നവകേരള സദസ്സില്‍ ലഭിച്ച പരാതികളുടെ പരിശോധന തുടരുന്നു
text_fieldsകാസർകോട്: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന്റെ ഭാഗമായി പൊതുജനങ്ങളില്‍നിന്ന് ലഭിച്ച പരാതികളുടെ പരിശോധനയും സ്കാനിങ്ങും ഡേറ്റാ എന്‍ട്രിയും പുരോഗമിക്കുന്നു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് പി.ആര് ചേംബറില്‍ പ്രത്യേകം സജ്ജീകരിച്ച സംവിധാനങ്ങളിലൂടെ 64 റവന്യൂ ജീവനക്കാര്‍ പരാതികളിന്മേലുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ലഭിച്ച 1908 പരാതികളില്‍ 1874 പരാതികള്‍ സ്കാന്‍ ചെയ്ത് പ്രത്യേകം പോര്‍ട്ടലിലേക്കുള്ള ഇവയുടെ ഡേറ്റ എന്‍ട്രി നാല് ദിവസത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കി.
34 പരാതികള്‍ അപൂര്ണമായതിനാല് ഇവ വീണ്ടും താലൂക്ക് ഓഫിസിലേക്ക് കൈമാറും. വില്ലേജ് ഓഫിസുകളില്‍ നിന്ന് പരാതിക്കാരുടെ വിവരം ശേഖരിച്ച് വീണ്ടും അപേക്ഷ അയക്കാന്‍ ആവശ്യപ്പെടും. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്ന് ലഭിച്ച 3451 പരാതികളുടെ സ്കാനിങ് ബുധനാഴ്ച പൂര്‍ത്തിയാക്കി ഇവയുടെ ഡേറ്റ എന്‍ട്രി പുരോഗമിക്കുകയാണ്. ഉദുമ നിയോജക മണ്ഡലത്തില്‍ നിന്ന് ലഭിച്ച 3733 പരാതികളുടെ സ്കാനിങ് ആരംഭിച്ചു.
തൊഴില്‍സമയം കഴിഞ്ഞും സജീവമായി ജീവനക്കാര്‍
നവകേരള സദസ്സില്‍ ലഭിച്ച പരാതികളുടെ സ്കാനിങ്ങും ഡാറ്റാ എന്‍ട്രിയും പൂര്‍ത്തിയാക്കാന്‍ രാത്രിയിലും സജീവമായി ജീവനക്കാര്‍. രാവിലെ 10ന് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രാത്രി എട്ടു വരെ തുടര്‍ന്നു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് പി.ആര് ചേംബറില്‍ സജ്ജീകരിച്ച കമ്പ്യൂട്ടറുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും സഹായത്തോടെയാണ് ജീവനക്കാര്‍ സ്കാനിങ്ങും ഡേറ്റാ എന്‍ട്രിയും നടത്തിവരുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലും ലഭിച്ച പരാതികളുടെയും സ്കാനിങ്ങും തുടര്‍ന്ന് ഡേറ്റാ എന്‍ട്രിയും അതിവേഗം പൂര്‍ത്തിയാക്കി തുടര്‍നടപടികളിലേക്ക് കടക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.