ഉൾനാടൻ മത്സ്യകൃഷിയിൽ നൂതന പദ്ധതികളുമായി ഫിഷറീസ് വകുപ്പ്
text_fieldsകാസർകോട്: പൊതുജനപാളിത്തത്തോടെ ഉൾനാടൻ മത്സ്യക്കൃഷി വ്യാപിപ്പിക്കുന്നത് ഫിഷറീസ് വകുപ്പ് നുതന പദ്ധതികൾ നടപ്പാക്കുന്നു. 10 ഹെക്ടറിനു മുകളിൽ വിസ്തൃതിയുള്ളതും നിലവിൽ മത്സ്യക്കൃഷിക്ക് ഉപയോഗിക്കാത്തതുമായി പൊതു ഉടമസ്ഥതയിലും സ്വകാര്യ ഉടമസ്ഥയിലുള്ള ജലാശയങ്ങളിലും കനാലുകളിലും ശാസ്ത്രീയമായി മത്സ്യക്കൃഷി ചെയ്യാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കുടുംബശ്രീ ഗ്രൂപ്പുകൾ, മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ, മറ്റ് സ്വയംസഹായ സംഘങ്ങൾ എന്നിവക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാകാം. പ്രദേശത്തെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ 60 ശതമാനം ധനസഹായം ലഭിക്കും. വരാൽ, കൈതക്കോര, കരിമീൻ എന്നിവയോ കാർപ്പ് മത്സ്യങ്ങളോ പദ്ധതിയിലൂടെ കൃഷി ചെയ്യാം. ഒരു ഹെക്ടർ വിസ്തൃതിയുള്ള ജലാശയത്തിൽ പദ്ധതി നടപ്പാക്കുന്നതിന് പരമാവധി 15 ലക്ഷം രൂപയാണ് അടങ്കൽ തുകയായി നിശ്ചയിച്ചിട്ടുള്ളത്. 10 ഹെക്ടറിനുമുകളിൽ വിസ്തൃതിയിലുള്ള ചിറകളിലും, മറ്റു ജലാശയങ്ങളിലും താൽക്കാലിക വരമ്പുകൾ നിർമിച്ചുള്ള മത്സ്യകൃഷി സാധ്യമല്ലാത്തവയിൽ പെൻ യൂനിറ്റുകൾ / വളപ്പുകൾ സ്ഥാപിച്ച് മത്സ്യകൃഷി ചെയ്യുന്നതിനായുള്ള പദ്ധതിയും ഫിഷറീസ് വകുപ്പ് നടപ്പാക്കും. 20 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള വലകൊണ്ടുള്ള വളപ്പുകളിൽ ഒരു ചതുരശ്രമീറ്ററിൽ 10 മുതൽ 15 വരെ മത്സ്യവിത്തുകൾ നിക്ഷേപിക്കും. ഒരു യൂനിറ്റ് വളപ്പ് സ്ഥാപിക്കുന്നതിനായി 1.75 ലക്ഷം രൂപയാണ് അടങ്കൽ തുകയായി നിശ്ചയിക്കുന്നത്. അടങ്കൽ തുകയുടെ 60 ശതമാനം സർക്കാർ ധനസഹായമായി ലഭിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 04672 202537.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.