കാടിയംകുളം പദ്ധതി സർക്കാറിന് സമർപ്പിച്ചു
text_fieldsമൊഗ്രാൽ: മൊഗ്രാൽ കാടിയംകുളം സംരക്ഷിച്ച് നിലനിർത്തുന്നതിനും വയോജനങ്ങൾക്ക് വിശ്രമകേന്ദ്രം ഒരുക്കുന്നതിനുമായി ജല വിഭവ വകുപ്പ് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നടപ്പിലാക്കാനുള്ള ഒന്നേകാൽ കോടിയുടെ സമഗ്രപദ്ധതി സർക്കാറിന് സമർപ്പിച്ചു.
കുമ്പള ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ ഒരുവർഷമായി ജില്ല പഞ്ചായത്തുമായും ജലവിഭവ വകുപ്പുമായും ഇതുമായി ബന്ധപ്പെട്ടുവരുകയായിരുന്നു.
ജനപ്രതിനിധികൾക്ക് നിവേദനവും നൽകിയിരുന്നു. ഇതേത്തുടർന്ന് ജില്ല പഞ്ചായത്ത് ജലവിഭവ വകുപ്പിന് പദ്ധതിയെപ്പറ്റി പഠിക്കാൻ നിർദേശം നൽകുകയായിയുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നുതവണ പദ്ധതിപ്രദേശം ജലവകുപ്പ് അധികൃതർ സന്ദർശനം നടത്തിയാണ് പദ്ധതിക്ക് അന്തിമ രൂപംനൽകിയത്. ഇതിനായുള്ള എസ്റ്റിമേറ്റും തയാറാക്കി സർക്കാറിന് സമർപ്പിക്കുകയായിരുന്നു.
പദ്ധതി സർക്കാറിന്റെ സജീവ പരിഗണനയിലാണെന്നും അടുത്ത സാമ്പത്തിക വർഷാരംഭത്തിൽ തന്നെ പദ്ധതിക്ക് അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വാർഡ് മെംബർ കൂടിയായ റിയാസ് മൊഗ്രാൽ പറഞ്ഞു.
മൂന്നു പതിറ്റാണ്ടായി കാടിയംകുളം ശുദ്ധ ജലത്തിനായോ കൃഷിക്കായുള്ള ജലസേചനത്തിനോ ഉപയോഗപ്പെടുത്താനാവാതെ കാടുമുടി നശിക്കുന്ന അവസ്ഥയിലായിരുന്നു. പ്രസ്തുത പദ്ധതിക്കായി നേരത്തേ അരക്കോടി രൂപ ചെലവഴിച്ചിരുന്നുവെങ്കിലും പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനിടയിലാണ് ജലസേചനവകുപ്പിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.