ഇങ്ങനെ മതിയോ മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ്; പ്രവേശനം നേടിയിട്ടും "സീറ്റി'ല്ലാതെ വിദ്യാർഥികൾ
text_fieldsമൊഗ്രാൽ: കഴിഞ്ഞ രണ്ടുദിവസമായി മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ് ഹ്യൂമാനിറ്റീസ് കോഴ്സിലെ വിദ്യാർഥികൾക്ക് അവധിയാണ്. സമരമോ പ്രകൃതിക്ഷോഭമോ മൂലമല്ല. സ്കൂളിൽ ഇരിക്കാനിടമില്ല.
കഴിഞ്ഞവർഷം കോഴ്സ് അനുവദിച്ചപ്പോൾ ഇരിപ്പിടം കഷ്ടപ്പെട്ട് തരപ്പെടുത്തി. ഇത്തവണ അതിനും കഴിയുന്നില്ല. ക്ലാസ് മുറിയുൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ മൊഗ്രാൽ ജീ.വി.എച്ച്.എസ്.എസ് ഹയർസെക്കൻഡറി വിഭാഗം പഠനപ്രതിസന്ധിയിലാണ്. കഴിഞ്ഞവർഷം എ.കെ.എം അഷ്റഫ് എം.എൽ.എയുടെ ഇടപെടൽമൂലം ലഭിച്ച ഹ്യൂമാനിറ്റീസ് കോഴ്സിന് ക്ലാസ് മുറിയും ഇരിക്കാൻ ബെഞ്ചും ഡെസ്കും ഇല്ല.
കഴിഞ്ഞവർഷം തട്ടിക്കൂട്ടിയാണ് ഒരു ക്ലാസ് മുറി ഒപ്പിച്ചെടുത്തത്. അനുവദിച്ച കോഴ്സ് നഷ്ടപ്പെടാതിരിക്കാൻ മറ്റ് ക്ലാസുകളിൽനിന്ന് ബെഞ്ചും ഡെസ്കും എടുത്തായിരുന്നു കോഴ്സ് ആരംഭിച്ചത്. പുതിയ ബാച്ചിലെ കുട്ടികൾ വന്നതോടെ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായി.
സ്കൂൾ പി.ടി.എ ജില്ല പഞ്ചായത്തുമായി ബന്ധപ്പെട്ടെങ്കിലും അടിയന്തിരമായി ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് അറിയിച്ചത്. ഹയർസെക്കൻഡറിയുടെ പഴയ കെട്ടിടത്തിനു മുകളിലേക്ക് അധികൃതർ കോണിപ്പടി സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാതിലും ജനലുമൊന്നും സ്ഥാപിച്ചിട്ടില്ല. ഇതിന് കാലതാമസമെടുക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഹയർസെക്കൻഡറിയിൽ സീറ്റ് കിട്ടാതെ ജില്ലയിൽ നൂറുകണക്കിന് വിദ്യാർഥികളുടെ തുടർപഠനം മുടങ്ങിയ സാഹചര്യത്തിലും കിട്ടിയ കോഴ്സിന് അടിസ്ഥാന സൗകര്യമൊരുക്കാത്തതിൽ രക്ഷിതാക്കൾ അമർഷം പ്രകടിപ്പിച്ചു.
പഠന പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.