അനധികൃത കോഴ്സുകൾ: സുപ്രീം കോടതി ഇടപെടലിൽ പ്രതീക്ഷ
text_fieldsകാസർകോട്: അനധികൃത പാരാമെഡിക്കൽ കോഴ്സുകൾ അരങ്ങുവാഴുന്നതിനിടെ സുപ്രീംകോടതി ഇടപെടലിൽ പ്രതീക്ഷയോടെ വിദ്യാർഥികൾ. നാഷനൽ കമീഷൻ ഫോർ അലെയ്ഡ് ഹെൽത്ത് പ്രഫഷൻ (എൻ.സി.എ.എച്ച്.പി) ആക്ട് 2022ൽ പാസായെങ്കിലും നടപ്പിലായിരുന്നില്ല. ഇതിനെതിരെ ജോയിന്റ് ഫോറം ഓഫ് മെഡിക്കൽ ടെക്നോളജിസ്റ്റ്സ് ഓഫ് ഇന്ത്യ നൽകിയ ഹരജിയിലാണ് എല്ലാ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരുടെയും യോഗം വിളിക്കാൻ കേന്ദ്രസർക്കാറിനോട് സുപ്രീംകോടതിയുടെ കർശന നിർദേശം.
പാരാമെഡിക്കൽ കോഴ്സുകളും ബിരുദങ്ങളും നൽകുന്ന അനധികൃത ഏജൻസികൾ പല ആശുപത്രികളുടെയും പേരുപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പാരാമെഡിക്കൽ കോഴ്സ് തുടങ്ങുന്നതിന് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ (ഡി.എം.ഇ) അംഗീകാരവും ആരോഗ്യ സർവകലാശാല (കെ.യു.എച്ച്.എസ്) അംഗീകാരവും വേണം. എന്നാൽ, ചില കടലാസ് ഏജൻസികൾ നല്ല തുക ഈടാക്കി വിദ്യാർഥികളെ വഞ്ചിക്കുകയാണ്. ഇങ്ങനെയുള്ള കോഴ്സുകൾ കഴിഞ്ഞ് മറ്റൊരു സ്ഥാപനത്തിൽ പോകുമ്പോൾ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറയുമ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി അറിയുക.
2013 ജൂൺ 27ന് യു.ജി.സി പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം പ്രൈവറ്റ്, ഡീംഡ് സർവകലാശാലകൾ എന്നിവക്ക് ഡിപ്ലോമ കോഴ്സുകൾ നടത്തുന്നതിന് ഏതെങ്കിലും കോളജിനെയോ സ്ഥാപനത്തെയോ അഫിലിയേറ്റ് ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.
കെ.യു.എച്ച്.എസിലെ പാരാമെഡിക്കൽ ബിരുദത്തിനുള്ള യോഗ്യത സയൻസ് സ്ട്രീമിനൊപ്പം പന്ത്രണ്ടാം ക്ലാസാണെങ്കിലും ഇതുപോലുള്ള അനധികൃത സ്ഥാപനങ്ങൾക്ക് ബി.വോക്കിന് ഏത് സ്ട്രീമും യോഗ്യമാണ്. ബി.വോക് മൂന്നു വർഷത്തെ ഡിഗ്രി പ്രോഗ്രാമാണെങ്കിൽ, കെ.യു.എച്ച്.എസിന്റെ പാരാമെഡിക്കൽ ഡിഗ്രി പ്രോഗ്രാമുകൾ നാലു വർഷം ദൈർഘ്യമുള്ളതാണ്. ഈയടിസ്ഥാനത്തിൽ കെ.യു.എച്ച്.എസ്, ബി.വോക്കിന് തുല്യത സർട്ടിഫിക്കറ്റ് നൽകില്ല. ഇതില്ലെങ്കിൽ വിദ്യാർഥികൾക്ക് പി.എം.സി രജിസ്റ്റർ ചെയ്യാനും അതുവഴി കേരള പി.എസ്.സി വഴി പാരാമെഡിക്കൽ തസ്തികകൾക്ക് അപേക്ഷിക്കാനും കഴിയാതെവരും. കൂടാതെ, വിദേശജോലികൾക്കും വിലങ്ങുതടിയാകും.
സംസ്ഥാനത്തുടനീളം പൊട്ടിമുളക്കുന്ന അനധികൃത ഡി.എം.എൽ.ടിയും മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളും നടത്തുന്ന ചില ഏജൻസികൾ സാധുവല്ല എന്നുകാണിച്ച് കരിയർ വിദഗ്ധൻ നിസാർ പെറുവാഡ് വിദ്യാഭ്യാസമന്ത്രിക്കും മറ്റും കത്ത് നൽകിയിരുന്നു. അതേസമയം, സുപ്രീംകോടതിയുടെ നിർദേശമനുസരിച്ച് എൻ.സി.എ.എച്ച്.പി നിയമം പ്രാബല്യത്തിൽ വന്നാൽ ഇങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് കടിഞ്ഞാണിടാനാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.