കണ്ണൂർ സർവകലാശാല കലോത്സവ നഗരിയിൽ പാളമുറപ്പിച്ച് കെ-റെയിൽ
text_fieldsനാടാകെ നടക്കുന്ന ചർച്ചകൾക്കും വിവാദങ്ങൾക്കുമിടെ കലോത്സവ നഗരിയിൽ കെ -റെയിൽ കുതിച്ചെത്തി. സ്റ്റേജിന മത്സരങ്ങൾ തുടങ്ങിയ മൂന്നാംദിവസമാണ് കെ -റെയിലിന്‍റെ വൻ മാതൃക കലോത്സവ വേദിയായ കാസർകോട് ഗവ. കോളജ് അങ്കണത്തിൽ സ്ഥാപിച്ചത്. മുഖ്യവേദി വഴി കടന്നുവരുന്ന ആർക്കും കാണാവുന്ന വിധമാണ് കെ -റെയിൽ തലയുയർത്തിനിൽക്കുന്നത്.
ഇടതു സർക്കാറിന്‍റെ അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച കെ -റെയിലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം അലയടിക്കുന്ന വേളയിലാണ് കെ-റെയിൽ മാതൃക സ്ഥാപിച്ചത്. ഇടതു വിദ്യാർഥി യുവജന സംഘടനകൾ സമൂഹ മാധ്യമങ്ങളിലും മറ്റുമായി കെ -റെയിൽ അനുകൂല പ്രചാരണം തുടങ്ങിയിട്ടുണ്ട്.
പണിതന്ന് പണിമുടക്ക്
കാസർകോട്: സ്വകാര്യ ബസ് പണിമുടക്ക് കലോത്സവത്തിനെത്തുന്നവർക്കും തിരിച്ചടിയായി. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ നൂറുകണക്കിന് മത്സരാർഥികൾ ഉൾപ്പെടെയുള്ളവർ ഏറെ പ്രയാസപ്പെട്ടാണ് കലോത്സവ നഗരിയിൽ എത്തിയത്.
കെ.എസ്.ആർ.ടി.സിയിലാകട്ടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മത്സരം കാണാൻ എത്തുന്നവരിൽ പലർക്കും യാത്ര റദ്ദാക്കേണ്ടിവന്നതായി ഇരിട്ടിയിൽനിന്നുള്ള കോളജ് അധ്യാപകൻ പറഞ്ഞു. ഉൾനാടുകളിൽനിന്ന് കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്താത്തതും തിരിച്ചടിയായി. അതേസമയം, മേളക്ക് എത്തിയവരിൽ നല്ലൊരു ശതമാനവും സ്വന്തം വാഹനവുമായി എത്തിയതിനാൽ ദേശീയപാതയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
സുരക്ഷക്ക് 500 പൊലീസുകാർ
കാസർകോട്: വി.വി.ഐ.പി സുരക്ഷയാണ് കലോത്സവ നഗരിക്ക്. മേളയുടെ സുഗമമായ നടത്തിപ്പിന് 500 പൊലീസുകാരെയാണ് നിയമിച്ചത്. നാല് ഡിവൈ.എസ്.പിമാർ, 12 സി.ഐമാർ, 60 എസ്.ഐമാർ എന്നിവർക്കു പുറമെ എ.ആർ ക്യാമ്പിലെ പൊലീസുകാരും ഉൾപ്പെടെയാണ് ഇത്രയും പേർ. സംസ്ഥാനതല മേളക്ക് നൽകുന്ന പ്രാധാന്യമാണ് സർവകലാശാല കലോത്സവത്തിന് നൽകിയത്.
ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർക്കാണ് ചുമതല. മുഖ്യപ്രവേശന കവാടം മുതൽ മുഴുവൻ സ്റ്റേജുകളിലും പൊലീസ് സാന്നിധ്യമുണ്ട്. ഗതാഗത നിയന്ത്രണം ഉൾപ്പെടെ റോഡിലും പൊലീസ് സന്നാഹമുണ്ട്. പുരുഷ, വനിത പൊലീസുകാർ മഫ്തിയിലും കാമ്പസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.