സന്ധ്യയായാൽ ഡിപ്പോയിൽനിന്ന് സർവിസ് കുറവ്; കെ.എസ്.ആർ.ടി.സി യാത്രക്കാർ ദുരിതത്തിൽ
text_fieldsകാസർകോട്: സന്ധ്യയായാൽ പിന്നെ കാസർകോട് ഡിപ്പോയിൽനിന്ന് മംഗളൂരു ഭാഗത്തേക്ക് കേരള- കർണാടക കെ.എസ്.ആർ.ടി.സി ബസ് കിട്ടണമെങ്കിൽ ഓരോ ബസിനും അരമണിക്കൂറെങ്കിലും കാത്തിരിക്കണം. അഞ്ചു മിനിറ്റിൽ ഒരു ബസ് സർവിസുണ്ടായിരുന്ന ഡിപ്പോയിലെ ഇപ്പോഴത്തെ അവസ്ഥയാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. കർണാടക കെ.എസ്.ആർ.ടി.സി ബസുകൾ സന്ധ്യയായാൽ മനപ്പൂർവം സർവിസ് റദ്ദാക്കുകയാണെന്ന ആക്ഷേപവുമുയരുന്നുണ്ട്.
ബസ് കിട്ടാതെവലയുന്ന യാത്രക്കാർ ഡിപ്പോയിലെ അധികൃതരോട് ചോദിച്ചാൽ ബസുകൾ ഡിപ്പോയിലെത്താൻ താമസമെടുക്കുന്നുവെന്നാണ് പറയുന്നത്. ദേശീയപാത സർവിസ് റോഡിലെ ഗതാഗതതടസ്സമാണ് ഇതിന് കാരണമായി പറയുന്നത്.
എന്നാൽ, ചില കർണാടക ആർ.ടി.സി ബസുകൾ മംഗളൂരുവിൽനിന്ന് പുറപ്പെട്ട് കുമ്പളയിൽ ഓട്ടം നിർത്തുന്നതായും ആക്ഷേപമുണ്ട്. കോവിഡ് കാലാനന്തരം കെ.എസ്.ആർ.ടി.സി സർവിസ് വെട്ടിക്കുറച്ചത് പുനഃസ്ഥാപിച്ചില്ലെന്ന് യാത്രക്കാർ പറയുന്നു. ഇതും യാത്രാദുരിതത്തിന് കാരണമായിട്ടുണ്ട്. അതേസമയം, കേരള ആർ.ടി.സി ബസുകൾ കൂടുതലും കട്ടപ്പുറത്താണെന്നും പറയുന്നുണ്ട്.
ഇതും സർവിസിനെ ബാധിക്കുന്നുണ്ട്. വരുമാനത്തിൽ ഏറെ മുന്നിലാണ് കെ.എസ്.ആർ.ടി.സിയുടെ മംഗളൂരു സർവിസ്. എന്നിട്ടും ലാഭത്തിലോടുന്ന ഈ റൂട്ടിൽ കൂടുതൽ ബസ് സർവിസ് നടത്തേണ്ടതല്ലേ എന്നാണ് യാത്രക്കാരുടെ ചോദ്യം. അതിനിടെ, സന്ധ്യയായാൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസുകൾതന്നെ പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്നില്ലെന്ന ആക്ഷേപവും യാത്രക്കാർക്കുണ്ട്.
ഇവിടെ മണിക്കൂറുകളോളമാണ് യാത്രക്കാർ ബസിനായി കാത്തുനിൽക്കുന്നത്. ബസ് വരാത്തതുകാരണം യാത്രക്കാർ മറ്റു കെ.എസ്.ആർ.ടി.സി ബസുകളിൽ കയറി പുതിയ ബസ്റ്റാൻഡിൽനിന്ന് ഡിപ്പോയിൽ എത്തുന്ന സാഹചര്യമാണുള്ളത്. ചിലർ നടന്നും ഓട്ടോപിടിച്ചും ഡിപ്പോയിലെത്തുന്നു. ഇത് യാത്രക്കാർക്ക് അധിക ചെലവിന് കാരണമാകുന്നുവെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.