പോക്സോ കേസുകളുടെ എണ്ണത്തിൽ കുതിപ്പ്
text_fieldsകാസർകോട്: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തിന് ചുമത്തുന്ന പോക്സോ കേസുകളുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നതായി കണക്കുകൾ. 2016മായി താരതമ്യം ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്ത കേസുകൾ 2023ൽ ഇരട്ടിയായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനുള്ള പ്രധാന കാരണം കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിയതല്ല, മറിച്ച് അതിക്രമങ്ങൾ പരാതികളായി കടന്നുവരുന്നത് കൂടിയതാണ് എന്ന വിലയിരുത്തലാണ് ശിശു സംരക്ഷണ സമിതിക്കുള്ളത്. അതിനുപിന്നിലെ പ്രേരകശക്തി സ്കൂളുകൾ കേന്ദ്രീകരിച്ച് കൂടുതൽ കൗൺസലർമാരെ നിയമിച്ചതും.
ആൺ കൗൺസലർമാരുടെ സ്ഥാനത്ത് എം.എസ്.ഡബ്ല്യു കഴിഞ്ഞ പെൺ കൗൺസലർമാർ കൂടിയത് പീഡനത്തിനിരയായ പെൺകുട്ടികളുടെ ഭാഗത്തുനിന്നുള്ള തുറന്നുപറച്ചിലിന് കാരണമായി. വീടകങ്ങളിൽനിന്നുള്ള പരാതികളാണ് ഏറ്റവും കൂടുതൽ. ഇത് 60 ശതമാനം കവിയും. ഈ പരാതികൾ സ്റ്റേഷനുകളിൽ എത്തുന്നത് ഏറെയും സ്കൂൾ കൗൺസലർമാർ വഴിയാണ്. ആൺ കൗൺസലർമാരോടുള്ളതിനേക്കാൾ പെൺ കൗൺസലർമാരോട് പീഡനത്തിനിരയായ കുട്ടികൾ കൂടുതൽ അടുപ്പം കാണിക്കുന്നുണ്ട് എന്നാണ് വിലയിരുത്തൽ. അതിനുപുറമെ കൗൺസലർമാർ, സാക്ഷികൾ, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവർ പരാതികൾ മറച്ചുവെക്കുമ്പോൾ നിയമ നടപടി നേരിടേണ്ടിവരുന്നതും പരാതികളുടെ എണ്ണം കൂടുന്നതിന് കാരണമായി. നേരത്തേ ഒരു ഉപജില്ലയിൽ ഒന്നോ രണ്ടോ കൗൺസലർമാർ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ നാല് സ്കൂളുകൾക്ക് ഒന്ന് എന്ന കണക്കിന് താൽക്കാലിക കൗൺസലർമാരെ നിയമിച്ചിട്ടുണ്ട്.
കാസർകോട് ജില്ലയിൽ മാത്രം 43 കൗൺസലർമാരുണ്ട്. സംസ്ഥാനത്ത് ആയിരത്തിനടുത്ത് കൗൺസലർമാരുണ്ട്. സമീപകാലത്തെ പല സംഭവങ്ങളും പോക്സോ പരാതികളെ കൂടുതൽ ഗൗരവത്തിലെടുക്കാൻ പ്രേരിപ്പിച്ചതായി ശിശുക്ഷേമ സമിതി മുൻ ജില്ല അധ്യക്ഷൻ മധു മുതയക്കാൽ പറഞ്ഞു. കോവിഡ് കാലത്ത് ശിശുസംരക്ഷണ സ്ഥാപനങ്ങളിൽനിന്ന് കുട്ടികളെ വീട്ടിലേക്കയച്ചത് കൂടുതൽ കേസുകൾക്ക് വഴിവെച്ചുവെന്ന് ശിശുക്ഷേമ സമിതി വൃത്തങ്ങൾ പറയുന്നു. സ്വന്തക്കാരിൽ നിന്നും പീഡനത്തിനിരയായ കുട്ടികൾ ഈ കാരണത്താൽ വീണ്ടും പീഡിപ്പിക്കപ്പെട്ടുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.