ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വര്‍ധന
text_fieldsകാസർകോട്: ജില്ലയില്‍ ഭൂഗര്‍ഭജലത്തിന്റെ അളവില്‍ വര്‍ധന കണ്ടെത്തിയതായി ഭൂജല വകുപ്പ് ജില്ല ഓഫിസര്‍ ഇന്‍ചാര്‍ജ് ഒ. രതീഷ് അറിയിച്ചു. വിവിധ ബ്ലോക്കുകളിലെ 67 കിണറുകളിലാണ് ഭൂഗര്‍ഭജല വകുപ്പ് നിരീക്ഷണം നടത്തിയത്.
ഇതില്‍ 83 ശതമാനം കിണറുകളിലും ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ ജനുവരിയില്‍ നടത്തിയ കണക്കെടുപ്പില്‍ 56 നിരീക്ഷണ കിണറുകളില്‍ ജലനിരപ്പ് ഉയര്‍ന്നതായി കാണാന്‍ സാധിച്ചു. ശരാശരി പത്തു സെൻറിമീറ്റര്‍ മുതല്‍ മൂന്നര മീറ്റര്‍ വരെ ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വര്‍ധനവുണ്ടായി.
ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴിയിലാണ് ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ ഏറ്റവും കൂടുതല്‍ വര്‍ധന. 3.452 മീറ്റര്‍ വര്‍ധനയാണ് ഇവിടെ രേഖപ്പെടുത്തിയത്. ബദിയടുക്കയില്‍ 2.841 മീറ്ററിന്റെ വര്‍ധനയും ഉണ്ടായിട്ടുണ്ട്. രണ്ടു വര്‍ഷമായി ലഭിക്കുന്ന മഴയും ജില്ലയിലെ വിവിധ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും നടത്തിവന്നിരുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുമാണ് വർധനക്കു കാരണമായത്.
കിണര്‍ റീച്ചാര്‍ജിങ് പ്രവര്‍ത്തനങ്ങള്‍, ചെക്ക്ഡാം നിര്‍മാണം, റീചാര്‍ജിങ് പിറ്റ് നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സഹായകമായി. ജലശക്തി അഭിയാന്റെ ഭാഗമായി നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, കുളം നിര്‍മാണം എന്നിവയും ജലവര്ധനക്ക് സഹായിച്ചു. എന്നാല്‍, 11 സ്ഥലങ്ങളില്‍ ഭൂഗര്‍ഭജലത്തിന്റെ അളവില്‍ കുറവ് സംഭവിച്ചു. വോര്‍ക്കാടി പഞ്ചായത്തില്‍ ഭൂഗര്‍ഭ ജലത്തില്‍ 2.934 മീറ്ററിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ബന്തടുക്കയില്‍ 2.754 മീറ്ററിന്റെ കുറവുമുണ്ടായി. വോര്‍ക്കാടിയില്‍ നടക്കുന്ന ഭൂജല ചൂഷണത്തിന്റെ ഫലമാണ് കാരണം.
56 കിണറുകളും 21 കുഴൽക്കിണറുകളിലുമാണ് ഭൂജലവകുപ്പ് നിലവില്‍ നിരീക്ഷണം നടത്തിവരുന്നത്. ഗ്രൗണ്ട് വാട്ടര്‍ എസ്റ്റിമേഷന്‍ കമ്മിറ്റിയുടെ പഠനത്തില്‍ ഭൂജല ഉപഭോഗത്തിനെ അടിസ്ഥാനപ്പെടുത്തി രാജ്യത്തെ വിവിധ ബ്ലോക്കുകളെ സേഫ്, സെമി ക്രിട്ടിക്കല്‍, ക്രിട്ടിക്കല്‍ ഓവര്‍ എക്സപ്ലോയിറ്റഡ് എന്നിങ്ങനെ നാലു വിഭാഗമാക്കിയിട്ടുണ്ട്.
ഇതില്‍ കാസര്‍കോട് ബ്ലോക്ക് ക്രിട്ടിക്കല്‍ ഗണത്തിലും കാറഡുക്ക, കാഞ്ഞങ്ങാട്, മഞ്ചേശ്വരം ബ്ലോക്കുകള്‍ സെമി ക്രിട്ടിക്കല്‍ ഗണത്തിലും പെടുന്നു. നീലേശ്വരം, പരപ്പ ബ്ലോക്കുകള്‍ സേഫ് കാറ്റഗറിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.