ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന; കാസർകോട് രണ്ടു കടകൾ അടപ്പിച്ചു
text_fieldsകാസർകോട്: ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സാഹചര്യത്തിൽ ജില്ലയിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന തുടരുന്നു. കാസർകോട്, കാഞ്ഞങ്ങാട് മേഖലകളിലായി വെള്ളിയാഴ്ച നടന്ന പരിശോധനയിൽ രണ്ട് കടകൾ അടപ്പിച്ചു. രണ്ട് കടകൾക്ക് പിഴയും ഈടാക്കി. ഹോട്ടലുകൾ, പച്ചക്കറി കടകൾക്കെതിരെയാണ് നടപടി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുടെ ലൈസൻസ് ഇല്ലാത്ത കടകൾക്കെതിരെയാണ് നടപടിയെടുത്തത്. കാഞ്ഞങ്ങാട്, ചെറുവത്തൂർ, കാസർകോട് കലക്ടറേറ്റ് പരിസരം തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ വിപണനം നടത്തുന്ന കടകൾക്ക് നോട്ടീസും നൽകി. ഭക്ഷ്യ സുരക്ഷ ഓഫിസർമാരായ കെ. സുജയൻ, എസ്. ഹേമാംബിക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ജില്ലയിലെ കടകളിൽ പരിശോധന വേണ്ടത്ര നടത്തുന്നില്ലെന്ന് എ.ഡി.എം കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ കടുത്ത നടപടികൾക്ക് സാധ്യതയുണ്ട്. ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പ്ലസ് വണ്‍ വിദ്യാർഥിനി മരിച്ച സംഭവത്തിലാണ് എ.ഡി.എം എ.കെ. രമേന്ദ്രന്‍ അന്വേഷണം നടത്തി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പരാതികള്‍ ഉണ്ടാകുന്ന അവസരത്തില്‍ മാത്രമാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതെന്നും പരിശോധന സംബന്ധിച്ച രജിസ്റ്ററുകളോ മറ്റ് രേഖകളോ ബന്ധപ്പെട്ട പഞ്ചായത്തോഫിസില്‍ സൂക്ഷിക്കുന്നില്ലെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഭക്ഷ്യവിഷബാധയുണ്ടായ സമയത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ചുമതല വഹിച്ച ഉദ്യോഗസ്ഥനും കാര്യമായി പരിശോധന നടത്താറില്ലെന്നാണ് എ.ഡി.എമ്മിനു നൽകിയ മൊഴി. പരിശോധന സംബന്ധിച്ച രജിസ്റ്ററുകളൊന്നും സൂക്ഷിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇത്രയും കുത്തഴിഞ്ഞ രീതിയിലാണ് ഉദ്യോഗസ്ഥ സംവിധാനം പ്രവർത്തിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരംകൂടിയാണ് അന്വേഷണ റിപ്പോർട്ടിലൂടെ പുറത്തുവന്നത്.
നീലേശ്വരത്ത് ഹോട്ടലുകളിലും കൂൾബാറുകളിലും പരിശോധന
നീലേശ്വരം: നഗരസഭ ആരോഗ്യ വിഭാഗം ഭക്ഷണശാലകളിൽ വ്യാപക പരിശോധന നടത്തി. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി.പി. മോഹനന്റെ നേതൃത്വത്തിൽ കൂൾബാറിലും ഹോട്ടലുകളിലുമാണ് പരിശോധന നടത്തിയത്. നഗരസഭ പ്രദേശത്തെ മലബാർ പാലസ്, ശ്രീകൃഷ്ണവിലാസം, മഹാമായ, ഹോട്ടൽ അംബിക, വസന്തവിഹാർ, ഉണ്ണിമണി ഹോട്ടൽ, വനിത ഹോട്ടൽ, ഗോൾഡൻ ഗെയിറ്റ്, ഇന്ത്യൻ റസ്റ്റാറന്റ്, ബദരിയ്യ, നളന്ദ റിസോർട്ട്, മോഡേൺ കൂൾ ബാർ, ദോശ ഹട്ട് , ബെസ്റ്റ് ബേക്കറി , കമൽ ടീസ്റ്റാൾ, യെല്ലോ പെൻഗ്വിൻ, ചിക്കൻ പാർക്ക് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ശുചീകരണത്തിന് നോട്ടീസ് നല്കി. കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം നൽകാതിരിക്കരുതെന്നും പഴകിയ ഭക്ഷണസാധനങ്ങൾ വിൽപനക്കായി സൂക്ഷിക്കരുതെന്നും പിടിച്ചെടുത്താൽ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നിയമ നടപടികൾ ഉണ്ടാകുമെന്നും വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി. തുടർ പരിശോധന ഉണ്ടാകുമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി എ. ഫിറോസ് ഖാൻ അറിയിച്ചു.
ചെറുവത്തൂരിൽ ഹോട്ടൽ വ്യാപാരം സാധാരണ നിലയിലേക്ക്
ചെറുവത്തൂർ: ചെറുവത്തൂരിലെ കൂൾബാറിൽനിന്ന് ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ ഹോട്ടൽ വ്യാപാര മേഖല സാധാരണ നിലയിലേക്ക്. ഹോട്ടൽ മേഖലയെയാണ് ഷവർമ സംഭവം പ്രധാനമായും ബാധിച്ചത്. ചെറുവത്തൂരിൽ നിരവധി കൂൾബാറുകൾ ഉണ്ടെങ്കിലും ഷവർമ അടക്കമുള്ള ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നിടങ്ങൾ കുറവാണ്. സംഭവത്തെ തുടർന്ന് ആരോഗ്യ പ്രവർത്തകർ, ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ഊർജിതമായ പരിശോധനയാണ് നടത്തുന്നത്. നന്നായി ഭക്ഷണം വിളമ്പുന്നവരെയടക്കം സംശയത്തിന്റെ നിഴലിൽ നിർത്തിയാണ് പല സംഘങ്ങളുടെയും പരിശോധനയെന്ന് പരാതിയുണ്ട്. ഭക്ഷണം കഴിക്കാൻ ജനങ്ങൾ എത്താത്തതും ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കി. എന്നാൽ, കഴിഞ്ഞ ദിവസത്തോടെ ഹോട്ടൽ മേഖല സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.