സർവിസ് റോഡിനായി സമരം തുടങ്ങിയിട്ട് ഒരുമാസം
text_fieldsചെർക്കള: ദേശീയപാത വികസനത്തിൽ സർവിസ് റോഡ് നിഷേധിക്കപ്പെട്ട തെക്കിൽ - ബേവിഞ്ച ഭാഗത്ത് സർവിസ് റോഡ് നിർമിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല.
ബേവിഞ്ചയിൽ ആരംഭിച്ച സമരം തെക്കിൽ പാലത്തിനു വടക്കുഭാഗത്തുകൂടി തുടങ്ങിയിട്ട് ഒരുമാസം തികയുന്നു. ദേശീയപാത വികസിക്കുമ്പോൾ തദ്ദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് സർവിസ് റോഡ് നിർമിക്കുന്നത്. എന്നാൽ, ബേവിഞ്ചയിലെയും തെക്കിലിലെയും ജനങ്ങൾക്ക് ഇത് നിഷേധിക്കുകയാണ്. തെക്കിൽ പാലത്തിനപ്പുറവും ഇപ്പുറവുമായി രണ്ട് കർമസമിതികൾ സമരം തുടരുകയാണ്. ബേവിഞ്ച ഇറക്കം മുതൽ തെക്കിൽ കയറ്റം വരെ ഇടുങ്ങിയ ദേശത്താണ് സർവിസ് റോഡ് നിഷേധിക്കപ്പെട്ടത്. തെക്കിൽ പാലത്തിന്റെ കാസർകോട് ഭാഗത്ത് ആരംഭിച്ച സമരം പുതിയ കർമ സമിതിയാരംഭിച്ച് കാഞ്ഞങ്ങാട് ഭാഗത്തേക്കും പടർന്ന് ഇന്നേക്ക് ഒരുമാസമായി.
ഗതാഗത സൗകര്യം ഏറെ കുറഞ്ഞ മേഖലയും കൂടിയാണിത്. ദേശീയപാത ആറുവരിയിൽ സർവിസ് റോഡ് ഇല്ലാത്ത ഏക സ്ഥലമാണ് ചെർക്കള-ചട്ടഞ്ചാൽ പ്രവൃത്തി മേഖല. അടിപ്പാതക്കും മേൽപാതക്കുംവേണ്ടി സമരങ്ങൾ ഉയർന്ന മേഖലകളിലെ ഏറെയും ആവശ്യങ്ങൾ അംഗീകരിച്ചുകഴിഞ്ഞു. എന്നാൽ, ഏറ്റവും പ്രഥമമായ ആവശ്യമായ സർവിസ് റോഡിനു വേണ്ടിയുള്ള സമരത്തോട് മുഖംതിരിക്കുകയാണ്.
ചെർക്കള മുതൽ ചട്ടഞ്ചാൽ വരെ ഇരുഭാഗങ്ങളിലും സർവിസ് റോഡ് അനുവദിക്കുകയെന്നതിനുപുറമെ തെക്കിൽ ഫെറിയിലേക്ക് അടിപ്പാത നിർമിക്കണമെന്ന ആവശ്യം കൂടി സമരക്കാർ മുന്നോട്ടുവെക്കുന്നുണ്ട്. തെക്കിൽ പാലം മുതൽ ടാറ്റ ആശുപത്രി വരെയുള്ള നിർദിഷ്ട ദേശീയപാതയിൽ ഇരുവശത്തുമായി 380 മീറ്റർ സർവിസ് റോഡാണ് കർമസമിതി നിർദേശിക്കുന്നത്.
പോസ്റ്റ് ഓഫിസ്, വ്യവസായ കേന്ദ്രം, ടാറ്റ ആശുപത്രി, ജി.യു.പി.എസ് തെക്കിൽ വെസ്റ്റ്, തെക്കിൽ ഈസ്റ്റ് സ്കൂൾ, അംഗൻവാടികൾ, ഹെൽത്ത് സെന്റർ, പകൽവീട്, മദ്റസകൾ, അഞ്ച് പള്ളികൾ, അഞ്ച് ക്ഷേത്രങ്ങൾ, റേഷൻ േഷാപ്, ലൈബ്രറി, സാംസ്കാരിക കേന്ദ്രങ്ങൾ, ക്ലബുകൾ ഇങ്ങനെ ഒട്ടേറെ സ്ഥാപനങ്ങൾ ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ചെമ്മനാട്, ചെർക്കള, മുളിയാർ പഞ്ചായത്തുകൾ സംഗമിക്കുന്ന മേഖലയാണിത്. ഏതാണ്ട് 800 കുടുംബങ്ങളാണ് ഈ ഭാഗങ്ങളിൽ താമസിക്കുന്നത്. ഉക്രംപാടി, തൈര, ബന്താട്, തെക്കിൽ ദേലംപാടി, തെക്കിൽ പള്ളിക്കര എന്നിവിടങ്ങളിലെ ജനങ്ങളെയാണ് സർവിസ് റോഡ് നിഷേധം സാരമായി ബാധിക്കുന്നത്.
ഇടുങ്ങിയതും വേണ്ടത്ര പാതകളും ഇല്ലാത്ത ഇടം. സർവിസ് റോഡില്ലാതായാൽ നിലവിലെ ചെറു റോഡുകളും ഉപയോഗയോഗ്യമല്ലാതാകുമെന്നാണ് ജനങ്ങളുടെ ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.