ദാഹജലമാണ്, മറക്കരുത്
text_fieldsകാസർകോട്: വേനലിൽ ചുട്ടുപഴുക്കുന്ന ചുറ്റുപാടിൽ ഒരിറ്റുദാഹജലത്തിന് നാം അലയാറുണ്ട്. എന്നാൽ, കാസർകോട് നഗരത്തിൽ ആ ദാഹജലം യഥേഷ്ടം ഒഴുകിപ്പോവുകയാണ്. കഴിഞ്ഞ ഒന്നുരണ്ട് മാസമായി പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള ജങ്ഷനിൽ റോഡിന് നടുവിലായി പൈപ്പ് പൊട്ടി വെള്ളം റോഡിൽ പരന്നൊഴുകുകയാണ്. കനത്തചൂടിൽ എങ്ങും കുടിവെള്ളമില്ലാതെ ഉഴലുമ്പോഴാണ് വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥതയിൽ വെള്ളമിങ്ങനെ ഒഴുകിപ്പോകുന്നത്.
ചൊവ്വാഴ്ച രാവിലെതന്നെ പുതിയ ബസ് സ്റ്റാൻഡിൽനിന്ന് വൈസ്രോയി ഹോട്ടലിന് മുന്നിലൂടെയുള്ള ആനബാഗിലു റോഡിൽ ഇതുപോലെ പൈപ്പ് പൊട്ടി വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പ്രദേശവാസികൾ രാവിലെതന്നെ ബന്ധപ്പെട്ടവരെ ഇക്കാര്യമറിയിച്ചെങ്കിലും മൂന്നുമണിയോടുത്തിട്ടും വെള്ളമൊഴുക്ക് നിലച്ചിട്ടില്ല. സമീപത്തെ ഖാലിബിന്റെ വീട്ടുമുറ്റത്തേക്കാണ് ഇപ്പോൾ വെള്ളം ഒഴുകുന്നത്. വീട്ടുകാർ പറയുന്നത് രാവിലെ പത്ത് മണി മുതൽ തുടങ്ങിയതാണ് ഈ വെള്ളമൊഴുക്കെന്നാണ്.
ഇതുകാരണം പ്രദേശവാസികൾക്ക് ചൊവ്വാഴ്ച രാവിലെ മുതൽ പൈപ്പ് വഴിയുള്ള വെള്ളവുമെത്തുന്നില്ല. പുതിയ സ്റ്റാൻഡിലേക്കും തിരിച്ചും ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് ഈ വെള്ളക്കെട്ടുകാരണം വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടത്. കാൽനടക്കാരും മുട്ടോളം ചളിവെള്ളത്തിലായിരുന്നു യാത്ര. ‘വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ലത്രെ’ എന്നുപറഞ്ഞ പോലെയാണ് കാര്യങ്ങൾ.
വാട്ടർ അതോറിറ്റി പറയുന്നത്
പുതിയ ബസ് സ്റ്റാൻഡ് ഭാഗങ്ങളിലേക്കുള്ള വാൽവ് അടച്ചിട്ടുണ്ട്. ഇപ്പോൾ ഒഴുകുന്ന വെള്ളം പൈപ്പിൽ അവശേഷിക്കുന്ന വെള്ളമാണ്. വിദ്യാനഗർ മുതൽ ഇങ്ങോട്ട് 500ന്റെ പൈപ്പാണുള്ളത്. അപ്പോൾ സ്വാഭാവികമായും എത്ര വെള്ളമുണ്ടാകുമെന്ന് ഊഹിക്കാമല്ലോ. ഈ വെള്ളം ഒഴിഞ്ഞുപോയതിനുശേഷമേ റിപ്പയർ ചെയ്യാനാവുകയുള്ളൂ. വാൽവിന് തകരാറുണ്ട്. ദേശീയപാതയുടെ മേൽപാലം പണി കഴിഞ്ഞാൽ മാത്രമേ ഇതിന്റെ തകരാർ പരിഹരിക്കാൻ കഴിയുകയുള്ളൂ. യു.എൽ.സി.സി.എസിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.