കുറ്റകൃത്യങ്ങൾ ഏറി; അന്തർ സംസ്ഥാന തൊഴിലാളികളുടെ കണക്ക് എങ്ങുമില്ല
text_fieldsകാസർകോട്: ജില്ലയിലേക്ക് അന്തർ സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് തുടരുമ്പോഴും ഇവരുടെ കണക്കൊന്നും പൊലീസിന്റെ പക്കലില്ലെന്ന് ആരോപണം. നൂറുകണക്കിന് തൊഴിലാളികളാണ് ദിനേന ജില്ലയിലേക്കുമാത്രം എത്തുന്നത്. നിർമാണ മേഖല മുതൽ എല്ലാ രംഗത്തും ഇവർ സജീവമാണ്.
ക്രിമിനൽ സ്വഭാവമുള്ളവരും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരും ഇവർക്കിടയിലുണ്ടെന്ന് ഈ അടുത്തകാലത്തായി കണ്ടെത്തിയ ഒട്ടനവധി കേസുകളിൽനിന്ന് മനസ്സിലാക്കാൻ കഴിയും.
നാട്ടിലെ ക്രിമിനൽ കേസുകളിൽനിന്ന് രക്ഷപ്പെടാനുള്ള ഒളിത്താവളമായി കേരളം മാറിയോ എന്നുപോലും ചിന്തിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളതെന്ന് പൊതുപ്രവർത്തകർ പറയുന്നു.
കൊടും കുറ്റവാളിയെയാണ് 2024 ഡിസംബറിൽ കാഞ്ഞങ്ങാട്ടുനിന്ന് അസം പൊലീസ് നേരിട്ടെത്തി അറസ്റ്റ് ചെയ്തത്. ഒരു ക്വാർട്ടേഴ്സിൽനിന്നാണ് വ്യാജ രേഖയുണ്ടാക്കി അസം സ്വദേശിയെന്ന് പറഞ്ഞ് താമസിച്ച ബംഗ്ലാദേശ് സ്വദേശി ഷാബ് ഷെയ്ഖിനെ പിടികൂടിയത്.
ജില്ലയിലെത്തുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ വിശദവിവരങ്ങൾ പൊലീസിന്റെ കൈയിലെത്താത്തതാണ് കൊടും കുറ്റവാളികളടക്കം ജില്ലയിൽ തങ്ങുന്നത്. ഇവർക്ക് താമസമൊരുക്കിക്കൊടുക്കുന്ന കെട്ടിട ഉടമകൾ ഇവരിൽനിന്ന് ശേഖരിക്കുന്ന കൃത്യമായ വിവരം പൊലീസിന് നൽകാറുമില്ല, ചോദിക്കാറുമില്ല.
നല്ല വാടക ലഭിക്കുന്നതിനാൽ പലരും ഇവരിൽനിന്ന് രേഖപോലും വാങ്ങാറുമില്ല. അതിനിടെ, ജില്ലയിലേക്ക് വൻതോതിൽ മയക്കുമരുന്നുകൾ എത്തിക്കുന്നതിലും ഇവരുടെ പങ്ക് തള്ളിക്കളയാനാവില്ല.
ഇവർ നാട്ടിൽ പോയി തിരിച്ചുവരുമ്പോൾ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന പരാതിയും ഏറിവരുന്നുണ്ട്. നിരോധിത പുകയില ഉൽപന്നങ്ങൾ ഇവർ വഴിയാണത്രെ കേരളത്തിലേക്ക് എത്തുന്നതെന്ന പരാതിയും നേരത്തേയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.