അടച്ചിടാനെളുപ്പം തുറക്കാനാണ് പാട്...
text_fieldsകാസർകോട്: കുമ്പള ഗ്രാമപഞ്ചായത്തിലെ കഞ്ചിക്കട്ട-കൊടിയമ്മ പാലംവഴി ഗതാഗതം പൂർണമായി നിരോധിച്ചിട്ട് വർഷം ഒന്ന് പിന്നിടുന്നു. കഴിഞ്ഞവർഷം ഡിസംബറിലായിരുന്നു അപകടാവസ്ഥയിലായ പാലം കലക്ടർ ഇമ്പശേഖരൻ അടച്ചിടാൻ ഉത്തരവിറക്കിയത്. കഞ്ചിക്കട്ട പാലത്തിന്റെ ദുരിതാവസ്ഥയും കാലപ്പഴക്കവും നാട്ടുകാർ ചൂണ്ടിക്കാട്ടാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. നടപടിയില്ലാത്തതിൽ സഹികെട്ട നാട്ടുകാർ ആക്ഷൻ കമ്മിറ്റിയും കർമസമിതിയും രൂപവത്കരിച്ച് കലക്ടറേറ്റ് പടിക്കൽ ഉൾപ്പെടെ സമരപരിപാടികൾ സംഘടിപ്പിച്ചു. എ.കെ.എം. അഷ്റഫ് എം.എൽ.എ വിഷയം നിയമസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും നാട്ടുകാർ നിരന്തരമായി നിവേദനവും നൽകി. ഗതാഗത-ജലസേചനവകുപ്പ് ഉദ്യോഗസ്ഥസംഘം പ്രദേശം സന്ദർശിച്ചു. ഇതുകൊണ്ടൊന്നും പാലത്തിന്റെ പുനർനിർമാണത്തിന് പുരോഗതിയുണ്ടായില്ല. നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നതുപോലെ അടച്ചിടാൻ എളുപ്പമാണ് തുറക്കാനാണ് പാടെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
പാലത്തിന്റെ കോൺക്രീറ്റ് തൂണുകൾ ക്ഷയിച്ചതിനാൽ ഇരുമ്പുകമ്പികളും മറ്റും പുറത്തുകാണുന്ന അവസ്ഥയാണ്. പോരാത്തതിന് കൈവരികൾ സ്ഥാപിക്കാത്ത ജില്ലയിലെ ഏക പാലവുമാണ് കഞ്ചിക്കട്ടയുടേത്. ഇതിലൂടെ നേരത്തേ നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകുമായിരുന്നു. പോരാത്തതിന് നിരവധി സ്കൂൾ ബസുകളും. അപകടാവസ്ഥ മനസ്സിലാക്കിയാണ് കഴിഞ്ഞവർഷം പാലം അടച്ചിടാൻ കലക്ടർ ഉത്തരവിറക്കിയത്. ദുരന്തനിവാരണ നിയമം (2005) വിവിധ വകുപ്പുകൾ പ്രകാരമാണ് ഗതാഗതം നിരോധിച്ച് കലക്ടർ ഉത്തരവിറക്കിയത്.
1972ൽ സ്ഥാപിച്ചതാണ് പ്രസ്തുത പാലം. പാലത്തിന് അരനൂറ്റാണ്ട് പഴക്കമുണ്ട്. പ്രദേശങ്ങളിലെ ഗതാഗത സൗകര്യത്തിന് പുറമെ വേനൽക്കാലത്ത് കൃഷിയിടങ്ങളിലേക്ക് വെള്ളം കയറാതിരിക്കാനും കൃഷിക്കുവേണ്ടി വെള്ളം സംഭരിക്കാനുള്ള ആവശ്യത്തിനുമായിരുന്നു വി.സി.ബി സംവിധാനത്തോടുകൂടി പാലം നിർമിച്ചത്. നേരത്തേ ഇതിലൂടെ ബസ് സർവിസും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പാലം അപകടാവസ്ഥയിലായപ്പോൾ ബസ് സർവിസ് നിർത്തുകയായിരുന്നുവത്രെ. അതേസമയം, പാലത്തിലൂടെ ഇരുചക്രവാഹനങ്ങൾ നിരോധനം മറികടന്ന് ഇപ്പോൾ ഓടിത്തുടങ്ങിയിട്ടുണ്ട്. നിരോധനം ഏർപ്പെടുത്തി അധികൃതർ സ്ഥാപിച്ച കോൺക്രീറ്റ് തൂണുകൾ എടുത്തുമാറ്റിയാണ് ഇരുചക്രവാഹനങ്ങൾ ഓടുന്നത്. പാലം സന്ധ്യയായാൽ സാമൂഹികവിരുദ്ധരുടെ താവളമാണെന്നും ആക്ഷേപമുണ്ട്.
പാലം അടച്ചിടുമ്പോൾതന്നെ പകരം സംവിധാനം എന്തെന്ന് നാട്ടുകാർ അന്നേ ചോദിച്ചിരുന്നതാണ്. താഴെ കൊടിയമ്മ, കുണ്ടാപ്പ്, ചൂരിത്തടുക്ക, മളി, പറുവത്തടുക്ക, ഛത്രപള്ളം, ആരിക്കാടി എന്നിവിടങ്ങളിലെ യാത്രക്കാർക്ക് കുമ്പള ടൗണിലേക്ക് എളുപ്പത്തിലെത്താനുള്ള മാർഗമായിരുന്നു കഞ്ചിക്കട്ട-കൊടിയമ്മ പാലം.
ഇനിയും പാലത്തിന്റെ പുനർനിർമാണം നീളുന്നപക്ഷം പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാരും രാഷ്ട്രീയ സന്നദ്ധ സംഘടനകളും ഇതിനായി രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.