കുടിവെള്ളം ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം
text_fieldsകാസര്‍കോട്: ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്ക് ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ നിർദേശം നൽകി.
നിലവിൽ ജില്ലയിൽ ആശങ്ക ജനകമായ സാഹചര്യമില്ലെന്നും ജില്ല ദുരന്ത നിവാരണ സമിതിയുടെയും ഗ്രാമപഞ്ചായത്ത്, മുനിസിപ്പൽ സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ കലക്ടര്‍ അറിയിച്ചു.
ബാവിക്കര കുടിവെള്ള പദ്ധതിയിൽ മേയ് 31വരെ വിതരണത്തിന് കുടിവെള്ളം ലഭ്യമാണ്. തദ്ദേശസ്ഥാപനങ്ങൾ പ്രാദേശിക സ്രോതസ്സുകൾ ഉപയോഗിച്ച് വെള്ളം എത്തിക്കണം.
കുടിവെള്ള പദ്ധതികൾ ജലനിധി പദ്ധതി കുഴൽക്കിണർ, പൊതുകിണർ എന്നിവയും പരമാവധി ഉപയോഗിക്കണം. ഏതെങ്കിലും പഞ്ചായത്തിൽ ആവശ്യമായ കുടിവെള്ളം ലഭ്യമല്ലെങ്കിൽ ബാവിക്കര പദ്ധതിയിൽ നിന്ന് കുടിവെള്ളം ഉപയോഗിക്കാം.
കുടിവെള്ളക്ഷാമം രൂക്ഷമായി നേരിടുന്നവർ കലക്ടറേറ്റിലെ കൺട്രോൾ റൂമിൽ അറിയിക്കണമെന്ന് കലക്ടർ അറിയിച്ചു. ജില്ല ദുരന്ത നിവാരണ വിഭാഗം ഹസാർഡ് അനലിസ്റ്റ് അശ്വതി കൃഷ്ണയെ കോഓഡിനേറ്ററായി നിയമിച്ചിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു. കൺട്രോൾ റൂം നമ്പർ: 04994257700, 9446601700.
കോളനികളിലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലുമെല്ലാം കുടിവെള്ളം എത്തിക്കണമെന്ന് നിർദേശം നൽകി.
മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പട്ടികവര്‍ഗ കോളിനികളിലും മറ്റും സന്ദര്‍ശനം നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. മേയ് 31വരെ ആവശ്യമായുള്ള ജലം ജില്ലയിലുണ്ടെന്നും മേയ് ആറ് മഴ ലഭിച്ച് തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മേയ് ആറിനകം ഫയര്‍ ഓഡിറ്റ് പൂര്‍ത്തിയാക്കി ഏഴിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിച്ചു. ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകളും മൂന്നു മുനിസിപ്പാലിറ്റികളും കുടിവെള്ള വിതരണം നടത്തിവരുന്നുണ്ടെന്നും.അവശ്യ ഘട്ടത്തില്‍ കുടിവെള്ള വിതരണം ആരംഭിക്കുന്നതിന് മറ്റ് തദ്ദേശ സ്ഥാപനങ്ങളും സജ്ജമാണെന്നും കലക്ടര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.