സിൽവർ ലൈൻ കാസർകോട് ജില്ലയിൽ കവരുന്നത് ഏക്കർ കണക്കിന് കണ്ടൽക്കാടുകൾ
text_fieldsകാസർകോട്: തിരുവനന്തപുരം- കാസർകോട് അർധ അതിവേഗ പാത സിൽവർ ലൈൻ പദ്ധതി ജില്ലയിൽ കവർന്നെടുക്കുന്നത് ഏക്കർ കണക്കിന് കണ്ടൽക്കാടുകൾ. ജില്ലയിൽ അവശേഷിക്കുന്ന കണ്ടൽച്ചെടികളിൽ നല്ലൊരുശതമാനവും പദ്ധതിയുടെ ഭാഗമായി ഇല്ലാതാവും. ചന്ദ്രഗിരി പുഴയോരത്തെ കീഴൂർ ഭാഗം, ജില്ലയുടെ അതിർത്തിപ്രദേശമായ ഒളവറപുഴയോരം, നൂമ്പിൽ പുഴയോരം എന്നിവിടങ്ങളിലായി ഏക്കർ കണക്കിന് കണ്ടൽക്കാടുകളും ചതുപ്പുനിലങ്ങളുമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. സാമൂഹികാഘാത പഠനത്തിനുശേഷമേ കൃത്യമായ കണക്ക് ലഭ്യമാകൂ.
ജില്ലയിൽ ഏറ്റവും മനോഹരമായ കണ്ടൽക്കാടുകൾ നിറഞ്ഞുനിൽക്കുന്ന പ്രദേശമാണ് ചന്ദ്രഗിരി പുഴയോരം. ചന്ദ്രഗിരി പുഴയുടെ കൈവഴിയിലെ കീഴൂർ ഭാഗത്ത് ദ്വീപ് പോലുള്ള മനോഹരമായ കണ്ടൽക്കാടാണ് പദ്ധതിയുടെ ഭാഗമായി നഷ്ടപ്പെടുന്നതിൽ ഏറ്റവും പ്രധാനം. സഞ്ചാരികൾക്ക് കൗതുകമുള്ള കണ്ടൽസമൃദ്ധമാണിവിടം. ഏകദേശം അഞ്ച് ഏക്കർ വിസ്തൃതിയിൽ കണ്ടൽ നിറഞ്ഞുനിൽക്കുന്നതാണ് ഇവിടം. ഇൗ പ്രദേശത്തിന് മധ്യത്തിലൂടെയാണ് നിർദിഷ്ട പാത കടന്നുപോകുന്നത്. ചന്ദ്രഗിരി പുഴയോരത്ത് ഏറ്റവും മനോഹരമായ കാഴ്ചാനുഭവം നൽകുന്നതാണ് ഇൗ കണ്ടൽക്കൂട്ടം. ഇതു കാണാൻ സഞ്ചാരികളും പ്രദേശത്ത് എത്താറുണ്ട്. വർഷക്കാലത്ത് സമീപത്തെ വീടുകളിൽ വെള്ളം കയറുന്നത് തടഞ്ഞുനിർത്തുന്നതിൽ ഇൗ കണ്ടൽക്കാടുകൾക്ക് നിർണായക പങ്കുണ്ട്. മൽസ്യമുൾെപ്പടെയുള്ള ജല ജീവികൾക്ക് സുരക്ഷിതമായി പ്രജനനം സാധ്യമാക്കുന്നത് ഇൗ കണ്ടൽചെടികൾക്കിടയിലാണ്.
വിവിധ തരത്തിലുള്ള പക്ഷികളും ഇവിടെയുണ്ട്. മണൽക്കടത്തുകൾ തോണി കൊണ്ടുപോകുന്നതിന് പലതവണ ഇവിടെ കണ്ടലുകൾ നശിപ്പിച്ചിട്ടുണ്ട്. നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരുടെയും നിരന്തര സംരക്ഷണത്തിലാണ് കണ്ടൽചെടികൾ നിലനിൽക്കുന്നത്. ആവാസ വ്യവസ്ഥയിൽ ഏറ്റവും പ്രധാനപ്പെട്ട ഇൗ കണ്ടൽക്കാടുകളാണ് സിൽവർ ലൈൻ പദ്ധതിയോടെ ഏറക്കുറെ പൂർണമായും ഇല്ലാതാവുക. ഒളവറ പുഴയോരത്ത് ഇത്രയില്ലെങ്കിലും കുറെ കണ്ടൽ ചെടികൾ വെട്ടിമാറ്റേണ്ടി വരും. നൂമ്പിൽ പുഴയോരത്ത് ഒരേക്കറിലധികം കണ്ടൽച്ചെടികളുണ്ട്. നീളത്തിലാണ് ഇവിടെ കണ്ടലുകളുള്ളത്.
കീഴൂർ ശാസ്തക്ഷേത്രം, കീഴൂർ ശ്രീകളരിയമ്പല ക്ഷേത്രം എന്നിവയുടെ നല്ലൊരുശതമാനം ഭാഗവും സിൽവർ ലൈൻ പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരും. പ്രദേശത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ഇൗമാസം 26ന് യോഗം ചേരുമെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.