും സമർപ്പിച്ച റിപ്പോർട്ട് സ്വീകരിച്ചുകൊണ്ടാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്. നിരന്തരമുള്ള പുകവലി കാരണം 71 വയസ്സുള്ള വിമുക്തഭടനായ ഭർത്താവിന്റെയും 63 വയസ്സുള്ള തന്റെയും ആരോഗ്യം ക്ഷയിച്ചതായി പരാതിയിൽ പറയുന്നു.
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ മേനോക്ക് എന്ന സ്ഥലത്ത് താമസിക്കുന്ന എം. മുകുന്ദൻ, ചക്രപാണി ക്ഷേത്രത്തിന്റെ താമരക്കുളത്തിനടുത്തുള്ള ആൽമരത്തറക്ക് സമീപം ഉന്തുവണ്ടിയിൽ പെട്ടിക്കട നടത്തുന്നുണ്ടെന്നും ഇയാൾക്ക് ശാരീരിക അവശതകൾ ഉണ്ടെന്നും പറയുന്നു. ജീവിക്കാൻ മറ്റ് തൊഴിലുകൾ അറിയില്ല. പെട്ടിക്കടയിൽ പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്നില്ലെന്നാണ് മനസ്സിലാക്കുന്നത്. പരാതിക്കാരിയായ കെ.എം. രാജലക്ഷ്മിയുടെ വീടിന് പെട്ടിക്കടയിൽ നിന്നും 50 മീറ്റർ ദൂരമുണ്ട്. സ്ഥലത്ത് പൊലീസ് നിരീക്ഷണം നടത്തി വരുന്നുണ്ടെന്നും നിയമവിരുദ്ധമായ പ്രവൃത്തികൾ കണ്ടാൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും ചന്തേര സ്റ്റേഷൻ ഹൗസ് ഓഫിസർ കമീഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഇടപെടേണ്ടതില്ലെന്ന് കമീഷൻ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.