വ്യവസായ സംരംഭകർ മൊഗ്രാൽ തീരത്തേക്ക്
text_fieldsമൊഗ്രാൽ: തീരദേശ പരിപാലന നിയമലംഘനം ചൂണ്ടിക്കാട്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തീരമേഖല പരിപാലന അതോറിറ്റിയും നേരത്തേ പുറപ്പെടുവിച്ചിരുന്ന ഉത്തരവുകളും നോട്ടീസും ഹൈകോടതി റദ്ദാക്കിയ സാഹചര്യത്തിൽ തീരമേഖലകളിൽ വൻ വ്യവസായ പദ്ധതികളുമായി യുവസംരംഭകർ രംഗത്ത്. കുമ്പള ഗ്രാമപഞ്ചായത്തിലെ മൊഗ്രാൽ തീരദേശ മേഖലയിൽ ഇതിനകംതന്നെ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള നിരവധി റിസോർട്ടുകൾ പ്രവർത്തിച്ചുവരുന്നുണ്ട്.
വിവാഹ പാർട്ടികളും സൽക്കാരങ്ങളുമൊക്കെ കൂടുതലും റിസോർട്ടുകളിലാണ് ഇപ്പോൾ നടന്നുവരുന്നത്. കുമ്പള കോയിപ്പാടി-കൊപ്പളം തീരദേശ റോഡ് സൗകര്യവും വിശാലമായ കടൽതീരവും മറ്റും ഇതിന് അനുകൂലഘടകവുമാണ്.ഇത്തരത്തിലുള്ള വ്യവസായ സംരംഭകർക്ക് സംസ്ഥാന ടൂറിസം വകുപ്പിന്റെ പിന്തുണയുമുണ്ട്. സംസ്ഥാനത്തെ ടൂറിസം മേഖലകളിൽ ഇതിനായി ടൂറിസം വകുപ്പ് നിക്ഷേപ സംഗമങ്ങളും മറ്റും നടത്തിവരുന്നുണ്ട്.
ഈയിടെ ജില്ല പഞ്ചായത്തുതന്നെ ഇത്തരത്തിൽ തീരമേഖലകളിൽ വികസനം സാധ്യമാക്കുന്നതിന് സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പിലാക്കുമെന്നും അറിയിച്ചിരുന്നു. മൊഗ്രാൽ നാങ്കി തീരദേശമേഖലയിൽ ചെമ്മീൻ കൃഷിയടക്കമുള്ള കോടികളുടെ വികസനപദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരുന്നുമുണ്ട്. ഇതുവഴി തീരമേഖലയിൽ വലിയ വികസന സാധ്യതയാണ് ഉണ്ടാകാൻ പോകുന്നത്. മൊഗ്രാൽ കടൽതീരം ടൂറിസം വികസനത്തിന് അനുയോജ്യമായ പ്രദേശമാണ്. വൈകുന്നേരങ്ങളിൽ അസ്തമയം കാണാൻ നൂറുകണക്കിനു സഞ്ചാരികളാണ് കുടുംബസമേതം ദിവസേന കടൽതീരത്തെത്തുന്നത്.
മൊഗ്രാൽ തീരത്തെ ടൂറിസം പദ്ധതികളിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് നേരത്തെ ജനപ്രതിനിധികൾക്കും വകുപ്പ് മേധാവികൾക്കും ജില്ല പഞ്ചായത്തിനും സന്നദ്ധ സംഘടനകൾ നിവേദനങ്ങളും മറ്റും നൽകിവരുന്നുണ്ട്. ടൂറിസം വകുപ്പ് അധികൃതർ പദ്ധതിപ്രദേശം സന്ദർശിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.