വൻ പൊലീസ് സാന്നിധ്യത്തിൽ കെ റെയിൽ സർവേക്കല്ലുകൾ നാട്ടി
text_fieldsകാസർകോട്: നാട്ടുകാരുടെയും സ്ഥലമുടമകളുടെയും എതിർപ്പ് മറികടക്കാൻ വൻ പൊലീസ് സന്നാഹത്തോടെ കെ റെയിൽ ഉദ്യോഗസ്ഥർ സർവേക്കല്ലുകൾ നാട്ടി. പ്രതിഷേധം കാരണം ചൊവ്വാഴ്ച കല്ലിടൽ മുടങ്ങിയതിനെ തുടർന്നാണ് കൂടുതൽ പൊലീസുകാരെ വിന്യസിച്ച് കല്ലിടൽ നടത്തിയത്. പ്രതിഷേധക്കാരേക്കാൾ കൂടുതൽ പൊലീസുകാർ ആയതോടെ കല്ലിടൽ പ്രവൃത്തി ഉദ്ദേശിച്ചപോലെ നടക്കുകയും ചെയ്തു.
കാസർകോട് കീഴൂരിലാണ് കെ റെയിൽ ഉദ്യോഗസ്ഥർ പൊലീസ് സംരക്ഷണയിൽ കല്ലിടൽ പൂർത്തിയാക്കിയത്. ബുധനാഴ്ച രാവിലെ 11ഓടെ ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ നൂറോളം പൊലീസുകാരാണ് കീഴൂരിലെത്തിയത്. മേൽപറമ്പ് സി.ഐ പി. ഉത്തംദാസ്, ആദൂർ സി.ഐ അനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സർവ സന്നാഹത്തോടെയാണ് പൊലീസ് എത്തിയത്. പൊലീസ് വാഹനങ്ങളാൽ കീഴൂർ ശാസ്ത ക്ഷേത്രപരിസരം നിറഞ്ഞുകവിഞ്ഞു. വീട്ടമ്മമാരെ ഉൾപ്പെടെ കസ്റ്റഡിയിലെടുക്കാൻ വനിത പൊലീസും എത്തിയതോടെ പ്രദേശവാസികൾ നിസ്സഹായരായി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഗീത കൃഷ്ണന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. എന്നാൽ, കല്ലിടൽ തടഞ്ഞാലുണ്ടാകുന്ന പ്രയാസങ്ങളും മറ്റും ഡിവൈ.എസ്.പി പ്രതിഷേധക്കാരെ ആദ്യം തന്നെ ബോധ്യപ്പെടുത്തി. വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും പൊലീസ് നാട്ടുകാരോട് പറഞ്ഞു. വലിയ പ്രതിഷേധങ്ങൾക്കൊന്നും നാട്ടുകാരും ശ്രമിച്ചില്ല.
ചൊവ്വാഴ്ച രാവിലെ വന്ന ഉദ്യോഗസ്ഥർക്കുനേരെ നാട്ടുകാർ സംഘടിക്കുകയും സർവേക്കല്ലുകൾ നാട്ടുകാർ പിഴുതെറിയുകയും ചെയ്തിരുന്നു. കല്ലിടൽ ശ്രമം അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങുകയും ചെയ്തു. ഇതേ തുടർന്നാണ് കൂടുതൽ പൊലീസുമായി ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.