കെ-റെയിൽ: കാസർകോട് തന്ത്രം മാറ്റിപ്പിടിച്ച് കല്ലിടൽ
text_fieldsകാസർകോട്: കെ-റെയിൽ അതിരടയാള കല്ലിടാൻ ജില്ലയിൽ തന്ത്രം മാറ്റിപ്പിടിച്ച് ഉദ്യോഗസ്ഥ സംഘം. ആദ്യ ദിവസം കുറഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രദേശത്ത് എത്തി എതിർപ്പുകളും പ്രതിഷേധക്കാരുടെ അംഗബലവും എല്ലാം നേരിട്ടറിഞ്ഞശേഷം തിരിച്ചുപോവുകയാണ് രീതി. കാര്യങ്ങൾ മനസ്സിലാക്കിയശേഷം പിന്നീട് വൻ പൊലീസ് സന്നാഹത്തോടെ കല്ലിടൽ പൂർത്തീകരിക്കും. ഉദുമയിലും കീഴൂരിലും കഴിഞ്ഞ ദിവസങ്ങളിൽ കല്ലിട്ടത് ഈ തന്ത്രം പയറ്റിയാണ്.
നീലേശ്വരത്താണ് കെ-റെയിൽ പദ്ധതിക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യമായ പ്രതിഷേധം നടന്നത്. കെ-റെയിൽ വിരുദ്ധ സമിതി ജില്ല ഭാരവാഹികളായ അഡ്വ. കെ. രാജേന്ദ്രൻ, വി.കെ. വിനയൻ തുടങ്ങിയവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് അന്ന് കല്ലിടൽ നടന്നത്. നീലേശ്വരം കറുത്തഗേറ്റ് ഭാഗത്താണ് പ്രതിഷേധക്കാരെ നീക്കി ആദ്യ ദിവസം തന്നെ കല്ലിടൽ പൂർത്തിയാക്കി ഉദ്യോഗസ്ഥ സംഘം മടങ്ങിയത്.
ഇത്തരമൊരു സീൻ വേണ്ടെന്നാണ് പിന്നീട് സ്വീകരിച്ച നിലപാട്. ആദ്യം അനുനയമെന്ന രീതിയാണ് തുടർന്ന് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. കീഴൂരിൽ ഏതാനും പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കല്ലിടാൻ ആദ്യം ഉദ്യോഗസ്ഥർ എത്തിയത്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ ഇവരെ തടയുകയും സ്ഥാപിച്ച കല്ലുകൾ പിഴുതുമാറ്റുകയും ചെയ്തു.
പൊലീസും കെ-റെയിൽ ഉദ്യോഗസ്ഥരും മടങ്ങിപ്പോയതോടെ പ്രതിഷേധക്കാർ ആശ്വസിച്ചു. എന്നാൽ, പിറ്റേന്ന് പ്രതിഷേധക്കാരുടെ ഇരട്ടിയോളം പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥർ എത്തിയത്. ബേക്കൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സബ്ഡിവിഷനു കീഴിലെ മുഴുവൻ സി.ഐ, എസ്.ഐമാരും പൊലീസുകാർക്കും പുറമെ എ.ആർ. ക്യാമ്പിലെ സേനാംഗങ്ങളും സ്ഥലത്തെത്തി. സമരമൊന്നും കണ്ടുശീലമില്ലാത്ത സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രതിഷേധക്കാർ നിസ്സഹായരായി. കല്ലിടൽ സുഗമമായി പൂർത്തിയാക്കുകയും ചെയ്തു.
ഉദുമയിലും സമാന രീതിയാണ് സംഘം സ്വീകരിച്ചത്. ആദ്യ ദിവസം ഉദ്യോഗസ്ഥ സംഘത്തെ നേരിട്ട പ്രതിഷേധക്കാർ, നാട്ടിയ കല്ലുകൾ പിഴുത് മാറ്റുകയും ചെയ്തു. ദിവസങ്ങൾക്കകം വൻ പൊലീസ് പട വന്ന് കാര്യങ്ങൾ ഭംഗിയായി നിർവഹിച്ചു. ഊടു വഴികളിൽ വരെ പൊലീസിനെ നിലയുറപ്പിച്ചാണ് കല്ലിട്ടത്. പെരിലവളപ്പ്, വള്ളിയോട് പ്രദേശങ്ങളിലെ രണ്ട് കിലോ മീറ്ററിലേറെ സ്ഥലത്ത് അമ്പതോളം കല്ലുകളാണ് സ്ഥാപിച്ചത്.
പ്രതിഷേധക്കാരുടെ എണ്ണം കൂട്ടാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയാണ് സമരസമിതി. 24ന് തിരുവനന്തപുരത്ത് നടക്കുന്ന സമരസമിതി റാലിക്കുശേഷം സമരം വിപുലമാക്കാനാണ് തീരുമാനം. തിരുവനന്തപുരത്തെ റാലിക്ക് ജില്ലയിൽ തലേന്ന് മാത്രം നൂറുകണക്കിന് പേർ പുറപ്പെടും.
സമരക്കാരെ നിരീക്ഷിക്കാൻ ഭരണപക്ഷപാർട്ടികളുടെ സഹായവുമുണ്ടെന്ന് സമരസമിതിക്കാർ പറഞ്ഞു. സമരകൺവെൻഷനിൽ പങ്കെടുക്കുന്നവരെ പിന്തിരിപ്പിക്കാൻ എല്ലാ പ്രചാരണവും ഭരണപക്ഷ പാർട്ടികൾ പ്രദേശത്ത് നടത്തുന്നു.
ജില്ലയിൽ 48കിലോമീറ്ററിലാണ് സിൽവർ ലൈൻ പദ്ധതി കടന്നുപോകുന്നത്. വീടുകൾക്കു പുറമെ വയലുകളും കണ്ടൽകാടുകളും നീർത്തട ഭൂമിയും എല്ലാം ഏറ്റെടുക്കണം. യാർഡ് നിർമിക്കുന്ന കാസർകോട് അടുക്കത്ത് ബയൽ പ്രദേശത്ത് ഏക്കർ കണക്കിന് പാടശേഖരമാണ് ഏറ്റെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.