അന്വേഷണവും പരിശോധനയും മുറപോലെ; ആശങ്കവളർത്തി മരണവും
text_fieldsകാസർകോട്: സംസ്ഥാനത്ത് ഒരാഴ്ചക്കിടെ രണ്ടു മരണം. കാസർകോട് ജില്ലയിൽ എട്ടുമാസത്തിനിടെ രണ്ടാമത്തെ മരണം. ഭക്ഷ്യവിഷബാധക്കെതിരെ അന്വേഷണവും പരിശോധനയും മുറപോലെ നടക്കുമ്പോഴും ഇടക്കിടെയുണ്ടാകുന്ന മരണങ്ങൾ നാടിനെ നടുക്കുകയാണ്.
പുതുമ തേടിയുള്ള പോക്ക് ചിലർക്കെങ്കിലും മരണത്തിലേക്കുള്ള വഴി തുറക്കുന്നുവെന്നതിലേക്കാണ് ഇത്തരം മരണങ്ങൾ വിരൽ ചൂണ്ടുന്നത്. ഭക്ഷണം വീടുകളിൽ പാകം ചെയ്യാതെ ഹോട്ടലുകളെ ആശ്രയിക്കുന്നത് സമീപകാലത്തായി വർധിക്കുന്നുണ്ട്. നല്ലനിലയിൽ ഭക്ഷണം പാകം ചെയ്ത് ആവശ്യത്തിനനുസരിച്ച് വിതരണം ചെയ്യുന്ന നല്ല ഹോട്ടലുകൾ ഉണ്ട്.
എന്നാൽ ചിലരുടെ അമിത ലാഭക്കൊതി ഭക്ഷ്യവിഷബാധക്കും മരണത്തിനും ഇടയാക്കുകയാണ്. ഭക്ഷ്യവിഷബാധയും മരണങ്ങളും ഉണ്ടാകുമ്പോൾ ഉണരുന്ന അധികൃതർ വിവാദം കെട്ടടങ്ങുന്നതോടെ എല്ലാം മറക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരി രണ്ടിന് കോട്ടയത്ത് നഴ്സ് രശ്മി (33) ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ച സംഭവമുണ്ടാക്കിയ ഞെട്ടൽ വിട്ടുമാറും മുമ്പാണ് കാസർകോട്ട് വിദ്യാഥിനിയുടെ ജീവൻ നഷ്ടമായത്. ഇക്കഴിഞ്ഞ മേയിലാണ് ചെറുവത്തൂരിൽ 16 കാരി ദേവനന്ദ ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചത്.
ഭക്ഷ്യവിഷബാധയും മരണങ്ങളും ഉണ്ടാകുമ്പോൾ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവ് ഇടാറുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർശന പരിശോധനയും നടത്തുന്നുണ്ട്. എന്നാൽ അനിഷ്ടസംഭങ്ങൾ ഇല്ലാതാക്കാൻ ഇതൊന്നും പര്യാപ്തമല്ലെന്നാണ് ഒടുവിൽ കാസർകോട്ടുണ്ടായ സംഭവം വ്യക്തമാക്കുന്നത്.
റെയ്ഡ് നാടകം കൊണ്ട് ഫലമില്ല –ഉണ്ണിത്താൻ എം.പി
കാസർകോട്: ജില്ലയിൽ ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം സംഭവിച്ചത് അതിഗുരുതര കാര്യമാണെന്നും കുറ്റക്കാർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടു
കഴിഞ്ഞ മേയിലും കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ചിരുന്നു. അന്ന് ചെറുവത്തൂരില്‍ 16 വയസുകാരിയായ ദേവനന്ദയെന്ന പെണ്‍കുട്ടിയുടെ മരണം സംസ്ഥാനത്തെയാകെ ദു:ഖിപ്പിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് ഗൗരവതരമായി കാണണമെന്നും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രം നടത്തുന്ന റെയ്ഡ് നാടകങ്ങൾ കൊണ്ട് ഒരു ഫലവും ഉണ്ടാകുന്നില്ലെന്നും എം.പി പ്രസ്താവനയിൽ പറഞ്ഞു.
പഴയതും ഗുണ നിലവാരമില്ലാത്തതുമായ ഭക്ഷ്യ വസ്തുക്കൾ ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ വഴി ഷവർമയായും കുഴിമന്തിയായും വിറ്റുതീർക്കുന്ന വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്നും ഇത്തരക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു തക്കതായ ശിക്ഷ നൽകണമെന്നും എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.