എൻജിനീയറിങ് കോളജായിരുന്നു, ഇന്ന് സാമൂഹിക വിരുദ്ധരുടെ താവളം
text_fieldsബദിയടുക്ക: മികച്ച രീതിയിൽ തുടങ്ങിയ എൻജിനീയറിങ് കോളജിന്റെ ഇന്നത്തെ അവസ്ഥയിൽ പരിതപിക്കുകയാണ് ഒരു നാട്. മലയോര മേഖലയുടെ വിദ്യാഭ്യാസ മികവിന്റെ വിലാസമായി മാറാവുന്ന എൻജിനീയറിങ് കോളജ് കെട്ടിടവും സ്ഥലവും ഇന്ന് നാഥനില്ലാക്കളരിയായി.
പ്രവര്‍ത്തനം നിലച്ച കോളജ് കെട്ടിടം മദ്യ-മയക്കു മരുന്ന് സംഘത്തിന്‍റെ താവളമാണ്. പെര്‍ള ദേവലോകം സെന്‍റ് ഗ്രിഗോറിയസ് എൻജിനീയറിങ് കോളജ് കെട്ടിടമാണ് സാമൂഹികവിരുദ്ധർ കൈയടക്കിയത്. കെട്ടിടത്തില്‍ ആള്‍താമസമില്ലാത്തതും പൊലീസിന്‍റെ ശ്രദ്ധപതിയാത്തതും സാമൂഹിക വിരുദ്ധര്‍ക്ക് കാര്യങ്ങൾ എളുപ്പമാക്കി.
ഗ്രാമീണ മേഖലയിലെ വിദ്യാർഥികളുടെ ഉന്നമനം ലക്ഷ്യമിട്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പനമ്പള്ളി സെന്‍റ് ഗ്രിഗോറിയസ് ഓഹരി ഉടമകളിലൊരാളും മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന ടി.എസ്. ജോണിന്‍റെ ഉടമസ്ഥതയില്‍ 2014 ഫെബ്രുവരി 21നാണ് കോളജ് തുടങ്ങിയത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പെര്‍ള ദേവലോകത്ത് കോളജ് ഉദ്ഘാടനം ചെയ്തത്. 26 ഏക്കര്‍ സ്ഥലത്താണ് കോളജ്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ കോളജ് കാമ്പസിൽ കളിക്കളം, ഹോസ്റ്റല്‍ എന്നീ സൗകര്യങ്ങളും ഒരുക്കി. വിദ്യാർഥികള്‍ക്ക് ബസ് സൗകര്യവും ഏര്‍പ്പെടുത്തി.
സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്, കമ്യൂണിക്കേഷന്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു കോഴ്സുകൾ. ആദ്യ ബാച്ചില്‍ നൂറോളം വിദ്യാർഥികള്‍ക്ക് പ്രവേശനവും നല്‍കി. മികച്ച നിലയിലാണ് കോളജിന്റെ ആദ്യ കാലഘട്ടം. 2016 ജൂണ്‍ ഒമ്പതിന് കോളജ് സ്ഥാപകനായ ടി.എസ്. ജോണിന്റെ നിര്യാണത്തോടെ പ്രവര്‍ത്തനം നിലക്കുന്നതാണ് പിന്നീട് കണ്ടത്.
വിദ്യാർഥികളെ മറ്റു കോളജുകളിലേക്ക് മാറ്റി. ഇതോടെ കോളജ് കെട്ടിടം മാത്രമായി ഒതുങ്ങി. കെട്ടിടത്തില്‍ കാവല്‍ക്കാരനോ മറ്റു ജീവനക്കാരോ ഇല്ലാത്തതു മൂലം കമ്പ്യൂട്ടര്‍ ക്ലാസു മുറികളിലെ ഉപകരണങ്ങള്‍, ജനലുകള്‍, നിലത്ത് പാകിയിരുന്ന ടൈല്‍സ്, മറ്റു ഉപകരണങ്ങളെല്ലാം കളവു പോയി.
കെട്ടിടവും സ്ഥലവും വില്‍പനക്ക് വെച്ചിരുന്നുവെങ്കിലും കുടുംബക്കാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ മൂലം ആ ശ്രമം കോടതിയില്‍ എത്തി. ഇതോടെയാണ് മലയോര മേഖലയുടെ വിലാസമായി മാറേണ്ട കോളജ് സാമൂഹിക വിരുദ്ധരുടെ താവളമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.