മത്സ്യക്കച്ചവടം മാലിന്യത്തിലോ?...
text_fieldsകാസർകോട്: നഗരത്തിലെ പ്രധാനപ്പെട്ട മത്സ്യവിതരണ വിപണനകേന്ദ്രത്തിൽ മാലിന്യംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ജനം. മലിനജലം തളംകെട്ടിനിൽക്കുന്ന വൃത്തിഹീനമായ ചുറ്റുപാടിൽനിന്നാണ് മത്സ്യം വിൽക്കുന്നത്. നഗരസഭയുടെ നിയന്ത്രണത്തിലുള്ളതാണ് മത്സ്യമാർക്കറ്റെങ്കിലും നഗരസഭക്ക് ഒരു നിയന്ത്രണവും ഇവിടെയില്ല എന്നാണ് തൊഴിലാളികളടക്കം പറയുന്നത്. ഫിഷറീസ് ഡിപ്പാർട്മെന്റ് ഇത് ഏറ്റെടുത്ത് പുനർനിർമിച്ചെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് ഉപകാരപ്പെടുന്നവിധത്തിലല്ല നിർമാണമെന്ന് ആക്ഷേപമുയർന്നിരുന്നു. രാവിലെ അഞ്ചു മണിക്ക് മുന്നേ എത്തിയാലേ മത്സ്യം കൊടുക്കുള്ളൂ എന്നാണ് ഇവിടത്തെ അലിഖിത നിയമം. മലയോരമേഖലയിൽനിന്നും ജില്ലയുടെ ദൂരസ്ഥലങ്ങളിൽനിന്നും മത്സ്യം കയറ്റാനെത്തുന്ന തൊഴിലാളികൾ രാത്രിതന്നെ പുറപ്പെടേണ്ട അവസ്ഥയാണ് നിലവിൽ. കാരണം, രാവിലെ അഞ്ചു മണിക്കുമുന്നേ മത്സ്യമാർക്കറ്റിൽ എത്തിയില്ലെങ്കിൽ അവർക്ക് മത്സ്യംകിട്ടാത്ത സ്ഥിതിയാണ്. ഉപയോഗിക്കാൻ പറ്റാത്തവിധത്തലാണ് മത്സ്യവിതരണ വിൽപന കേന്ദ്രം ഇപ്പോഴുള്ളത്. ബാഹ്യശക്തികളുടെ ഇടപെടലാണ് ഇതിന് പിന്നിലുള്ളതെന്നും ആരോപണമുണ്ട്. അതുകൊണ്ടുതന്നെ കാസർകോടിന്റെ പലഭാഗങ്ങളിലും ചെറിയചെറിയ മത്സ്യമാർക്കറ് പൊങ്ങിവന്നു. ചെർക്കള, വിദ്യാനഗർ, നായന്മാർമൂല തുടങ്ങിയ ഒറ്റപ്പെട്ടസ്ഥലങ്ങളിൽ മത്സ്യവിൽപന തുടങ്ങി.
നഗരത്തിലെ മത്സ്യമാർക്കറ്റിൽനിന്ന് മീൻ കിട്ടാത്ത സാഹചര്യമായപ്പോഴാണ് പ്രാദേശിക മാർക്കറ്റുകൾ പൊങ്ങിവന്നത്. ഇതിലൊക്കെ നടപടിയെടുക്കേണ്ടത് മുനിസിപ്പാലിറ്റിയാണ്. മത്സ്യമാർക്കറ്റിലേക്ക് വണ്ടികയറാനുള്ള ഫീസും തോന്നിയപോലെയാണ് വാങ്ങുന്നതെന്നും ആക്ഷേപമുണ്ട്. തലച്ചുമടായി വരുന്നവർക്ക് 10 രൂപയും ലോറികൾക്ക് 100 രൂപയും മറ്റുമാണ്. എല്ലാവർഷവും ഫീസ് ഈടാക്കാൻ കരാർ കൊടുക്കുകയാണ് ചെയ്യുന്നത്. ഇവരാണ് തോന്നിയപോലെ ഫീസ് വാങ്ങുന്നത്. റോഡ് സൈഡിലെ മത്സ്യവിൽപന നിർത്തി ഒരു സ്ഥലത്തേക്ക് കേന്ദ്രീകരിച്ചാൽതന്നെ ഒരുവിധം ശരിയാകുമെന്നാണ് ജനങ്ങൾ പറയുന്നത്. അഴുക്കുചാലിൽനിന്നുള്ള ഈ വിൽപനയിൽ രോഗം വരാൻ എവിടെയും പോകേണ്ട.
2014ൽ ടി. അബ്ദുല്ല ചെയർമാനായ സമയത്താണ് മത്സ്യമാർക്കറ്റ് നിർമിച്ചത്. മയസ്യ മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് മാലിന്യം ചാക്കിൽ കെട്ടി കൊണ്ടിടുന്നതും കൂട്ടിയിടുന്നതും കാഴ്ചകൾക്ക് മങ്ങലുണ്ടാക്കുന്നുണ്ട്. മത്സ്യമാർക്കറ്റ് കെട്ടിടം ബിനാമികൾക്കുവേണ്ടി ചെയ്ത കെട്ടിട പ്ലാനാണെന്നാണ് തൊഴിലാളി യൂനിയനുകളുടെ ആരോപണം. മൂന്നുപ്രാവശ്യമാണ് ഇത് പുതുക്കിപ്പണിതതെന്നും കച്ചവടക്കാരുടെ ചെറിയൊരു വിഹിതം അധികൃതർക്ക് കൊടുത്ത് പരാതി ഒതുക്കുന്നതായും ആരോപണമുണ്ട്. (തുടരും....)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.