കാസർകോട് എയിംസ് നിരാഹാര സമരത്തിന് നാളേക്ക് ഒരുമാസം
text_fieldsകാസർകോട്: കേരളത്തിന് കേന്ദ്രം വാഗ്ദാനം ചെയ്ത എയിംസ് കാസർകോടിന് വേണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം പുതിയ ദിശയിൽ. കാൽനടജാഥയും ബഹുജന റാലിയും പൊതുയോഗങ്ങളും സെക്രട്ടേറിയറ്റ് മാർച്ചുമായി മാസങ്ങൾ നീണ്ട സമരമാണ് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് മാറിയത്. പുതിയ ബസ്സ്റ്റാൻഡ് സമീപത്ത് ആരംഭിച്ച നിരാഹാര സമരത്തിന് വെള്ളിയാഴ്ച ഒരുമാസം പിന്നിടും. ജില്ലയിൽ ഇത്രയും നീണ്ട നിരാഹാര സമരം സമീപകാലത്ത് ഒന്നുമുണ്ടായിട്ടില്ല.
സർവകക്ഷി പിന്തുണയോടെയാണ് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ജില്ലയിൽ സമരം ആരംഭിച്ചത്. എയിംസ് അനുവദിക്കാൻ കാസർകോട് ജില്ലയുടെ പേര് ഉൾപ്പെടുത്തി കേന്ദ്രത്തിന് പുതിയ നിർദേശം സമർപ്പിക്കുകയെന്നാണ് പ്രധാന ആവശ്യം. ജില്ലയിലെ അഞ്ച് എം.എൽ.എമാരും ഒപ്പിട്ട് മുഖ്യമന്ത്രിക്ക് നേരത്തേ നിവേദനവും നൽകിയിരുന്നു. ജില്ലയുടെ വിദഗ്ധ ചികിത്സയുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് സർവകക്ഷികൾ ഒന്നിച്ചത്.
എന്നാൽ, കോഴിക്കോട് കിനാലൂരിലാണ് എയിംസ് സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ഭരണപക്ഷ പാർട്ടികൾ സമരത്തിൽനിന്ന് മെല്ലെ പിന്മാറി തുടങ്ങി. ജനകീയ കൂട്ടായ്മയുടെ ആദ്യ പരിപാടികളിൽ പങ്കെടുത്ത ഇടത് എം.എൽ.എമാരുൾപ്പെടെയുള്ള ജനപ്രതിനിധികൾ ഇപ്പോൾ സജീവമല്ല. സംസ്ഥാന സർക്കാറിെൻറ തീരുമാനമാണ് ഇടതുപാർട്ടികളെ പിന്നോട്ടടിപ്പിക്കാൻ കാരണം. കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കാനുള്ള സർക്കാർ നടപടികൾ പുരോഗമിക്കുമ്പോഴും കാസർകോട് സമരം ശക്തമാക്കുന്നുവെന്നതാണ് കൗതുകകരം. പുതിയ നിർദേശം സർക്കാർ നൽകുന്നതുവരെ സമരം തുടരാനാണ് ജനകീയ കൂട്ടായ്മയുടെ തീരുമാനം.
28ാം ദിനത്തിൽ ഉപവസിച്ച് പ്രവാസി കോൺഗ്രസും ജനശ്രീ മിഷനും
കാസർകോട്: എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാരത്തിന്റെ 28ാം ദിവസം പ്രവാസി കോൺഗ്രസ് ജില്ല കമ്മിറ്റിയും ജനശ്രീ മിഷൻ ഉദുമ ബ്ലോക്ക് യൂനിയൻ കമ്മിറ്റിയും ഉപവസിച്ചു. ജനശ്രീ മിഷൻ സംസ്ഥാന കമ്മിറ്റി അംഗം എം. കുഞ്ഞമ്പു നമ്പ്യാർ ഉദ്ഘാടനം ചെയ്തു.
ജനശ്രീ മിഷൻ ഉദുമ ബ്ലോക്ക് ചെയർമാൻ രവീന്ദ്രൻ കരിച്ചേരി അധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് ജില്ല നേതാവ് പത്മരാജൻ ഐങ്ങോത്ത്, ജില്ല സമിതി അംഗം സീതരാമ മല്ലം, കണ്ണൻ കരുവാക്കോട്, റാം കെ.വി.കെ. തണ്ണോട്ട്, അമ്പാടി ഉദുമ, ട്രസീന കരുവക്കോട്, ജനശ്രീ ഭാരവാഹികളായ ലത പനയാൽ, ജയിംസ് കുറ്റിക്കോൽ, രാജകല, നാരായണൻ, രഘു പനയാൽ, സമീറ ഖാദർ, കെ. രാജകല, ഗോപാലകൃഷ്ണൻ പെരിയ, രാജൻ ആയമ്പാറ, ഗിരീശൻ നാലാം വാതുക്കൽ, പി.സി. നസീർ, രാജൻ ചെമ്മനാട്, ഗണേശൻ മുണ്ടോൾ, കൊട്ടൻ ഉദുമ, രവീന്ദ്രൻ മുണ്ടോൾ, പ്രഭാകരൻ പൊയിനാച്ചി, സുബൈർ പടുപ്പ്, അമ്പു പള്ളമ്മൻ, കെ. നാരായണൻ, കെ.എം. അമ്പാടി, ഗീത ജി. തോപ്പിൽ, കെ.വി. മാധവ്, ജനകീയ നീതിവേദി സംസ്ഥാന സമിതി അംഗം ഉസ്മാൻ കടവത്ത്, എം.കെ. ഗിരീഷ്, ഷാഫി കല്ലുവളപ്പിൽ, സലിം ചൗക്കി, പി.കെ. ഫൈസൽ, ഫറീന കോട്ടപ്പുറം, ഹസൈനാർ തോട്ടുംഭാഗം, താജുദ്ദീൻ ചേരൈങ്ക, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഗണേശൻ അരമങ്ങനം, അനന്തൻ പെരുമ്പള, കെ. ഗോപാലകൃഷ്ണ, രഞ്ജിത്ത്, നിതിൻ, ജയ്സിസ് തുടങ്ങിയവർ സംസാരിച്ചു.
ധനലക്ഷ്മി ബാങ്ക് അസി. മാനേജർ നിതിൻ ചന്ദ്ര ജനശ്രീ മിഷൻ നേതാവ് രവീന്ദ്രൻ കരിച്ചേരിക്ക് നാരങ്ങനീര് നൽകി ബുധനാഴ്ചയിലെ ഉപവാസ സമരം അവസാനിപ്പിച്ചു. ഷരീഫ് മുഗു സ്വാഗതവും സിസ്റ്റർ ജയ ആന്റോ മംഗലത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.